
ഗീതാദര്‍ശനം - 388
Posted on: 13 Dec 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
കസ്മാച്ച തേ ന നമേരന്‍ മഹാത്മന്‍
ഗരീയസേ ബ്രഹ്മണോശപ്യാദികര്‍ത്രേ
അനന്ത ദേവേശ ജഗന്നിവാസ
ത്വമക്ഷരം സദസത് തത്പരം യത്
ഹേ മഹാത്മാവേ, സര്‍വശ്രേഷ്ഠനും ബ്രഹ്മാവിനുപോലും ആദികാരണവുമായ അങ്ങയെ അവര്‍ (സിദ്ധന്‍മാര്‍ - അറിവുള്ളവര്‍) എങ്ങനെ നമസ്‌കരിക്കാതിരിക്കും! ജഗത്താകമാനം ആവസിക്കുന്നവനേ, അങ്ങ് സത്തിനും അസത്തിനും അതീതമായ പരംപൊരുളാണ്.
ഭക്തികീര്‍ത്തനമാണ് ഈ പദ്യം. അങ്ങാണ് സര്‍വത്തെയും സൃഷ്ടിക്കുന്ന ബ്രഹ്മാവിന്റെ സൃഷ്ടികര്‍ത്താവ്. അത്രയും മാഹാത്മ്യമേറുന്ന അങ്ങയെ വിവേകമുള്ളവര്‍ എങ്ങനെ നമസ്‌കരിക്കാതിരിക്കും! ആദിമധ്യാന്തങ്ങളില്ലാതെ വിശ്വമാകെ നിവസിക്കുന്ന ദേവേശ്വര അങ്ങ് (പ്രസാദിച്ചാലും!)
സത്ത് എന്നതിന് അക്ഷരം! ഉണ്മ, നന്മ എന്നൊക്കെ അര്‍ഥമുണ്ട്. ഇന്ദ്രിയങ്ങള്‍കൊണ്ടോ മനോബുദ്ധികള്‍കൊണ്ടോ കാണാവുന്നത് വ്യക്തം (അസത്ത്). ഇന്ദ്രിയമനോബുദ്ധികളെ അനുഭവങ്ങളിലേക്ക് പ്രേരിപ്പിക്കുന്ന വാസനകളെ ഇന്ദ്രിയമനോബുദ്ധികള്‍ക്ക് കാണാനാവാത്തതിനാല്‍ അവ അവ്യക്തം (സത്ത്). ഇത് രണ്ടുമായി പ്രതിഭാസിക്കുന്നത് ആത്മാവുതന്നെയെന്നാലും ആത്മാവ് രണ്ടിനും അതീതമാണ്.
നന്മ-തിന്മ എന്ന അര്‍ഥമാണ് പ്രകൃതത്തിനു കൂടുതല്‍ ചേരുക. രണ്ടും പ്രപഞ്ചത്തില്‍ കാണാം. രണ്ടും പരമാത്മാവിന്റെ കൃതികള്‍തന്നെയാണെന്നാലും പരമാത്മാവ് രണ്ടിനും അതീതമാണ്. പേടിപ്പിക്കുന്ന സംഹാരമുഖവും, സുന്ദരവും കരുണാമയവുമായ രക്ഷകമുഖവും പരമാത്മാവിന്‍േറതുതന്നെ. പക്ഷേ, അത് യഥാര്‍ഥത്തില്‍ ഇത് രണ്ടുമല്ല, രണ്ടിനുമപ്പുറത്താണ്.
ജനനമരണങ്ങള്‍ പരിണാമങ്ങളും സുഖദുഃഖങ്ങള്‍ അനുഭവാന്തരങ്ങളും മാത്രമാണെന്ന തിരിച്ചറിവ് ഇവയെ എല്ലാം സമബുദ്ധിയോടെ കാണാന്‍ സഹായിക്കും. ആ തിരിച്ചറിവാണ് ശുദ്ധബോധത്തിന്റെ തിരിവെട്ടം. ദ്വന്ദ്വങ്ങള്‍ക്കപ്പുറത്താണ് പരമയാഥാര്‍ഥ്യമെന്ന കണ്ടെത്തല്‍ സാധിക്കുക അതിന്റെ പ്രകാശത്തിലാണ്. ആ വെട്ടത്തില്‍ എത്തിപ്പെടുന്നവര്‍ക്ക് പരംപൊരുളിന് സങ്കീര്‍ത്തനം പാടാതിരിക്കാന്‍ കഴിയില്ല.
(തുടരും)





