githadharsanam

ഗീതാദര്‍ശനം - 381

Posted on: 04 Dec 2009

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം


ആഖ്യാഹി മേ കോ ഭവാനുഗ്രരൂപഃ
നമോശസ്തുതേ ദേവവര പ്രസീദ
വിജ്ഞാതുമിച്ഛാമി ഭവന്തമാദ്യം
നഹി പ്രജാനാമി തവ പ്രവൃത്തിം

ദേവശ്രേഷ്ഠാ, പ്രസാദിക്കണേ! ഉഗ്രരൂപനായ അങ്ങ് ആരാണെന്ന് എനിക്ക് പറഞ്ഞുതന്നാലും! അങ്ങേക്ക് നമസ്‌കാരം. ആദിപുരുഷനായ അങ്ങയെ അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങയുടെ പ്രവൃത്തി (അങ്ങെന്താണ് ലക്ഷ്യമാക്കുന്നതെന്ന്) മനസ്സിലാക്കാനാകുന്നില്ലല്ലോ!

ഭക്തിവിശ്വാസങ്ങളോടെ കൃഷ്ണസ്വരൂപത്തെ ധ്യാനിച്ചപ്പോള്‍ കൈവന്ന ദര്‍ശനം അര്‍ജുനന് ദഹിക്കുന്നില്ല. സ്വരൂപജ്ഞാനത്തിനുള്ള പക്വത ഇനിയും ആയിട്ടില്ലാത്തതുതന്നെ കാരണം. ആശ്ചര്യത്തെയും ഭയത്തെയും അതിജീവിക്കാനാവുന്നില്ല. ചിത്രത്തില്‍ കണ്ട ഉഗ്രരൂപനായ മഹാഭക്ഷകന്‍ ആരെന്ന് തിരിച്ചറിയുന്നില്ല. 'ഇതോ ഈശ്വരരൂപം!' എന്ന് ആശങ്ക! സര്‍വനാശകമാണ് ആ ഹിംസാത്മകരൂപം. നമസ്‌കാരം പറയുന്നതും പ്രസാദിക്കണേ എന്ന് കേഴുന്നതും ഭയത്താലാണ്. പ്രപഞ്ചോത്പത്തി തൊട്ടേ നിലനില്‍ക്കുന്ന ആളാണെന്ന് ദര്‍ശനത്തില്‍നിന്ന് പിടി കിട്ടി. എന്നിട്ടും ആളെ അറിയാനാവുന്നില്ല. അദ്ദേഹം ചെയ്യുന്നതിന്റെ അര്‍ഥമെന്തെന്നു നിരൂപിക്കാനും പറ്റുന്നില്ല.
കരുണാമയനും സ്‌നേഹസ്വരൂപനുമായ ഈശ്വരന്‍ എന്ന സങ്കല്പത്തിന് കടകവിരുദ്ധമാണ് ഇക്കാണായ രൂപം. അതുതന്നെയാണ് പ്രശ്‌നവും. ഇതാണോ പരമപദം! ഇതില്‍ എത്തിച്ചേരലാണോ സര്‍വോന്നതമായ മോക്ഷം?

നമുക്കെല്ലാം ഈ തോന്നല്‍ പലപ്പോഴുമുണ്ടാകാറുണ്ട്. ഒരു സുനാമിയോ ഭൂകമ്പമോ വരള്‍ച്ചയോ മഹാമാരിയോ പകര്‍ച്ചവ്യാധിയോ വന്‍ യുദ്ധംതന്നെയോ കാരണം കൊച്ചുകുട്ടികളുള്‍പ്പെടെ അനേകായിരം നിരപരാധികള്‍ ദാരുണമായി മരിക്കുമ്പോള്‍, നീതിമാനും പരമാശ്രയവുമായ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ കടപുഴങ്ങുന്നു. ഇതൊക്കെ ദൈവകൃതമെങ്കില്‍ ആരാണ് ഈ ദൈവമെന്നും ഈ ചെയ്യുന്നതിന്റെ അര്‍ഥമെന്തെന്നും അമ്പരന്ന് നാം വിവശരായിപ്പോകുന്നു.

(തുടരും)



MathrubhumiMatrimonial