githadharsanam

ഗീതാദര്‍ശനം - 390

Posted on: 14 Dec 2009

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം



വായുര്‍യമോ/ഗ്‌നിര്‍വരുണഃ ശശാങ്കഃ
പ്രജാപതിസ്ത്വം പ്രപിതാമഹശ്ച
നമോ നമസ്‌തേ/സ്തു സഹസ്രകൃത്വഃ
പുനശ്ച ഭൂയോ/പി നമോ നമസ്‌തേ
വായുവും യമനും അഗ്‌നിയും വരുണനും ചന്ദ്രനും ബ്രഹ്മാവും പ്രപിതാമഹനുമൊക്കെ അങ്ങാകുന്നു. അങ്ങേക്ക് ആയിരമായിരം നമസ്‌കാരം, നമസ്‌കാരം! വീണ്ടും വീണ്ടും അങ്ങേക്ക് നമസ്‌കാരം, നമസ്‌കാരം!
വായു, യമന്‍, അഗ്‌നി, വരുണന്‍, ചന്ദ്രന്‍, പ്രജാപതി, വിഷ്ണു മുതലായ ദേവന്‍മാരായിരുന്നു വൈദികകാലത്തെ ഉപാസനാമൂര്‍ത്തികള്‍. ഇവരെല്ലാം സ്വതന്ത്രരും നിഗ്രഹാനുഗ്രഹശക്തിയുള്ളവരുമായി അറിയപ്പെട്ടു. വിശ്വാസത്തിന്റെ ഈ ബഹുസ്വരതയില്‍ പക്ഷേ, ഏകമായ അടിസ്ഥാനശക്തി വിസ്മൃതമായി. വിവിധദേവന്‍മാരെന്ന നിലയിലുള്ള ഈ സങ്കല്പനങ്ങളെല്ലാം ഒരേ പരാശക്തിയെയാണ് സത്യത്തില്‍ പരാമര്‍ശിക്കുന്നതെന്ന അറിവാണ് 'ശരിയായ' അറിവ്. ഈ അറിവും ആ ശക്തിയുടെതന്നെ പ്രകടനമാണെന്ന് നേരത്തേ പറഞ്ഞു. അങ്ങനെയുള്ള ശക്തിക്കായിക്കൊണ്ടാണ് അനേകായിരം നമസ്‌കാരം പറയുന്നതും ചെയ്യുന്നതും.
ഇക്കാലത്തെ ക്ഷേത്രോപാസനയിലും ഈ ശരിയായ അറിവ് വളരെ വലിയ മാറ്റങ്ങള്‍ വരുത്തും. ആരെ ആരാധിച്ചാലും ആ മഹാശക്തിയെയാണ് ആരാധിക്കുന്നതെന്ന വെളിപാട് ഇതിലൂടെ ഉണ്ടാകുന്നുവല്ലോ. അതോടെ, ആരാണ് കൂടുതല്‍ ശക്തിയുള്ള ഈശ്വരന്‍/ഈശ്വരി എന്ന തര്‍ക്കങ്ങളെല്ലാം അവസാനിക്കും. ഏറ്റവും തിരക്കുള്ള ക്ഷേത്രത്തില്‍ത്തന്നെ പോകണം എന്ന ശാഠ്യം പിന്നെ വേണ്ടിവരില്ല. നട തുറക്കുമ്പോള്‍ ദര്‍ശനത്തിന് ക്യൂവിന്റെ ഏറ്റവും മുന്നില്‍ ഞാനായിരിക്കണം എന്ന ആഗ്രഹവും ഉപേക്ഷിക്കാന്‍ കഴിയും.
മതങ്ങള്‍ തമ്മിലുള്ള വൈരാഗ്യത്തിന് ഈ മഹത്തായ അറിവിന്റെ വെളിച്ചത്തില്‍ നിലനില്പില്ലാതാകുന്നു. യഹോവയായും അല്ലാഹുവായും പരമേശ്വരനായും ഇരിക്കുന്ന പരമശക്തിക്ക് ആയിരമായിരം നമസ്‌കാരം എന്നു പറയാന്‍ ഈ ശരിയായ അറിവ് നമ്മെ പ്രാപ്തരാക്കും. ആരെ ആരാധിക്കുന്നതും ശരിയാണെന്നറിഞ്ഞാല്‍ എല്ലാമായ ഒന്നിനെ ആരാധിക്കുന്നത് ശരിയായി ഭവിക്കും, മറിച്ചും. അനന്തരൂപങ്ങളും ഒരേ ഒന്നിന്റെ വിവിധദര്‍ശനങ്ങളാണെന്ന അതിപ്രധാനമായ സത്യമാണ് വെളിവാക്കപ്പെടുന്നത്. ആ സത്യത്തിന് വീണ്ടും വീണ്ടും നമസ്‌കാരം എന്നു തല കുനിക്കുന്നു. എല്ലാ പ്രവാചകന്മാരും ഇതുതന്നെ പറഞ്ഞു. ഇതിനെ മുട്ടുകുത്തിയും ശിരസ്സ് നിലത്തു തൊടുവിച്ചും സാഷ്ടാംഗം വീണും നമസ്‌കരിക്കാനും പറഞ്ഞു. പക്ഷേ, അതിവിശാലമായ ശബ്ദകോശത്തെ ആശ്രയിക്കുന്നതിനു പകരം സംക്ഷിപ്ത ഡിക്ഷണറികള്‍ പോക്കറ്റിലിട്ടു നടക്കാന്‍ ശീലിച്ച നമുക്ക് അമൂല്യങ്ങളായ മഹാശബ്ദങ്ങളുടെ ശരിയായ അര്‍ഥം കൈമോശം വന്നുപോയി.

(തുടരും)



MathrubhumiMatrimonial