githadharsanam

ഗീതാദര്‍ശനം - 392

Posted on: 17 Dec 2009

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം

സഖേതി മത്വാ പ്രസഭം യദുക്തം
ഹേ കൃഷ്ണ ഹേ യാദവ ഹേ സഖേതി
അജാനതാ മഹിമാനം തവേദം
മയാ പ്രമാദാത് പ്രണയേന വാപി

യച്ചവഹാസാര്‍ഥമസത്കൃതോശസി
വിഹാരശയ്യാസനഭോജനേഷു
ഏകോശഥവാപ്യച്യുത തത് സമക്ഷം
തത് ക്ഷാമയേ ത്വാമഹമപ്രമേയം

അല്ലയോ അച്യുതാ (തെറ്റു പറ്റാത്തവനേ), അങ്ങയുടെ മാഹാത്മ്യത്തെയും ഈ (വിശ്വ)രൂപത്തെയും അറിയാതെ, (തുല്യനായ) സ്‌നേഹിതനെന്നു വിചാരിച്ച്, കരുതലില്ലായ്മയാലോ സ്നേഹാധിക്യത്താലോ, 'എടോ കൃഷ്ണാ, യാദവാ, ചങ്ങാതീ' എന്നും മറ്റും ഞാന്‍ അലക്ഷ്യഭാവത്തില്‍ അങ്ങയെ വിളിച്ചുപോയിട്ടുണ്ട്. കളിക്കുമ്പോഴോ കിടക്കുമ്പോഴോ ഇരിക്കുമ്പോഴോ ഉണ്ണുമ്പോഴോ (ഒക്കെ) ഞാന്‍, ഇരുവരും മാത്രമുള്ളപ്പോഴോ മറ്റുള്ളവരുടെ മുന്നില്‍ വെച്ചോ, തമാശയ്ക്ക് അങ്ങയെ പരിഹസിച്ചുപോയിട്ടുമുണ്ട്. അതെല്ലാം ക്ഷമിക്കാന്‍ അപ്രമേയനായ അങ്ങയോട് ഞാന്‍ പ്രാര്‍ഥിക്കുന്നു.
കൃഷ്ണാര്‍ജുനന്മാരുടെ ഗാഢസൗഹൃദം മഹാഭാരതത്തിലെ ഹൃദയസ്​പൃക്കായ അനുഭൂതിയാണ്. ആ സൗഹൃദത്തിന് പുതിയൊരു മാനം കൈവരികയാണിവിടെ. കളിക്കും കാര്യത്തിനുമെല്ലാം കൃഷ്ണന്‍ പാര്‍ഥന് ഇക്കാലമത്രയും കൂട്ടു നിന്നിട്ടുണ്ട്. ആ ബന്ധത്തിന് ഒന്നുകൂടി ഊട്ടുറപ്പിക്കുന്ന തരത്തിലാണ് ഇവിടെ ആഖ്യാനം. അത് അഴിക്കാനാവാത്ത ബന്ധമാണെന്ന് സഞ്ജയന്‍ ഗീതയുടെ അവസാനത്തിലും സൂചിപ്പിക്കുന്നുമുണ്ട്. ('യത്ര യോഗേശ്വരഃ കൃഷ്‌ണോ...' 18, 78).
ഒരേസമയം വിഭിന്നതലങ്ങളില്‍ ഈ സന്ദര്‍ഭത്തെ കാണാം. ഒരു തലം ഭാരതകഥയുടെ പ്രാപഞ്ചികമാനംതന്നെ. യുദ്ധക്കളത്തില്‍ അര്‍ജുനന്‍ എന്ന ധീരയോദ്ധാവ് എതിര്‍പക്ഷത്തിന്റെ കരുത്തും അജയ്യതയും കണ്ട് ഭീതനും വിജയത്തില്‍ സംശയാലുവും ആയപ്പോള്‍ ഈശ്വരാവതാരമായ കൃഷ്ണന്‍, അധര്‍മത്തിന്റെ വിനാശത്തിനായി, അര്‍ജുനന് തന്റെ സര്‍വസംഹാരക്ഷമമായ രൂപവും യുദ്ധത്തിന്റെ ഫലവും ഒരുമിച്ച് കാണിച്ചുകൊടുത്ത് വീര്യം പകരുന്നു. എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറത്തുള്ള അനുഭൂതിയായതിനാല്‍ അര്‍ജുനന്‍ അന്തംവിട്ടുപോകുന്നു, സാഷ്ടാംഗം നമസ്‌കരിച്ച് താന്‍ അറിയാതെ പറഞ്ഞുപോയ കളിതമാശകള്‍ക്ക് ക്ഷമ ചോദിക്കുന്നു. (തനിക്ക് തന്റെ പഴയ ആത്മസുഹൃത്തിന്റെ ആ രൂപംതന്നെ കണ്ടാല്‍ മതി എന്ന് അര്‍ജുനന്‍ ഇനി പറയുന്നുമുണ്ട്.)

(തുടരും)



MathrubhumiMatrimonial