githadharsanam

ഗീതാദര്‍ശനം - 397

Posted on: 23 Dec 2009

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം


ശ്രീഭഗവാനുവാച-
മയാ പ്രസന്നേന തവാര്‍ജുനേദം
രൂപം പരം ദര്‍ശിതമാത്മയോഗാത്
തേജോമയം വിശ്വമനന്തമാദ്യം
യന്മേ ത്വദന്യേന ന ദൃഷ്ടപൂര്‍വം
ശ്രീഭഗവാന്‍ പറഞ്ഞു-

അര്‍ജുനാ, (നിന്നില്‍) പ്രസന്നനായി ഞാന്‍ സ്വന്തം യോഗശക്തിയാല്‍ ഈ ഉത്കൃഷ്ടമായ രൂപം നിനക്ക് കാട്ടിത്തന്നു. എന്റെ പ്രകാശമാനവും അനന്തവും (എല്ലാറ്റിനും) മുന്‍പേ ഉള്ളതും വിശ്വാത്മകവുമായ ഈ രൂപം നീയല്ലാതെ ആരും മുന്‍പൊരിക്കലും കണ്ടിട്ടില്ല.
'നിനക്ക് കാണാനാഗ്രഹമുള്ളതെല്ലാം കണ്ടുകൊള്ളുക' എന്നാണ് കൃഷ്ണന്‍ അര്‍ജുനന് വിശ്വരൂപദര്‍ശനത്തിലേക്കു നല്‍കിയ വരവേല്പ്. യുദ്ധത്തിന്റെ പരിണതി മുന്‍കൂട്ടി കാണാന്‍ അര്‍ജുനന്‍ ആഗ്രഹിച്ചിരുന്നിരിക്കാം. അതു കാണുകയുമുണ്ടായി. പക്ഷേ, തുടര്‍ന്ന് അര്‍ജുനന്‍ കാണാനിടയായ ഘോരസംഹാരരൂപം അര്‍ജുനനെത്തന്നെ ഭയപ്പെടുത്തിക്കളഞ്ഞു. 'ഇത് കണ്ടത് മതി! പേടികൊണ്ട് എന്റെ പ്രാണന്‍ പോകും!' എന്ന് കരയുന്ന അവസ്ഥയിലേക്ക് തന്റെ പ്രിയസുഹൃത്തിനെ കൃഷ്ണന്‍ നയിച്ചതെന്തിന്?
പരമമായ യാഥാര്‍ഥ്യം അപ്രിയകരവും അതിഭീകരവുമാണ്. ഈ പ്രപഞ്ചം അപ്പാടെ ചാക്രികമായി ഉടച്ചു വാര്‍ക്കപ്പെടുന്നു എന്നതാണ് അത്. ഉണ്ടായതില്‍ ഒന്നും, അണുപോലും, ശേഷിക്കില്ല. ആ ദീര്‍ഘകാലപരിണതിയിലെ നൈമിഷികമായ താത്കാലികാവസ്ഥയില്‍ (ഒരു ജീവിതത്തില്‍) ഏതൊരാള്‍ക്കും ഇഷ്ടങ്ങളും അനിഷ്ടങ്ങളും സംഭവിക്കാം. ആസന്നഭാവിയിലെ ഇഷ്ടങ്ങള്‍ മുന്‍കൂട്ടി കാണാന്‍ ഈശ്വരപ്രസാദത്താല്‍ ഒരാള്‍ക്ക് അഥവാ അവസരം കിട്ടിയാല്‍ അതോടൊപ്പം ഈ വിശ്വചക്രം തിരിക്കുന്ന ശക്തിയുടെ പേടിപ്പെടുത്തുന്ന സംഹാരമുഖംകൂടി അയാള്‍ കണ്ടല്ലേ തീരൂ? നടക്കുന്നതെന്തെന്ന് കാണുന്ന ആള്‍ അതിന്റെ നടത്തിപ്പുകാരന്റെ മുഴുരൂപം കാണേണ്ടിവരുന്നു.

(തുടരും)



MathrubhumiMatrimonial