
ഗീതാദര്‍ശനം - 391
Posted on: 16 Dec 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
നമഃ പുരസ്താദഥ പൃഷ്ഠതസ്‌തേ
നമോശസ്തു തേ സര്‍വത ഏവ സര്‍വ
അനന്തവീര്യാമിതവിക്രമസ്ത്വം
സര്‍വം സമാപ്‌നോഷി തതോശസി സര്‍വഃ
സര്‍വാത്മകനായ ഭഗവാനേ, മുന്‍പിലും പിന്നിലും അങ്ങേക്ക് നമസ്‌കാരം. (പോരാ) എല്ലാ ഭാഗത്തുനിന്നും അങ്ങേക്ക് നമസ്‌കാരം. അനന്തവീര്യനും അതിവിക്രമനുമായ അങ്ങ് എല്ലാറ്റിലും വ്യാപിച്ച് നിലകൊള്ളുന്നു. അതിനാല്‍ എല്ലാം അങ്ങുതന്നെ.
എവിടേക്ക് തിരിഞ്ഞു നിന്നാണ് ഈശ്വരനെ നമസ്‌കരിക്കേണ്ടത്? എല്ലാറ്റിന്റെയും ആത്മാവായതിനാല്‍ പരംപൊരുള്‍ എങ്ങുമുണ്ട്. അതിനാല്‍ ഏതു ഭാഗത്തേക്ക് തിരിഞ്ഞുനിന്നും നമസ്‌കരിക്കാം. അഥവാ, എല്ലാ ഭാഗങ്ങളിലേക്കും ഒപ്പം തിരിഞ്ഞുനിന്നാണ് നമസ്‌കരിക്കേണ്ടത്!
ഇവിടെ അല്പമൊരു നര്‍മമുണ്ട്. മുന്‍ശ്‌ളോകത്തില്‍ പറഞ്ഞ തരത്തിലുള്ള ആരാധനാമൂര്‍ത്തികള്‍ക്കെല്ലാം പ്രത്യേകം ഉപാസനാക്രമങ്ങള്‍ വിധിക്കപ്പെട്ടിരുന്നു. (അതിന്റെ നീക്കിബാക്കികള്‍ ഇപ്പോഴുമുണ്ടല്ലോ.) ഇന്ന ദിക്കില്‍ നിന്നുകൊണ്ട് ഇന്ന ദിശയില്‍ തിരിഞ്ഞ് തൊഴണം, ഇത്ര വട്ടം നമസ്‌കരിക്കണം, ഇന്നയിന്ന തരം പൂജകള്‍ നടത്തണം, ഇന്നയിന്ന വിധികളോടെ യജ്ഞങ്ങള്‍ ആചരിക്കണം, ഇന്നയിന്ന നിവേദ്യങ്ങള്‍ ദിവസത്തിന്റെ ഇന്നയിന്ന നേരങ്ങളില്‍ വേണം എന്നിങ്ങനെ അനേകവ്യവസ്ഥകള്‍ നിലവിലില്ലേ?
അഗ്‌നി, യമന്‍ തുടങ്ങിയ വൈദികദേവന്‍മാരെല്ലാം അതിശക്തരും പരാക്രമികളുമാണെന്ന വിശ്വാസവും അക്കാലത്ത് നിലനിന്നിരിക്കും. ഇവിടെ പറയുന്ന പരാശക്തി അനന്തവീര്യനും അതിവിക്രമനുമാണ്. എങ്ങനെ ആകാതിരിക്കും? അത് ഇപ്പറഞ്ഞ എല്ലാ ദേവന്‍മാരും കൂടിച്ചേര്‍ന്ന ഏകീകൃതരൂപമല്ലേ? അപ്പോള്‍ അതിന്റെ വിക്രമത്തിന് എങ്ങനെ പരിമിതികളുണ്ടാകാന്‍, വീര്യത്തിനെങ്ങനെ അസാമാന്യത്വമില്ലാതിരിക്കാന്‍? നിര്‍ഗുണവും നിസ്സംഗവും ഒക്കെ ആയി അറിയപ്പെടുന്ന പരംപൊരുളിന്റെ വീര്യവും വിക്രമവും പ്രകടമാകുന്നത് അത് ഭാവാന്തരം പൂണ്ട് അക്ഷരപുരുഷനെന്ന അവ്യക്തമാധ്യമത്തില്‍ വൈരുധ്യാത്മകരൂപം പ്രാപിക്കുമ്പോള്‍ മാത്രമാണെന്നേ ഉള്ളൂ. ആ തിരിച്ചറിവിന്റെ അവതരണമാണ് ഈ അനുഭവപ്രസ്താവം.
പരംപൊരുള്‍ എല്ലാറ്റിലും വ്യാപിച്ചിരിക്കുന്നതിനാല്‍ നാമും അതിലാണുള്ളത്. നാം പരംപൊരുളിനെ ഏതു ദിശയിലേക്ക് തിരിഞ്ഞു നിന്ന് നമസ്‌കരിച്ചാലും, നമസ്‌കരിച്ചേ ഇല്ലെന്നാലും നമ്മിലെ ജീവന്‍ എന്ന പരംപൊരുള്‍ സ്ഫുലിംഗം സദാ അതിന്റെ പരമധാമത്തെ നമസ്‌കരിച്ചുകൊണ്ടാണിരിപ്പ്. ആ നമസ്‌കാരത്തില്‍ നാം പങ്കാളിയാകുന്നെങ്കില്‍ ആ പ്രവൃത്തി നമ്മുടെ ഇന്ദ്രിയമനോബുദ്ധികളെ നന്നായി പ്രകാശിപ്പിക്കുന്നതിനിടയാക്കുകയും അതിലൂടെ ഭൗതികജീവിതം ധന്യമാവുകയും പരമമായ താദാത്മ്യം എളുപ്പമാവുകയും ചെയ്യും.





