githadharsanam

ഗീതാദര്‍ശനം - 395

Posted on: 20 Dec 2009

സി. രാധാകൃഷ്ണന്‍



അദൃഷ്ടപൂര്‍വം ഹൃഷിതോശസ്മി ദൃഷ്ട്വാ
ഭയേന ച പ്രവ്യഥിതം മനോ മേ
തദേവ മേ ദര്‍ശയ ദേവ രൂപം
പ്രസീദ ദേവേശ ജഗന്നിവാസ

ഇന്നേവരെ കാണാത്ത (ഈ) രൂപം കണ്ടിട്ട് ഞാന്‍ സന്തോഷിക്കുന്നു. (എങ്കിലും) എന്റെ മനസ്സ് പേടിച്ച് നടുങ്ങുന്നുമുണ്ട്. പ്രകാശസ്വരൂപാ, ആ (പരിചിതമായ) രൂപംതന്നെ എനിക്ക് കാട്ടിത്തന്നാലും. പരമേശ്വരാ, പ്രസാദിച്ചാലും.

ഭീകരനായ ഒരു രാക്ഷസന്‍ നമ്മെ വാരിയെടുത്ത് പറന്ന്, മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്തതും അതിമനോഹരവുമായ ഒരു പൂന്തോപ്പില്‍ കൊണ്ടുപോകുന്നപോലെയുള്ള ചില സ്വപ്നങ്ങള്‍ നമ്മെ ഒരേസമയം സന്തോഷിപ്പിക്കയും പേടിപ്പിക്കയും ചെയ്യാറുണ്ട്. ഭയത്തിനാണ് മുന്‍തൂക്കമെങ്കില്‍ അതില്‍നിന്ന് ഉണരാന്‍ നാം ആഗ്രഹിക്കുകയും ചെയ്യുന്നു. ഫലപ്രദമായ ധ്യാനത്തിലൂടെ നാം എത്തിപ്പെടുന്നത് ശുദ്ധബോധത്തിലേക്കുള്ള നമ്മുടെ ഉണര്‍ച്ചയിലെ അനുഭൂതിയിലാണെന്ന വ്യത്യാസമേ ഉള്ളൂ. സ്വപ്നത്തിലെ യാഥാര്‍ഥ്യം ഉണരുവോളം മാത്രം. അതുപോലെ, ഉണര്‍ന്നിരിക്കുമ്പോഴുള്ള ജീവിതത്തിലെ യാഥാര്‍ഥ്യം ശുദ്ധബോധത്തിലേക്ക് ഉണരുംവരെയേ നിലനില്‍ക്കൂ. ആ ഉണര്‍ച്ചയിലെ നമ്മുടെ അനുഭവവും നമ്മുടെ സാധാരണജീവിതത്തിലെ ധാരണകളുമായി ബന്ധപ്പെട്ടുതന്നെ ഇരിക്കുമെങ്കിലും അതേസമയം അതില്‍നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തവും ആനന്ദപ്രദവും ആശ്ചര്യകരവുമാവും. അതോടൊപ്പം, ആദ്യമായി അനുഭവിക്കുന്നവര്‍ക്ക് അത് പേടിപ്പിക്കുന്നതുമാകാം. കാരണം, അതേവരെ നിലനിന്ന താന്‍ തീര്‍ത്തും ഇല്ലാതാകുന്നപോലെ തോന്നും. ആ തോന്നല്‍ അസഹ്യമാകുമ്പോള്‍ തിരിച്ചുപോരാന്‍ ആഗ്രഹിക്കുകയോ ധ്യാനാനുഭൂതിയില്‍നിന്ന് സ്വയമേവ തെന്നിയകലുകയോ ചെയ്യും. ധ്യാനാനുഭൂതി എന്ന മലമുകളിലേക്ക് ഏതാനും വട്ടം കയറിയും ഇറങ്ങിയും ശീലമായാലേ ഈ ഭയം നീങ്ങൂ. ഭയവിമുക്തമായ ധ്യാനാനുഭൂതിയിലൂടെ ദീര്‍ഘദൂരം പോയാലേ കേവലമായ ആത്മസ്വരൂപദര്‍ശനം സാധിക്കൂ. ആ സ്വരൂപവുമായുള്ള താദാത്മ്യമാകട്ടെ പിന്നെയും അകലെയാണ്.

സുഹൃത്തും ഗുരുവുമായ കൃഷ്ണനെ വിഷയമാക്കിയുള്ള (സഗുണ)ധ്യാനമാണ് ഇവിടെ അര്‍ജുനന്‍ നടത്തിയത്. ലഭിച്ചത് പരമാത്മചൈതന്യത്തിന്റെ സോപാധികദര്‍ശനവും. ധ്യാനത്തിലേക്കു കടക്കുമ്പോഴുള്ള പരിസരം, മനഃസ്ഥിതി എന്നീ ഉപാധികള്‍ ധ്യാനാനുഭൂതിയെ സ്വാധീനിച്ചു. പക്ഷേ, ആ ദര്‍ശനംതന്നെ അര്‍ജുനന് ദഹിക്കുന്നതിലേറെയായി.
പരമേശ്വരനും ജഗത്താകമാനം നിറഞ്ഞിരിക്കുന്നവനുമായ പരംപൊരുളിനെയാണ് ദര്‍ശിച്ചതെന്ന് തീര്‍ച്ചപ്പെട്ടതിനാല്‍ ഇപ്പോള്‍ അര്‍ജുനന്‍, അതിന്റെ തനിക്കു പണ്ടേ പരിചിതമായ രൂപം കണ്ടാല്‍ മതി എന്ന് അപേക്ഷിക്കുന്നു. എന്താണ് ആ പരിചിതമായ രൂപം?
(തുടരും)



MathrubhumiMatrimonial