നിയമപ്രാബല്യമില്ലാത്ത കരാറോടെ കോപ്പന്‍ഹേഗന്‍ ഉച്ചകോടി പിരിഞ്ഞു

Posted on: 20 Dec 2009



കോപ്പന്‍ഹേഗന്‍: പരാജയത്തിലേക്ക് വഴുതിയ അന്തിമഘട്ടത്തില്‍ നാടകീയമായി നിയമപ്രാബല്യമില്ലാത്ത ഒരു കരാറുണ്ടാക്കി കോപ്പന്‍ഹേഗന്‍ ഉച്ചകോടിക്ക് സമാപനം. ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ചൈന എന്നീ വന്‍കിട വികസ്വരരാഷ്ട്രസംഘത്തിന്റെ യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മധ്യസ്ഥതയിലാണ് ഈ രാഷ്ട്രീയക്കരാര്‍ ഉണ്ടാക്കിയത്.

കരാര്‍ സംബന്ധിച്ച് സമവായത്തിലെത്താന്‍ കഴിയാഞ്ഞതോടെ മടങ്ങാനൊരുങ്ങിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഒബാമയുമടക്കമുള്ളവര്‍ തിരിച്ചെത്തിയാണ് 60 മിനിറ്റുകൊണ്ട് അനുരഞ്ജനത്തിലെത്തി മുഖം രക്ഷിച്ചത്. കരാറിനെ പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഉച്ചകോടി സമാപിച്ചത്. നിയമപ്രാബല്യമുള്ള കരാറിന്റെ തുടക്കമായി ഐക്യരാഷ്ട്രസഭ ഇതിനെ സ്വാഗതം ചെയ്തപ്പോള്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും മറ്റ് ദരിദ്രരാഷ്ട്രങ്ങളും കരാറിനെ തള്ളി.

തികച്ചും നാടകീയമായാണ് ഇന്ത്യ ഉള്‍പ്പെടുന്ന രാഷ്ട്രസംഘത്തോടൊപ്പം ഒബാമയും കൂടിയാലോചനയില്‍ പങ്കാളിയായത്. എന്നാല്‍ മറ്റു ചില വികസ്വരരാജ്യങ്ങളും ദരിദ്രരാജ്യങ്ങളും കടുത്ത എതിര്‍പ്പുയര്‍ത്തിയതിനാല്‍ അന്തിമധാരണയിലെത്താന്‍ ഉച്ചകോടിക്ക് കഴിഞ്ഞിട്ടില്ല.

അടുത്ത വര്‍ഷത്തോടെ ഈ കരാര്‍ നിയമപ്രാബല്യമുള്ളതാക്കിമാറ്റുമെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രഖ്യാപിച്ചു. എന്നാല്‍ മൂന്നു പേജുകളുള്ള കരാറിലെ സുപ്രധാന തീരുമാനമായ ആഗോളതാപനം രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാക്കുകയെന്നതുപോലും ഔപചാരിക ലക്ഷ്യമല്ലെന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

യു.എസ്സിന്റെ മധ്യസ്ഥതയില്‍ തിരക്കിട്ടുണ്ടാക്കിയ കരാറില്‍ ഓസ്‌ട്രേലിയയും ബ്രിട്ടനും ഫ്രാന്‍സും കടുത്ത അതൃപ്തി അറിയിച്ചു. ചില രാജ്യങ്ങളുടെ സാമ്പത്തികാധിനിവേശം നിലനിര്‍ത്താന്‍ വേണ്ടിയുള്ളതാണ് ഈ കരാറെന്ന് ആഫ്രിക്കന്‍ രാജ്യങ്ങള്‍ കുറ്റപ്പെടുത്തി.

ലോക വന്‍ശക്തിയായി മാറുന്ന ചൈനയുടെ സാമ്പത്തികതാത്പര്യങ്ങളാണ് ഈ അനുരഞ്ജനത്തിലൂടെ നടപ്പാക്കിയതെന്ന് പരിസ്ഥിതിപ്രവര്‍ത്തകരും ആരോപിച്ചു.

2012ല്‍ കാലാവധി തീരുന്ന ക്യോട്ടോ ഉടമ്പടിയുടെ തുടര്‍ച്ച, ബാലി പ്രവര്‍ത്തനപദ്ധതിയുടെ ഭാവി എന്നിവ സംബന്ധിച്ച് ഒരു ധാരണയിലുമെത്താന്‍ ഉച്ചകോടിക്ക് കഴിഞ്ഞില്ല. ഇത് ക്യോട്ടോ ഉടമ്പടിക്ക് കീഴിലുണ്ടായിരുന്ന സമ്പന്നരാഷ്ട്രങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ രക്ഷാമാര്‍ഗമൊരുക്കുകയാണെന്നും വിമര്‍ശനമുണ്ട്. കാര്‍ബണ്‍ വ്യാപനനിയന്ത്രണം നിയമവിധേയമാക്കാത്തതുകൊണ്ടും വികസിതരാജ്യങ്ങള്‍ക്കാണ് നേട്ടം.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം നല്ല കരാറാണ് ഉണ്ടാക്കാനായതെന്ന് പരിസ്ഥിതിമന്ത്രി ജയറാം രമേഷ് പറഞ്ഞു. ഇന്ത്യ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിട്ടില്ലെന്നും അടിസ്ഥാനാവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടെന്നും പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതന്‍ ശ്യാംശരണ്‍ പറഞ്ഞു.

കരാറില്‍ പറയുന്നത്


ആഗോളതാപനം രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ ഉയരാതെ പരിമിതപ്പെടുത്തും.

2010 ഫിബ്രവരിയോടെ സമ്പന്നരാജ്യങ്ങള്‍ അവരുടെ കാര്‍ബണ്‍ ബഹിര്‍ഗമനം വെട്ടിക്കുറയ്ക്കുന്നത് എത്രയെന്ന് തീരുമാനിക്കണം.

ദരിദ്രരാഷ്ട്രങ്ങള്‍ക്ക് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 3000 കോടി ഡോളറിന്റെ അടിയന്തരസഹായം, 2020-ഓടെ 10,000 കോടി ഡോളറിന്റെ ഉപാധികളില്ലാത്ത സഹായം.

വികസിതരാജ്യങ്ങള്‍ കാര്‍ബണ്‍ വ്യാപനം 2020-ഓടെ 1990-ലെ തോതനുസരിച്ച് 25 ശതമാനം കുറയ്ക്കണം.

കാര്‍ബണ്‍ വ്യാപനം വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള നടപടികള്‍ നിരീക്ഷിക്കാന്‍ ആഭ്യന്തര സ്ഥാപനങ്ങള്‍ വേണം. അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചചെയ്യാമെങ്കിലും രാഷ്ട്രങ്ങളുടെ പരമാധികാരത്തില്‍ ഇടപെടില്ല.


കരാറിലെത്താനാകാതെ കാലാവസ്ഥാ ഉച്ചകോടി
കോപ്പന്‍ഹേഗനിലേക്ക് നീളുന്ന വഴികള്‍
കാലാവസ്ഥാവ്യതിയാനം - ചരിത്രം



MathrubhumiMatrimonial