
കോപ്പന്‍ഹേഗന്‍ കരാര്‍ വികസ്വര രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും
Posted on: 20 Dec 2009
-കെ.കെ.സുബൈര്‍

ന്യൂഡല്‍ഹി: പേരിനൊരു കരാറൊപ്പിച്ച് കോപ്പന്‍ഹേഗന്‍ ഉച്ചകോടി സമാപിച്ചത് ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍.
ഇതൊരു നല്ല കരാറാണെന്ന് പരിസ്ഥിതി മന്ത്രി ജയറാം രമേശ് അഭിപ്രായപ്പെട്ടത് നിര്‍ബന്ധിത സാഹചര്യത്തിലുള്ള ഔദ്യോഗികഭാഷ്യമായേ കാണാനാവൂ. കരാറിന്റെ ഉള്ളടക്കം വികസ്വര രാജ്യങ്ങളുടെ മിക്ക ആവശ്യങ്ങളും നിരസിക്കുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു.
കാര്‍ബണ്‍ വ്യാപനനിയന്ത്രണം നിയമബന്ധിതമാക്കാത്തതും ക്യോട്ടോ ഉടമ്പടി പാടേ അവഗണിച്ചതുമാണ് ഇന്ത്യക്കും ഇതര വികസ്വര രാജ്യങ്ങള്‍ക്കും തിരിച്ചടിയാകുന്നത്. അവസാന നിമിഷം അമേരിക്ക വെച്ചുനീട്ടിയ സാമ്പത്തിക സഹായം മാത്രമാണ് ഏക ആശ്വാസം. എന്നാല്‍ രണ്ടു ഘട്ടങ്ങളിലായി വികസ്വര രാജ്യങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത 13,000 കോടി ഡോളറില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്നത് നാമമാത്രമായ തുകയായിരിക്കും.
ആഗോളതാപനം രണ്ട് ഡിഗ്രി സെല്‍ഷ്യസായി കുറയ്ക്കുമെന്നാണ് കരാറിലെ പ്രധാന വ്യവസ്ഥ. എന്നാല്‍ കാര്‍ബണ്‍ വ്യാപനം സംബന്ധിച്ച് വികസിത രാജ്യങ്ങള്‍ നിയമപരമായ ബാധ്യതയേറ്റെടുക്കാന്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ ഇനിയും ചര്‍ച്ച തുടരാമെന്ന് മാത്രമാണ് കരാറില്‍ പറയുന്നത്. ഫലത്തില്‍ ക്യോട്ടോ ഉടമ്പടിക്ക് ഇതുവഴി ചരമഗീതം രചിക്കപ്പെട്ടു.
ഏറ്റവും കൂടുതല്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്ന വികസിത രാജ്യങ്ങള്‍ അത് കുറയ്ക്കാന്‍ തയ്യാറല്ലെന്നാണ് കോപ്പന്‍ഹേഗന്റെ ബാക്കിപത്രം. ഇതുമൂലം ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍, ചെയ്യാത്ത കുറ്റത്തിന് വീണ്ടും ശിക്ഷിക്കപ്പെടുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
അമേരിക്ക ഒരു വര്‍ഷം പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങള്‍ 640 കോടി ടണ്ണാണ്. പ്രതിശീര്‍ഷ ബഹിര്‍ഗമനം 21 ടണ്ണും. യൂറോപ്യന്‍ യൂണിയന്‍േറത് 503 കോടി ടണ്‍ വരും. പ്രതിശീര്‍ഷ ബഹിര്‍ഗമനം 5.5 ടണ്ണും. ജപ്പാന്റെ പ്രതിശീര്‍ഷ ബഹിര്‍ഗമനം 11 ടണ്‍വരും. എന്നാല്‍ ഇന്ത്യയുടെ വാര്‍ഷിക പുറന്തള്ളല്‍ കേവലം 140 കോടി ടണ്‍ മാത്രമാണ്. പ്രതിശീര്‍ഷ ബഹിര്‍ഗമനം 1.2 ടണ്ണും. അതായത്, ഇന്ത്യയേക്കാള്‍ അഞ്ചിരട്ടിയിലേറെ അമേരിക്ക കാര്‍ബണ്‍ പുറന്തള്ളുന്നുണ്ട്. പ്രതിശീര്‍ഷ കണക്കില്‍ ഇന്ത്യയുടേതിനേക്കാള്‍ 17 മടങ്ങ് കാര്‍ബണ്‍ അമേരിക്ക പുറത്തേക്കുവിടുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളുടെ കാര്‍ബണ്‍ വ്യാപനം ഇന്ത്യയുടേതിനേക്കാള്‍ കുറവാണ്. ഹരിതഗൃഹവാതകങ്ങള്‍ എവിടെ പുറന്തള്ളിയാലും ലോകം മുഴുവന്‍ പരക്കുന്നതുകൊണ്ട് വികസിത രാജ്യങ്ങളുടെ കുറ്റഭാരം വികസ്വര രാജ്യങ്ങള്‍ ചുമക്കേണ്ടിവരുമെന്നര്‍ഥം. ഒരിക്കല്‍ പുറന്തള്ളിയ കാര്‍ബണ്‍ വാതകങ്ങള്‍ നൂറിലേറെ വര്‍ഷം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമെന്നാണ് ശാസ്ത്രീയ പഠനം തെളിയിക്കുന്നത്.
നിയമപ്രാബല്യമില്ലാത്ത കരാറോടെ കോപ്പന്‍ഹേഗന്‍ ഉച്ചകോടി
കരാര്‍ ഏകപക്ഷീയമെന്ന് ലാറ്റിനമേരിക്ക




