വരയാടുകളുടെ വെബ്‌സൈറ്റിന് ബ്രിട്ടാനിക്കയുടെ അംഗീകാരം

Posted on: 22 Dec 2009

-പി.എസ്.രാകേഷ്‌



വംശനാശഭീഷണി നേരിടുന്ന വരയാടുകളെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ വെബ്‌സൈറ്റ് രാജ്യാന്തരശ്രദ്ധനേടുന്നു. മുന്‍വനംവകുപ്പുദ്യോഗസ്ഥന്‍ മോഹന്‍ അലമ്പത്ത് ഒരുക്കിയ ഈ വെബ്‌സൈറ്റ് ഉള്ളടക്കത്തിലെ സമഗ്രതയ്ക്കുള്ള ബ്രിട്ടാനിക്ക ബെസ്റ്റ് വെബ്‌സൈറ്റ് ബഹുമതി നേടിക്കഴിഞ്ഞു. അപൂര്‍വവന്യമൃഗമായ വരയാടുകളെക്കുറിച്ചുള്ള മുഴുവന്‍ വിശദാംശങ്ങളും ലഭ്യമാക്കുന്ന ലോകത്തിലെ ഒരേയൊരു വിവരസ്രോതസാണിത്.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ മോഹന്‍ കഴിഞ്ഞ മുപ്പതുവര്‍ഷമായി വരയാടുകളെക്കുറിച്ച് പഠനം നടത്തിവരികയാണ്. 1978-ല്‍ ഇരവികുളം വന്യജീവി സങ്കേതത്തില്‍ അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനായി ജോലിക്ക് കയറിയ അന്നുമുതല്‍ തുടങ്ങിയതാണ് വരയാടുകേളാടുള്ള കമ്പം.

2001-ല്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി വിരമിക്കുംവരെ വരയാടുകളുടെ സംരക്ഷണത്തിനായി ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചു. വംശനാശഭീഷണിനേരിടുന്ന മൃഗങ്ങളുടെ പട്ടികയായ റെഡ്ബുക്കിലുള്ള വരയാടുകളെക്കുറിച്ചുള്ള നിരവധി അന്താരാഷ്ട്ര ശില്പശാലകളില്‍ പങ്കെടുക്കുകയും ചെയ്തു.

വരയാടുകളെക്കുറിച്ചുള്ള സംശയങ്ങളുമായി തന്നെ സമീപിക്കുന്ന ഗവേഷകവിദ്യാര്‍ഥികളുടെ സൗകര്യത്തിനാണ് വെബ്‌സൈറ്റ് സ്ഥാപിച്ചതെന്ന് മോഹന്‍ പറയുന്നു. തികച്ചും അക്കാദമിക് സ്വഭാവം കാത്തുസൂക്ഷിക്കുന്ന സൈറ്റില്‍ വരയാടുകളുടെ ശാസ്്ത്രീയനാമം തൊട്ടു പ്രജനനരീതികള്‍ വരെയുണ്ട്. 2008-ലാണ് തുടങ്ങിയത്. വിവരങ്ങളുടെ ആധികാരികത പരിശോധിച്ച ശേഷം എന്‍സൈക്‌ളോപീഡിയ ബ്രിട്ടാനിക്ക പ്രഖ്യാപിക്കുന്ന അവാര്‍ഡിന് ആ വര്‍ഷം തന്നെ വെബ്‌സൈറ്റ് അര്‍ഹമാകുകയും ചെയ്തു. വരയാടുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇതുവരെയുള്ള പഠനങ്ങളും വെബ്‌സൈറ്റില്‍ നിന്നറിയാം.

ലോകത്ത് നീലഗിരി താര്‍, ഹിമാലയന്‍ താര്‍, അറേബ്യന്‍ താര്‍ എന്നീ വിഭാഗങ്ങളിലായി ആകെ കുറച്ചു കാട്ടാടുകളേ ബാക്കിയുള്ളൂ എന്ന് മോഹന്‍ പറയുന്നു. അംഗസംഖ്യ രണ്ടായിരത്തില്‍ കുറവുള്ള നീലഗിരി വരയാടുകള്‍ വംശനാശഭീഷണിയിലാണ്. കേരളത്തില്‍ സഹ്യാദ്രിസാനുക്കളായ മൂന്നാര്‍, ഇരവികുളം ഭാഗങ്ങളില്‍ മാത്രമാണ് വരയാടുകളെ കണ്ടുവരുന്നത്. പാറക്കൂട്ടങ്ങളും പുല്‍മേടുകളും ഒരുമിച്ചുള്ള സ്ഥലങ്ങളില്‍ മാത്രമേ ഇവ ജീവിക്കാറുള്ളൂ. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന വരയാടുകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം പുതുതലമുറയെ ബോധ്യപ്പെടുത്തുക കൂടി വെബ്‌സൈറ്റിന്റെ ലക്ഷ്യമാണെന്ന് മോഹന്‍ വ്യക്തമാക്കി.

വംശനാശം നേരിടുന്ന വന്യജീവികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തരസംഘടനയായ ഐ.യു.സി.എന്നിലെ അംഗമാണ് മോഹന്‍. കാട്ടാടുകളെക്കുറിച്ച് ഈയിടെ സ്‌പെയിനില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയസമ്മേളനത്തില്‍ പ്രബന്ധമവതരിപ്പിക്കാനും ഇദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. ഈ സമ്മേളനത്തിന്റെ സംഘാടനത്തിലും വരയാടുകളുടെ സംരക്ഷണത്തിലും നല്‍കിയ സേവനം മാനിച്ച് ഇത്തവണ സ്​പാനിഷ് പരിസ്ഥിതി വകുപ്പ് അദ്ദേഹത്തെ സര്‍ക്കാര്‍ അതിഥിയായി സ്വീകരിച്ച് ആദരിച്ചിരുന്നു.

ഇന്ത്യയില്‍ നിന്ന് ഈ സംഘടനയിലുള്ള ഏക വനംവകുപ്പ് ഉദ്യോഗസ്ഥനുമാണ് വിരമിച്ച ശേഷവും മോഹന്‍. ഇപ്പോള്‍ ഡോ. ഈസയുമായി ചേര്‍ന്ന് തമിഴ്‌നാട് സര്‍ക്കാറിനുവേണ്ടി വരയാടുകളുടെ സംരക്ഷണത്തിനായുള്ള കര്‍മപദ്ധതി രൂപപ്പെടുത്തുന്ന തിരക്കിലാണ് മോഹന്‍. ജന്മദേശം കോഴിക്കോടാണെങ്കിലും ഇപ്പോള്‍ എറണാകുളം തൃപ്പൂണിത്തുറയിലാണ് മോഹന്‍ അലമ്പത്ത് കുടുംബസമേതം കഴിയുന്നത്.





MathrubhumiMatrimonial