
ഗീതാദര്‍ശനം - 398
Posted on: 25 Dec 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
ഈ രൂപം മുന്‍പാരും കണ്ടതല്ല എന്നു പറയുന്നത് ശരിയല്ലെന്നും തോന്നാം. ജനിച്ച ഉടനെ ഭഗവാന്‍ നന്ദഗോപന് തന്റെ വൈഷ്ണവമായ രൂപം കാണിച്ചുകൊടുത്തില്ലേ? യശോദ ബാലകൃഷ്ണന്റെ വായില്‍ വിശ്വരൂപം കണ്ടുവല്ലോ. പക്ഷേ, ഇവരാരും കണ്ട രൂപമല്ല, സൃഷ്ടിസ്ഥിതിസംഹാരകര്‍ത്താവിന്റെ ഉഗ്രരൂപമാണ് അര്‍ജുനന്‍ കാണുന്നത്. 'ഇദം' (ഈ) രൂപം മുന്‍പാരും കണ്ടിട്ടില്ല.
ധ്യാനയോഗത്തെ സംബന്ധിക്കുന്ന രണ്ട് രഹസ്യങ്ങള്‍ ഈ പദ്യത്തിലുണ്ട്. ഒന്ന്, ഓരോ ആളും ധ്യാനിച്ചെത്തുന്ന ദര്‍ശനം വെവ്വേറെ ആയിരിക്കുമെന്ന മുന്നറിയിപ്പ്. ഓരോ ജീവനിലെയും വാസനകളാണ് ആ ദര്‍ശനത്തെ രൂപപ്പെടുത്തുന്നത്. പ്രതിജനഭിന്നമാണ് ഈ വാസനാസഞ്ചയം. ജീവപരിണാമത്തിലെ ബഹുസ്വരതയുടെ ഫലംകൂടിയാണ് ഈ വൈജാത്യം. പേര് ഒന്നുതന്നെയെന്നാലും, ഓരോ അടുക്കളയിലെയും സാമ്പാറിന് ഓരോ സ്വാദാണെന്ന കാര്യം അനുഭവമല്ലേ? അതിനാല്‍, ഒരാള്‍ ഉണ്ടാക്കിയെടുത്ത കാഴ്ച കിട്ടാന്‍ മറ്റൊരാള്‍ ശ്രമിച്ചിട്ട് പ്രയോജനമില്ല. അവനവന് കിട്ടുന്നത് പ്രത്യേകമായിരിക്കും. ഒരാള്‍ക്കു ലഭിക്കുന്ന ധ്യാനാനുഭവം അയാള്‍ക്ക് മാത്രമുള്ളതാണ്. വാസ്തവത്തില്‍ അരൂപിയാണല്ലോ ഈശ്വരന്‍.
രണ്ടാമത്തെ രഹസ്യം പരമാത്മകാരുണ്യത്തെക്കുറിച്ചുള്ളതാണ്. ധ്യാനവിജയം ഈ പ്രസാദത്തെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. യോഗം എന്നത് ഒരു ചേര്‍ച്ചയാണല്ലോ. തമ്മില്‍ ചേരുന്ന രണ്ടും സന്നദ്ധമാകാതെ ആ ചേര്‍ച്ച നടക്കില്ല. പശു ചുരത്തിയാലല്ലേ പാല്‍ കറക്കാനാവൂ? അതിനല്പം ശുശ്രൂഷ വേണം. പരമാത്മാവിനെ പ്രീണിപ്പിക്കാനാവില്ല എന്നിരിക്കെ ആര്‍ക്കാണ് ഈ ശുശ്രൂഷ വേണ്ടത്? അവനവനിലെ ആത്മചൈതന്യത്തിനുതന്നെ. അതിനെ ഉണര്‍ത്തി പരമാത്മസ്വരൂപത്തോടുള്ള സ്‌നേഹവിശ്വാസങ്ങള്‍കൊണ്ട് സജ്ജമാക്കണം. അത് പ്രസാദിച്ചാല്‍ യോഗം സാധിക്കും. കാരണം, അതുതന്നെയാണ് ഇതും! അവനവനിലെ ആത്മചൈതന്യം സജ്ജമായിക്കിട്ടിയാലത്തെ ഭാവത്തെയാണ് ഭക്തി എന്നു പറയുന്നത്. അതിന്റെ സര്‍വപ്രകാരേണയുള്ള പ്രാധാന്യത്തെക്കുറിച്ചാണ് അടുത്ത ശ്ലോകം.
(തുടരും)





