
ഗീതാദര്‍ശനം - 396
Posted on: 21 Dec 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
കിരീടിനം ഗദിനം ചക്രഹസ്തം
ഇച്ഛാമി ത്വാം ദ്രഷ്ടുമഹം തഥൈവ
തേനൈവ രൂപേണ ചതുര്‍ഭുജേന
സഹസ്രബാഹോ ഭവ വിശ്വമൂര്‍ത്തേ
അപ്രകാരം (മുന്‍പെന്നപോലെ) തന്നെ, കിരീടമണിഞ്ഞ്, ഗദയേന്തി, ചക്രപാണിയായി അങ്ങയെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആയിരം കൈയുള്ളവനേ, ജഗത്സ്വരൂപാ, നാലു കൈകളോടുകൂടിയ ആ രൂപംതന്നെ കൈക്കൊണ്ടാലും.
ചതുര്‍ഭുജനായ വിഷ്ണു എന്ന വൈദികസങ്കല്പത്തിന്റെ പ്രതീകാത്മകസ്വഭാവം മുന്‍പൊരിക്കല്‍ ചിന്താവിഷയമായതാണല്ലോ. അര്‍ജുനന്റെ സങ്കല്പത്തില്‍ പരമാത്മാവിന്റെ ചിരപ്രതിഷ്ഠിതരൂപം അതായിരുന്നു. ആ രൂപം കൈക്കൊണ്ടു കാണണമെന്നാണ് ആഗ്രഹം.
താന്‍ ഏതു രൂപത്തിലാണോ ഈശ്വരനെ ആരാധിക്കുന്നത്, ഈശ്വരന്‍ ആ രൂപത്തില്‍ തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു കാണാന്‍ ഓരോ ആരാധകനും ആശിക്കുന്നു. ദേവന്‍മാരുടെയും ദേവിമാരുടെയും ശിവകാശിയില്‍ അച്ചടിച്ച ചിത്രങ്ങള്‍ കണ്ടു പരിചയിച്ച നമ്മില്‍ പലരും ആ രൂപങ്ങളില്‍ അവര്‍ അവതരിച്ചു കാണാന്‍ ആശിച്ചുപോകാറുണ്ടല്ലോ. ആ ആശ മൂത്താല്‍, ആ ചിത്രം മുന്നിലൊരു കാഴ്ചയായി പ്രത്യക്ഷപ്പെട്ടുകൂടായ്കയുമില്ല. പക്ഷേ, അര്‍ജുനന്‍ 'വിശ്വരൂപ'മായി ഇപ്പോള്‍ കണ്ടത് അത്തരമൊരു രൂപമല്ല.
വിഗ്രഹം, ചിത്രം, സാളഗ്രാമം എന്നിങ്ങനെ വിവിധങ്ങളായ ഉപാധികളുടെ രൂപത്തില്‍ ഈശ്വരനെ സങ്കല്പിക്കാം. കാരണം, എല്ലാ നാമരൂപങ്ങളും ഈശ്വരന്‍േറതുതന്നെ. പക്ഷേ, പരംപൊരുള്‍ അരൂപിയാണ്. 'കാണുക' എന്ന സംഗതിക്ക് വഴങ്ങാത്ത ഉരുവമാണ്. ദര്‍ശിക്കാനാവുക അതിന്റെ ഭാവങ്ങള്‍ മാത്രം. സങ്കല്പവും ഒരര്‍ഥത്തില്‍ യാഥാര്‍ഥ്യമാണ് എന്ന തലത്തിലല്ലാതെ ചിത്രപടങ്ങളില്‍ കാണുന്ന രൂപങ്ങള്‍ക്ക് അസ്തിത്വമില്ല എന്നു നിശ്ചയം.
(തുടരും)





