ആഗോളതാപനത്തിനെതിരെ എവറസ്റ്റില്‍ നിന്ന് പ്രമേയം

Posted on: 04 Dec 2009



കാണ്ഠ്മണ്ഡു: കാലാവസ്ഥാവ്യതിയാനം നേരിടേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടാന്‍ നേപ്പാള്‍ മന്ത്രിസഭ ഇന്ന് എവറസ്റ്റില്‍ യോഗം ചേര്‍ന്നു. ലോകത്ത് ഏറ്റവും ഉയരത്തില്‍ നടക്കുന്ന മന്ത്രിസഭായോഗമാണിത്.

ആഗോളതാപനം ചെറുക്കാന്‍ ലോകരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്യുന്ന പ്രമേയം മന്ത്രിസഭായോഗം പാസാക്കി.

ആഗോളതാപനം ഉയര്‍ത്തുന്ന ഭീഷണി ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താന്‍ മാലെദ്വീപ് മന്ത്രിസഭ ഒക്ടോബറില്‍ കടലിന്നടിയില്‍ യോഗം ചേര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ലോകത്തെ ഏറ്റവും ഉയരമേറിയ കൊടുമുടിയില്‍ മന്ത്രിസഭായോഗം നടക്കുന്നത്.

അടുത്തയാഴ്ച കോപ്പന്‍ഹേഗനില്‍ കാലാവസ്ഥാ ഉച്ചകോടി ആരംഭിക്കുന്ന പശ്ചാത്തിലത്തിലാണ് ഈ പ്രതീകാത്മക നടപടി.


വെള്ളിയാഴ്ചത്തെ മന്ത്രിസഭായോഗത്തിന് മുന്നോടിയായി മെഡിക്കല്‍ ഉപകരണങ്ങളും ഓക്‌സിജന്‍ സിലണ്ടറുകളും ഉള്‍പ്പടെയുള്ള സാമിഗ്രികള്‍ എവറസ്റ്റില്‍ 5200 മീറ്റര്‍ (17,000 അടി) ഉയരത്തിലുള്ള കലിപറ്റാര്‍ ബേസ്‌ക്യാമ്പില്‍ എത്തിച്ചിരുന്നു. സൈനികരും പത്രപ്രവര്‍ത്തകരും മുമ്പേ തന്നെ അവിടെ സ്ഥാനംപിടിച്ചു.

നേപ്പാള്‍ മന്ത്രിസഭയിലെ 21 മന്ത്രിമാരെയും ഹെലികോപ്ടറിലാണ് ക്യാമ്പിലെത്തിച്ചിച്ചത്. യോഗവേളയില്‍ ചില മന്ത്രിമാര്‍ ഓക്‌സിജന്‍ മാസ്‌ക് ധരിച്ചിരുന്നു. യോഗം അരമണിക്കൂര്‍ നീണ്ടു.

യോഗത്തിന് ശേഷം ഹെലികോപ്ടറില്‍ തന്നെ മന്ത്രിമാര്‍ സ്ഥലംവിട്ടു.

വലിയ തുക ചെലവിട്ട് നടത്തുന്ന വെറും പബ്ലിസിറ്റി സ്റ്റണ്ടാണ് എവറസ്റ്റിലെ മന്ത്രിസഭായോഗം എന്ന ആക്ഷേപം പരിസ്ഥിതി മന്ത്രി താക്കൂര്‍ പ്രസാദ് തള്ളിക്കളഞ്ഞു.

'ആഗോളതാപനത്തിന്റെ ഫലമായി മഞ്ഞുപാളികള്‍ ഉരുകുന്നു എന്നത് വാസ്തവമാണ്. ഗുരുതരമായ പ്രശ്‌നമാണത്. ഇക്കാര്യത്തില്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍കഷിക്കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്'-മന്ത്രി പറഞ്ഞു.

ദക്ഷിണേഷ്യയിലെ ഇതര മേഖലകളെ അപേക്ഷിച്ച് ഹിമാലയത്തില്‍ താപനില കൂടുതല്‍ വര്‍ധിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചന നല്‍കുന്നു. അതിന്റെ ഫലമായി ഹിമാലയത്തിലെ മഞ്ഞുവീഴ്ച കുറയുകയും മഞ്ഞുരുക്കം ഏറുകയും ചെയ്തിരിക്കുന്നു.

മന്ത്രിസഭായോഗത്തിന്റെ ചെലവ് നേപ്പാളിലെ സ്വകാര്യസ്ഥാപനങ്ങളാണ് സ്‌പോണ്‍സര്‍ ചെയ്തത്.





MathrubhumiMatrimonial