
ഗീതാദര്‍ശനം - 384
Posted on: 08 Dec 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
ഈ ശ്ലോകത്തിന്റെ ഭൗതികാര്‍ഥം സുവ്യക്തം. അര്‍ജുനന്‍ നില്‍ക്കുന്നത് യുദ്ധക്കളത്തിലാണ്. കാര്യങ്ങള്‍ മടക്കമില്ലാബിന്ദു (point of no return) കടന്നിരിക്കുന്നു. ഇനി ചെയ്യാനുള്ളത്, താന്‍ നന്മയുടെ ഭാഗത്താണെന്നിരിക്കെ, ഇത് ഈശ്വരനിയോഗമാണെന്നും തിന്മയെ ഈശ്വരന്‍ മുന്‍പേ വധശിക്ഷക്കു വിധിച്ചിരിക്കുന്നു എന്നും കരുതി നന്നായി യുദ്ധം ചെയ്ത് ജയിച്ച് യശസ്സും രാജ്യവും നേടുകയാണ്. ഗര്‍ഭം ധരിച്ച് പത്തു മാസം തികഞ്ഞാല്‍ പ്രസവിച്ച് സുകൃതിയായ മാതാവാകുകയല്ലാതെ മറ്റെന്തു ചെയ്യാനാവും?
എഴുന്നേറ്റ് കാമക്രോധങ്ങളെ യുദ്ധം ചെയ്ത് തോല്പിച്ച് കീര്‍ത്തിയും സച്ചിദാനന്ദസമൃദ്ധമായ പരമാത്മസാനമ്രാജ്യവും നേടുക എന്ന് താത്ത്വികാര്‍ഥം. ഈ ശത്രുക്കളെ പരംപൊരുള്‍ നേരത്തേ മൃതിക്കു വിധിച്ചതാണ്, അഹങ്കാരമില്ലാതെ അവയെ നിമിത്തമാത്രമായി കീഴടക്കുക.
ഈ രണ്ട് തലങ്ങളെയും സമ്മേളിപ്പിച്ച് നമുക്ക് നിത്യജീവിതത്തില്‍ ഈ ഉപദേശം പ്രായോഗികമാക്കാന്‍ കഴിയും. രണ്ടിലും പൊതുവായുള്ളത് നല്ലതേ വരൂ എന്ന നിശ്ചയവും കര്‍ത്തൃത്വാഹങ്കാരത്തെ കീഴ്‌പ്പെടുത്തലുമാണ്. ജീവിതവിജയത്തിലേക്കും ചിരന്തനമായ സന്തോഷത്തിലേക്കുമുള്ള വഴി ഇതു രണ്ടുമാണ്.
ദ്രോണം ച ഭീഷ്മം ച ജയദ്രഥം ച
കര്‍ണം തഥാന്യാനപി യോദ്ധവീരാന്‍
മയാ ഹതാംസ്ത്വം ജഹി മാ വ്യഥിഷ്ഠാഃ
യുദ്ധ്യസ്വ ജേതാസി രണേ സപത്‌നാന്‍
എന്നാല്‍ കൊല്ലപ്പെടേണ്ടവരായ ദ്രോണരെയും ഭീഷ്മരെയും കര്‍ണനെയും അതുപോലെയുള്ള മറ്റു യുദ്ധവീരന്മാരെയും നീ കൊന്നുകൊള്ളുക. വ്യസനിക്കേണ്ട. യുദ്ധം ചെയ്‌തോളൂ. (ഈ) യുദ്ധത്തില്‍ ശത്രുക്കളെ നീ ജയിക്കും.
ആത്മവിശ്വാസക്കുറവോ അധൈര്യമോ ഇല്ലെന്നാലും അര്‍ജുനന് യുദ്ധത്തിലെ വിജയം ദുഷ്‌കരമാണെന്ന തോന്നല്‍ ന്യായമായും ഉണ്ടായിരുന്നു. എതിര്‍ക്കുന്നവന്റെ പാതി ശക്തി തനിക്കു കൈവരുന്നവനും താനിച്ഛിച്ചല്ലാതെ തനിക്കു മരണമില്ലാത്തവനുമാണ് ഭീഷ്മര്‍. സ്വന്തം ഗുരുനാഥനും ദിവ്യായുധങ്ങള്‍ വശമുള്ള ആളുമാണ് ദ്രോണര്‍. ഇവരിരുവരുടെയും മനസ്സ് പാണ്ഡവപക്ഷത്താണെന്ന ആശ്വാസമേ ഉള്ളൂ. അതുപോലുമില്ല, കര്‍ണന്റെയും ജയദ്രഥന്റെയും കാര്യത്തില്‍. സൂര്യപുത്രനും ദിവ്യായുധധാരിയുമായ കര്‍ണന് പ്രത്യേകസംരക്ഷയും ചെറുപ്പംതൊട്ടേ അര്‍ജുനനോട് വിദ്വേഷവുമുണ്ട്. ജയദ്രഥന് പിതൃദത്തമായ ഒരു വരമുണ്ട്. ആരാണോ ജയദ്രഥന്റെ തലയറുക്കുന്നത് അവന്റെ തലയും ഉടനെ മുറിഞ്ഞു വീഴും! ഇത്രയുമില്ലെങ്കിലും ഇവരോട് ഏതാണ്ടൊക്കെ തുല്യരാണ് എതിര്‍പക്ഷത്തെ പലരും. ഇവരെ എങ്ങനെ ജയിക്കാമെന്ന് ഒരു നിശ്ചയവുമില്ല. ഇതിനു പുറമേയാണ് രക്തബന്ധത്തിന്റെ ഊരാക്കുടുക്ക്.
(തുടരും)





