
ഗീതാദര്‍ശനം - 389
Posted on: 14 Dec 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
ത്വമാദിദേവഃ പുരുഷഃ പുരാണഃ
ത്വമസ്യ വിശ്വസ്യ പരം നിധാനം
വേത്താസി വേദ്യം ച പരം ച ധാമ
ത്വയാ തതം വിശ്വമനന്തരൂപ
അങ്ങ് ആദിദേവനും (സ്വയം പ്രകാശിക്കുന്ന മൂലകാരണവും) പുരാണനും (നിത്യനും) പുരുഷനും (പരിപൂര്‍ണനും) ആകുന്നു. ഈ വിശ്വത്തിന്റെ പരമമായ നിധാനവും (അടിസ്ഥാനാശ്രയവും) അങ്ങാണ്. അറിയുന്നവനും അറിയേണ്ടതും പരമമായ ധാമവും (അന്തിമമായ പ്രാപ്യസ്ഥാനവും) (എല്ലാം) ആയ അങ്ങയാല്‍, ഹേ അനന്തരൂപന്‍, ഈ ലോകമെങ്ങും വ്യാപിക്കപ്പെട്ടിരിക്കുന്നു.
അങ്ങ് പുരുഷോത്തമനാണ്. (ക്ഷര-അക്ഷര-അക്ഷരാതീതപുരുഷന്മാരില്‍ അക്ഷരാതീതപുരുഷനാണ്). അതിനാല്‍ പ്രകാശങ്ങളുടെ ആദിയായ പ്രകാശം അങ്ങാണ്. കാലാതീതനാകയാല്‍ അങ്ങ് നിത്യനാണ്. പ്രപഞ്ചസൃഷ്ടിക്കു മുമ്പും പ്രലയത്തിനു ശേഷവുമുള്ള ഉണ്മ അങ്ങാണ്. അങ്ങില്‍ എല്ലാ അറിവും നിക്ഷിപ്തമാണ്. അങ്ങയെ അറിയുന്നതോടെ എല്ലാം അറിയാമെന്നതിനാല്‍ ആത്യന്തികമായി അറിയേണ്ടത് അങ്ങയെ ആണ്. സകലത്തിന്റെയും അന്തിമമായ പ്രാപ്യസ്ഥാനം അങ്ങാണ്. അനന്തങ്ങളായ രൂപങ്ങളോടുകൂടിയ അങ്ങയാല്‍ ഈ വിശ്വമാസകലം വ്യാപിക്കപ്പെട്ടിരിക്കുന്നു.
പ്രപഞ്ചത്തില്‍ നിരവധി രീതികളില്‍ പ്രകടമായ എല്ലാ ബലങ്ങളുടെയും ഏകീകൃതരൂപമാണ് പരാപരാതീതമായ പരംപൊരുള്‍. ആ ബലമാണ് ആദിശക്തി. പ്രകാശങ്ങളുടെ ആദിയായ പ്രകാശവും അതുതന്നെ. അതില്‍നിന്നാണ് കാലം പിറക്കുന്നതെന്നതിനാല്‍ അത് കാലാതീതമാണ്. അത് അതില്‍ത്തന്നെ സ്പന്ദിക്കുന്നതിന്റെ അനുരണനങ്ങളുടെ ആകത്തുകയായാണ് പ്രപഞ്ചമുണ്ടാകുന്നത്. പ്രപഞ്ചമെന്ന മഹാസ്പന്ദത്തിന്റെ ഇടനിലകളിലെ ഉത്പന്നങ്ങളായ എല്ലാതും പരംപൊരുളില്‍ത്തന്നെയാണ് ലയിക്കുന്നത്. (ബ്രഹ്മാവിന്റെയും ജനയിതാവാണ് അത്.) അതിന്റെ സ്ഫുരണമാണ് ഇന്ദ്രിയങ്ങളെ വിഷയഗ്രഹണത്തിന് സഹായിക്കുന്നതും മനസ്സിന്റെയും ബുദ്ധിയുടെയും പ്രവര്‍ത്തനത്തിന് നിദാനവുമായ പ്രകാശങ്ങള്‍. നമുക്കുള്ള അറിവ് ഈ പ്രകാശങ്ങളുടെ പ്രവര്‍ത്തനഫലമാണ്. അതായത്, ഇവയ്ക്ക് അടിസ്ഥാനമായ പരമപ്രകാശത്തില്‍ ഈ അറിവുകളെല്ലാം നിക്ഷിപ്തമാണ്. ഈ അറിവുകള്‍ മാത്രമല്ല, അറിവിന്റെ അവസാനംവരെ അതിലുണ്ട്. എന്നു വെച്ചാല്‍, ഈ പ്രപഞ്ചത്തില്‍ അറിയേണ്ടതായി വല്ലതുമുണ്ടെങ്കില്‍ അത് അതാണ്. അതിനെ അറിയുന്നതോടെ 'നേഹ ഭൂയോശന്യത് ജ്ഞാതവ്യം അവശിഷ്യതേ' - ഈ ലോകത്ത് പിന്നെ അറിയാനായി ഒന്നും ശേഷിക്കുന്നില്ല. മഹാസൂക്ഷ്മമായ അത് ഈ വിശ്വമെല്ലാം വ്യാപിച്ച് സ്ഥിതി ചെയ്യുന്നു.
(തുടരും)





