കരാറിലെത്താനാകാതെ കാലാവസ്ഥാ ഉച്ചകോടി

Posted on: 19 Dec 2009



കോപ്പന്‍ഹേഗന്‍: രണ്ടുവര്‍ഷം നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ നടന്ന യു.എന്‍. കാലാവസ്ഥാ ഉച്ചകോടിയുടെ അവസാന നാളിലും കാര്‍ബണ്‍ ബഹിര്‍ഗമനം സംബന്ധിച്ച കരാറിലെത്താനായില്ല. ചര്‍ച്ച ഫലപ്രാപ്തിയിലെത്താതായപ്പോള്‍ ഇന്ത്യ-ചൈന പ്രതിനിധി സംഘങ്ങള്‍ പ്രധാനമന്ത്രിമാരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഉച്ചകോടി വേദിയില്‍നിന്ന് ഇറങ്ങിപ്പോയി.

ഉച്ചകോടിയുടെ അവസാനനിമിഷം വരെ രാഷ്ട്ര നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശ്രമിച്ചെങ്കിലും നിയമപ്രാബല്യമുള്ള അന്താരാഷ്ട്ര കരാറിന് രൂപം നല്കാന്‍ സാധിച്ചില്ല. കാലാവസ്ഥാ വ്യതിയാനം എങ്ങനെ പരിഹരിക്കണമെന്നതു സംബന്ധിച്ച് വികസിത, വികസ്വര, ദരിദ്ര രാജ്യങ്ങള്‍ക്കിടയിലെ രൂക്ഷമായ അഭിപ്രായവ്യത്യാസമാണ് പന്ത്രണ്ടുദിനം നീണ്ട ചര്‍ച്ചകളെ വഴിമുട്ടിച്ചത്.

എന്നാല്‍ ആഗോളതാപനം രണ്ടു ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തുക, ദരിദ്രരാജ്യങ്ങളെ കാലാവസ്ഥാ വ്യതിയാനം തടയുന്നതില്‍ സഹായിക്കാന്‍ പ്രതിവര്‍ഷം പതിനായിരം കോടി ഡോളര്‍ സമാഹരിക്കുക എന്നീ രണ്ടുകാര്യങ്ങളില്‍ ഉച്ചകോടി ധാരണയുണ്ടാക്കിയിട്ടുണ്ട്. 193 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ വ്യാഴാഴ്ച മുഴുവന്‍ ചര്‍ച്ച നടത്തിയാണ് ഇത്തരമൊരു സമവായത്തിലെത്തിയത്.

ഹരിതഗൃഹ വാതക ബഹിര്‍ഗമനം വെട്ടിക്കുറയ്ക്കുന്നതില്‍ തങ്ങളുടെ പങ്ക് എത്രയായിരിക്കണമെന്നതു സംബന്ധിച്ച രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളും പരസ്​പരവിശ്വാസമില്ലായ്മയുമാണ് ഉച്ചകോടിയുടെ തുടക്കം മുതല്‍ ദൃശ്യമായത്. ഈ അഭിപ്രായവ്യത്യാസങ്ങള്‍ ദരിദ്രരാജ്യങ്ങളെയും സമ്പന്നരാജ്യങ്ങളെയും വിഭിന്ന ധ്രുവങ്ങളിലാക്കി. ഹരിതഗൃഹവാതക ബഹിര്‍ഗമനം വെട്ടിക്കുറയ്ക്കാന്‍ സമ്പന്ന രാജ്യങ്ങള്‍ക്ക് ചരിത്രപരമായ കടമയുണ്ടെന്നതില്‍ വികസ്വരരാജ്യങ്ങള്‍ ഉറച്ചുനിന്നു. എന്നാല്‍ വികസ്വരരാജ്യങ്ങളുടെ വെട്ടിക്കുറയ്ക്കല്‍ തീരുമാനം അന്താരാഷ്ട്ര പരിശോധനയ്ക്ക് വിധേയമായിരിക്കില്ലെന്നും ക്യോട്ടോ ഉടമ്പടി തുടരണമെന്നും ഇന്ത്യയും ചൈനയും നേതൃത്വം നല്കുന്ന 77 രാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ചു. ഡെന്‍മാര്‍ക്കിന്റെ നേതൃത്വത്തില്‍ വികസിത രാജ്യങ്ങളുടെ താത്പര്യാര്‍ഥം അടിച്ചേല്പിക്കാന്‍ ശ്രമിച്ച കരടുപ്രമേയം ദരിദ്ര രാഷ്ട്രങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നു. ഉച്ചകോടി ഫലപ്രാപ്തിയിലെത്താത്തതിലുള്ള ആശയക്കുഴപ്പവും നിരാശയുമാണ് ദരിദ്രലോകം പ്രകടിപ്പിച്ചത്.

