githadharsanam

ഗീതാദര്‍ശനം - 382

Posted on: 06 Dec 2009

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം



ഒരു തുള്ളി വെള്ളത്തിലെ ഒരു തന്മാത്രയായാലും ഒരു ഗ്രാം പഌട്ടോണിയത്തിലെ ഒരു അണു ആയാലും ഒരു താരാകദംബമായാലും ഒരു മനുഷ്യജീവിതമായാലും അതെപ്പോള്‍ എവ്വിധം രൂപാന്തരപ്പെടുമെന്ന് മുന്‍കൂറായി തീര്‍ത്തു പറയാന്‍ ഒരു നിര്‍വാഹവുമില്ല. ഒരു സാധ്യതയും അസാധ്യമല്ലെന്ന് സാധ്യതാസിദ്ധാന്തം പറയുന്നു. ഈ അനിശ്ചിതത്വം പക്ഷേ, വ്യക്തികളെന്ന നിലയില്‍ നമുക്ക് താങ്ങാനാവില്ല. പരിഗണന സമഷ്ടിയെ ആസ്​പദിച്ചല്ലാത്തതും രൂപാന്തരം ആത്യന്തികനാശമാണെന്ന തെറ്റായ ധാരണയും തുടര്‍ച്ചയായ സൃഷ്ടി തുടര്‍ച്ചയായ ഉടച്ചുവാര്‍ക്കലാണെന്ന കാര്യം ഓര്‍മിക്കാത്തതുമാണ് ഈ അനിശ്ചിതത്വത്തെ താങ്ങാനാവാത്ത അരക്ഷിതത്വബോധവും വ്യാകുലതയുമാക്കുന്നത്. ഭൗതികതലത്തിലെ നാശം അനിവാര്യമാണെന്നും അത് ഒന്നിന്റെയും അവസാനമല്ലെന്നുമുള്ള ഉറച്ച ബോധ്യം ഉണ്ടായിക്കിട്ടണം. ശരിയായ ആ അറിവുണ്ടെങ്കില്‍, ഭീതരാകാതെ, മംഗളം ഭവിക്കട്ടെ എന്നു പ്രാര്‍ഥിക്കാന്‍ നമുക്കും കഴിയും.
ശ്രീഭഗവാനുവാച-
കാലോശസ്മി ലോകക്ഷയകൃത് പ്രവൃദ്ധഃ
ലോകാന്‍ സമാഹര്‍ത്തുമിഹ പ്രവൃത്തഃ
ഋതേശപി ത്വാം ന ഭവിഷ്യന്തി സര്‍വേ
യേശവസ്ഥിതാഃ പ്രത്യനീകേഷു യോദ്ധാഃ
ശ്രീഭഗവാന്‍ പറഞ്ഞു-
ലോകത്തെ നശിപ്പിക്കുന്ന ശക്തിമത്തായ കാലമാണ് ഞാന്‍. ലോകങ്ങളെ സംഹരിക്കാന്‍ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എതിരിട്ടു നില്‍ക്കുന്ന യോദ്ധാക്കള്‍ ആരുണ്ടോ അവരെല്ലാരും നീ ഇല്ലെങ്കിലും (നീ യുദ്ധം ചെയ്യാതിരുന്നാലും) തുടര്‍ന്ന് ജീവിച്ചിരിക്കില്ല.
സൃഷ്ടി, സ്ഥിതി, സംഹാരം എന്നു മൂന്നാണ് പ്രകൃതിയിലെ പ്രതിഭാസങ്ങള്‍. മൂന്നും കാലത്തെ ആസ്​പദിച്ചാണ്. സൃഷ്ടി മുതല്‍ സംഹാരം വരെയേ സ്ഥിതി ഉള്ളൂ. അഥവാ, നിരന്തരമായ സൃഷ്ടിയുടെയും സംഹാരത്തിന്റെയും ഇടയിലെ താല്‍ക്കാലികാവസ്ഥയാണ് എങ്ങും കാണപ്പെടുന്ന സ്ഥിതി. പക്ഷേ, ക്ഷരപ്രപഞ്ചത്തിലെ നമ്മുടെ സ്ഥിതി സ്ഥിരമായി ഇരിക്കണമെന്ന് നാം ആഗ്രഹിക്കുന്നു. നടപ്പില്ലാത്ത കാര്യമാണത്. സ്ഥിരമായ സ്ഥിതി അക്ഷരാതീതത്തിനു മാത്രമേ ഉള്ളൂ. അതിനാല്‍ അതാണ് ശാശ്വതമായ നിലനില്പിനുള്ള ഇടം. അസ്ഥിരമായ ഭൗതികസ്ഥിതിയെ ആ ശാശ്വതസ്ഥിതിയുമായി താദാത്മ്യം പ്രാപിക്കാനുള്ള ഉപകരണവും അവസരവുമായി കരുതുകയും അതിനായി ഉപയോഗിക്കുകയുമാണ് ബുദ്ധി.

(തുടരും)



MathrubhumiMatrimonial