githadharsanam

ഗീതാദര്‍ശനം - 385

Posted on: 09 Dec 2009

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം



ഇവരെയൊക്കെ താന്‍ നേരത്തേ കൊന്നുകഴിഞ്ഞിരിക്കുന്നു എന്നാണ് ഭഗവാന്‍ വീണ്ടും പറയുന്നത്. നീ ഒരു ഉപകരണം മാത്രമാകുകയേ വേണ്ടൂ! (കൊല്ലുന്നത് നീയല്ലാത്തതുകൊണ്ട് രക്തബന്ധത്തിന്റെ പേരില്‍പ്പോലും) നീ വ്യസനിക്കേണ്ടതുമില്ല. യുദ്ധം ചെയ്‌തോളുക.
മഹാധീരനായ ഒരു യോദ്ധാവിനോട് 'മരിച്ചുകഴിഞ്ഞവ'രെ കൊന്നു ജയിച്ചോളാന്‍ പറയുകയോ! അതും ആ യോദ്ധാവിന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തും സാരഥിയുമായ ഒരാള്‍! പ്രസ്താവം അക്ഷരാര്‍ഥത്തിലെടുത്താലേ ഈ സംശയം നിലനില്‍ക്കൂ. നിന്റെ ഇച്ഛയും ഈശ്വരേച്ഛയും ഒന്നായി ഇരിക്കുന്നതിനാല്‍, അവരൊക്കെ ഈ പോരില്‍ നീ കാരണമല്ലാതെയും ഇല്ലാതെയാകും എന്നേ ഉദ്ദേശ്യമുള്ളൂ.
സ്വന്തമനസ്സിലെ കാമക്രോധാദികളെയാവട്ടെ, അല്ലെങ്കില്‍ ഭൗതികലോകത്തില്‍ത്തന്നെ, ന്യായവും ശരിയുമായ ഒരു കാര്യം ചെയ്യുന്നതിനെ പ്രതിരോധിക്കുന്നവയും മറികടക്കാന്‍ പ്രയാസമുള്ളവയുമായ തടസ്സങ്ങളെയാകട്ടെ, നേരിടുന്ന ബുദ്ധിമാനും കരുത്തനുമായ ഒരാള്‍ സ്വന്തമാത്മാവിനോട് സംവദിക്കുന്നതാണ് ഗീത എന്നു സങ്കല്പിച്ചാല്‍ നമുക്കു കിട്ടുന്നത് ആത്മപ്രചോദനത്തിന്റെ മികവുറ്റ ഉദാഹരണമാണ്. തടസ്സങ്ങള്‍ ഈശ്വരന്‍ നീക്കിയിരിക്കുന്നു, ഞാനിനി നാമമാത്രമായേ എന്തെങ്കിലും ചെയ്യേണ്ടൂ, പ്രാപഞ്ചികങ്ങളായ ബന്ധങ്ങള്‍ ഒരിക്കലും നേരിന്റെ നടത്തിപ്പില്‍ വഴി തടയരുത്. വെറുതെ സങ്കടപ്പെടേണ്ടതില്ല. പൊരുതുക, ജയിച്ചോളുക.
മഹാഭാരതകഥയിലെ എല്ലാ പാത്രങ്ങളും ഉള്‍പ്പെട്ട ഒരു 'ക്ഷേത്രം' സങ്കല്പിച്ചാല്‍ കൃഷ്ണനാണ് അതിലെ ആത്മാവ്. യാദവസൈന്യത്തെ ദുര്യോധനനു വിട്ടുകൊടുത്ത് ഏകനായ കൃഷ്ണനെയാണ് അര്‍ജുനന്‍ വരിക്കുന്നത്. 'ക്ഷേത്രജ്ഞ'നായ (യോഗേശ്വരനായ) ആ കൃഷ്ണനുമായാണ് ഇവിടെ അര്‍ജുനന്‍ സംസാരിക്കുന്നത്. ക്ഷേത്രജ്ഞന് ക്ഷേത്രത്തിലെ എല്ലാ ഘടകങ്ങളെയും അറിയാം, ക്ഷേത്രത്തിന്റെ ത്രികാലങ്ങള്‍ ഉള്ളംകൈയിലെ നെല്ലിക്കയാണ്.
(അര്‍ജുനന്‍, കൃഷ്ണന്‍ എന്ന രണ്ടു പേര്‍ സംവദിക്കുന്നതായോ - അപ്പോള്‍ കൃഷ്ണനെ ഈശ്വരാവതാരമായി സങ്കല്പിക്കുകകൂടി വേണം - ആത്മരഥത്തിന്റെ സാരഥിയോട് ചോദിച്ച് അര്‍ജുനന്‍ സംശയനിവൃത്തി വരുത്തുന്നതായോ അതുമല്ലെങ്കില്‍ ഭാരതകഥയിലെ സമസ്തപാത്രങ്ങളും ഉള്‍പ്പെടുന്ന മഹാക്ഷേത്രത്തിലെ അര്‍ഥപുരുഷാര്‍ഥം മോക്ഷപുരുഷാര്‍ഥവുമായി ആശയവിനിമയം നടത്തുന്നതായോ എങ്ങനെ വേണമെങ്കിലും യഥേഷ്ടം ഗീതയെ വായിക്കാമെന്ന് നേരത്തേ പറഞ്ഞല്ലോ. ഈ മൂന്ന് തലങ്ങള്‍ തമ്മില്‍ കൂടിക്കുഴഞ്ഞുപോകുമ്പോഴാണ് ഗീതയില്‍ പൂര്‍വാപരവൈരുധ്യങ്ങളുണ്ടെന്നു തോന്നുന്നത്.)

(തുടരും)



MathrubhumiMatrimonial