githadharsanam

ഗീതാദര്‍ശനം - 383

Posted on: 07 Dec 2009

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം


ഓരോ ജീവിക്കും സൃഷ്ടിസംഹാരങ്ങള്‍ ജന്മധര്‍മങ്ങളായി ഉണ്ട്. നമ്മുടെ ശരീരംതന്നെ അനുസ്യൂതം നിര്‍മിക്കപ്പെടുകയും സംഹരിച്ച് പുറന്തള്ളപ്പെടുകയും ചെയ്യുന്ന ജീവകോശങ്ങളുടെ ഇടനിലയിലെ സംഘാതമാണ്. കര്‍മമണ്ഡലത്തിലും നമുക്ക് സൃഷ്ടിയെയും സ്ഥിതിപരിപാലനത്തെയും സംഹാരത്തെയും തുണയേ്ക്കണ്ടതുണ്ട്. അനേകതരം അണുജീവികളെ നമ്മുടെ ശരീരം പരിപാലിക്കുന്നു, മറ്റനേകതരങ്ങളെ നിരന്തരം ഹനിക്കുന്നു. എത്രയോ ചെടികള്‍ നാം നട്ടു വളര്‍ത്തുകയും വെട്ടിയെടുക്കുകയും ചെയ്യുന്നു. ഒരു നേരത്തെ അന്നത്തിന് ആയിരം ധാന്യമണികളെയാണ് ഹിംസിക്കുന്നത്. ഞാനൊരാള്‍ ഇല്ലാതായാലും ഇതൊക്കെ ലോകത്തില്‍ നടക്കും. ഞാനുള്ളപ്പോള്‍ എനിക്കുകൂടി പങ്കാളിയാവാം എന്നു മാത്രം.
ഈ സൃഷ്ടിസ്ഥിതിസംഹാരക്രിയകളില്‍ നമ്മിലൂടെ പ്രവര്‍ത്തിക്കുന്നത് പരമാത്മചൈതന്യമാണ്. അങ്ങനെയല്ല, ഞാനാണ് ഈ ക്രിയകള്‍ ചെയ്യുന്നത് എന്നു തോന്നുന്നതിന്റെ ഫലം, പ്രപഞ്ചഹിതത്തിനായി ഈ കാര്യത്തില്‍ പാലിക്കപ്പെടേണ്ട നിയാമകതത്ത്വങ്ങളുടെ ലംഘനമാണ്. അതൊഴിവാക്കുന്നതാണ് യശസ്സിനും യഥാര്‍ഥസുഖത്തിനും ശാന്തിക്കും നല്ലത്.
തസ്മാത് ത്വമുത്തിഷ്ഠ്ട യശോ ലഭസ്വ
ജിത്വാ ശത്രൂന്‍ ഭുങ്ക്ഷ്വ രാജ്യം സമൃദ്ധം
മയൈവൈതേ നിഹതാഃ പൂര്‍വമേവ
നിമിത്തമാത്രം ഭവ സവ്യസാചിന്‍
അതിനാല്‍ നീ എഴുന്നേല്‍ക്കൂ. ശത്രുക്കളെ ജയിച്ച് കീര്‍ത്തി സമ്പാദിക്കൂ. ഐശ്വര്യസമൃദ്ധമായ രാജ്യം അനുഭവിക്കൂ. ഞാന്‍തന്നെ ഇവരെയൊക്കെ ആദ്യമേ കൊന്നുകഴിഞ്ഞിരിക്കുന്നു. സവ്യസാചിയായ അര്‍ജുനാ, നീ നിമിത്തമാത്രമായി ഭവിച്ചാലും.
ഒരു വൃക്ഷത്തില്‍നിന്ന് ഒരു ഇല കൊഴിയുന്നതുള്‍പ്പെടെ പ്രപഞ്ചത്തില്‍ സംഭവിക്കുന്നതെല്ലാം മുന്‍നിശ്ചിതമാണ് എന്നു കരുതുന്നത് ഒരു കണക്കിന് ശരിയാണ്. അല്ലെങ്കില്‍ മറിച്ച് സംഭവിക്കുകയോ അങ്ങനെ സംഭവിക്കാതിരിക്കയോ ഒക്കെ ആകാമായിരുന്നല്ലോ. പക്ഷേ, ഒരു സംഭവത്തിന്റെ ഗതിയെക്കുറിച്ച് നമുക്കുള്ള അറിവുതന്നെ ആ സംഭവത്തിന്റെ പരിണതിയില്‍ മാറ്റങ്ങള്‍ വരുത്താം. നമുക്കു പങ്കുള്ളതാണ് സംഭവമെങ്കില്‍ നമ്മുടെ നിലപാടും ചെയ്തിയും ഫലത്തെ ബാധിക്കുന്നു. ഇതു രണ്ടും ഉള്‍പ്പെടെ എല്ലാം മുന്‍നിശ്ചിതമാണ് എന്നുകൂടി അപ്പോള്‍ പറയേണ്ടിവരും. നമ്മുടെ ഇച്ഛാശക്തിക്ക് പിന്നെ എന്തു വില? കൂടുതല്‍ നന്നായി ആലോചിച്ചാല്‍ വലിയ വില ഉണ്ടെന്നാണ് ഈ പദ്യം പറയുന്നത്. ഈശ്വരേച്ഛ അറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ളതാണ് ആ ഇച്ഛാശക്തി. ഈശ്വരേച്ഛ എങ്ങനെ അറിയാം? ധ്യാനത്തിലൂടെ അറിയാം, ധ്യാനാവസ്ഥയില്‍ കിട്ടുന്ന ദര്‍ശനത്തിലൂടെ അറിയാം. യജ്ഞഭാവനയിലൂടെ, സ്വാഭാവികമായിത്തന്നെ അറിയാം. നമ്മുടെ ഇച്ഛ ഈശ്വരേച്ഛയുമായി സമരസപ്പെടുമ്പോള്‍ സര്‍വശക്തവും ആനന്ദദായകവുമാവുന്നു. പിന്നെ പ്രയാസങ്ങളോ വേദനകളോ തോല്‍വിയോ ഒരിക്കലുമില്ലതന്നെ.

(തുടരും)



MathrubhumiMatrimonial