വികസിത രാജ്യങ്ങള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം സംബന്ധിച്ച് തങ്ങളുടെ പങ്ക് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്‍മോഹനും വെന്‍ ജിയാബോയും വെള്ളിയാഴ്ച സമ്മേളനവേദിയില്‍നിന്ന് ഇറങ്ങിപ്പോയത്. എന്നാല്‍ ഉച്ചകോടി വിജയിക്കാതിരുന്നതിനു പിന്നില്‍ യഥാര്‍ഥത്തില്‍ അമേരിക്കയും ചൈനയുമെടുത്ത നിലപാടുകളാണെന്ന് യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ സ്ഥാനത്തുള്ള സ്വീഡന്റെ പരിസ്ഥിതി മന്ത്രി ആന്‍ഡ്രിയാസ് കാള്‍ഗ്രന്‍ കുറ്റപ്പെടുത്തി.

ഫലപ്രദായി കരാറിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ, ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോ തുടങ്ങി ലോകത്തെ 26 വന്‍ രാഷ്ട്രങ്ങളുടെ തലവന്മാര്‍ അവസാന നിമിഷം എത്തിയത്.

ഉച്ചകോടി നടക്കുന്ന വേദിയിലേക്ക് പുറപ്പെടും മുമ്പ് വെന്‍ ജിയാബോയും മന്‍മോഹനും പ്രഭാതഭക്ഷണ സമയത്ത് കൂടിയാലോചന നടത്തിയിരുന്നു. ഒബാമയും ജിയാബോയും കാലാവസ്ഥ സംബന്ധിച്ച കരാറിനായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലം കണ്ടെത്താനായില്ല. ഇന്ത്യയുടെയും ചൈനയുടെയും തണലിലാണ് വികസിത രാജ്യങ്ങള്‍ക്കെതിരെ വികസ്വര രാജ്യങ്ങള്‍ ശക്തമായി വാദിച്ചുനിന്നത്.

ഉച്ചകോടി പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല -മന്‍മോഹന്‍


കോപ്പന്‍ഹേഗന്‍: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള പുതിയ ഉടമ്പടി ഉണ്ടാക്കാനായി നടന്ന ഉച്ചകോടി പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു.

എന്നിരുന്നാലും ആഗോള താപനം ചെറുക്കാനുള്ള പരിശ്രമങ്ങളില്‍ ഉച്ചകോടി നാഴികക്കല്ലായി മാറുമെന്നും വിവിധ രാഷ്ട്രത്തലവന്മാര്‍ പങ്കെടുത്ത അനൗദ്യോഗിക സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 2010ല്‍ നിയമപരമായ കരാര്‍ ഉണ്ടാക്കാനാവശ്യമായ ചര്‍ച്ചകള്‍ തുടരണമെന്ന ആവശ്യത്തെ ഇന്ത്യ പിന്തുണയ്ക്കും.

സുസ്ഥിര വികസനമെന്ന അജന്‍ഡ പരിഗണിച്ചുകൊണ്ടു മാത്രമേ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള ഒരു അന്താരാഷ്ട്ര കരാറിലെത്താന്‍ കഴിയുകയുള്ളൂ. ഭാവിയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമ്പോള്‍ മൂന്നു കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. യു.എന്‍. തയ്യാറാക്കിയ കര്‍മപദ്ധതിയില്‍ (യു.എന്‍.എഫ്.സി.സി.സി.)വെള്ളം ചേര്‍ക്കാന്‍ ബഹുഭൂരിപക്ഷം രാജ്യങ്ങളും തയ്യാറല്ലെന്നതാണ് അവയില്‍ പ്രധാനം. 2007ലെ ബാലി കര്‍മപദ്ധതിയും നിലവിലുള്ള ക്യോട്ടോ ഉടമ്പടിയും അവഗണിക്കാനാവുന്നതല്ല. ലോകത്ത് എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശവും പങ്കാളിത്തവും ഉണ്ടാവണം എന്നതാണ് മൂന്നാമത്തേത് -പ്രധാനമന്ത്രി പറഞ്ഞു.





MathrubhumiMatrimonial