githadharsanam

ഗീതാദര്‍ശനം - 380

Posted on: 03 Dec 2009

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം

പ്രപഞ്ചത്തിന്റെ ഒരു മഹാസ്​പന്ദത്തില്‍ അക്ഷരബ്രഹ്മത്തില്‍ സംഭവിക്കുന്ന വികാസപരിണാമങ്ങള്‍, അതിലെ അനുരണനസ്​പന്ദങ്ങളെ തുടര്‍ച്ചയായി ജനിപ്പിച്ചും രൂപാന്തരപ്പെടുത്തിയും തുടച്ചുമായ്ച്ചും മുന്നേറുന്നു. പ്രലയം സംഭവിക്കുന്നു, വീണ്ടും സൃഷ്ടി നടക്കുന്നു. മഹാവികാസത്തിന്റെയും മഹാസങ്കോചത്തിന്റെയും ഇടനിലകളിലാണ് പ്രപഞ്ചത്തിലെ സൃഷ്ടിയും സംഹാരവും ഒരുമിച്ചു സംഭവിക്കുന്നത്. ഉണ്ടായതിന്റെ നാശത്തിലൂടെയല്ലാതെ പുതുതായി ഉണ്ടാവുന്നില്ല ഒന്നും. പക്ഷേ, ഈ കൂടിക്കുഴച്ചിലില്‍ ഏതെങ്കിലുമൊരു മുഖം മാത്രമായി കാണാന്‍ ഒക്കുന്നില്ല.
മഹാസ്​പന്ദത്തിന്റെ മഹാസങ്കോചമോ മഹാവികാസമോ പര്യവസാനിക്കുന്ന ഘട്ടങ്ങളില്‍ എല്ലാ ചരാചരങ്ങളും ഒന്നടങ്കം സംഹരിക്കപ്പെടുന്നു, അഥവാ ലയിച്ചില്ലാതാകുന്നു. പിന്നെ ഒരു മഹാമൗനത്തിനു ശേഷമല്ലാതെ പുതുതായി ഒന്നും സൃഷ്ടിക്കപ്പെടുന്നുമില്ല.
പ്രലയത്തിരയായി വരുന്നത് അക്ഷരമെന്ന അവ്യക്തമാധ്യമത്തിന്റെ വികാസസങ്കോചങ്ങളുടെ ഫലമായ 'സാന്ദ്രതാവ്യതിയാന'മാണ്. അതിന്റെ മുന്നേറ്റം 'കണ്ടു'നില്‍ക്കുന്നവര്‍ക്ക് ഈ വര്‍ണനയില്‍ പറയുന്നതു ദൃശ്യമാകും. ഇത്തരം പ്രലയം ഒരു അണുകണത്തിനോ അണുവിനോ തന്‍മാത്രയ്‌ക്കോ ജീവകോശത്തിനോ സ്‌പെയ്‌സില്‍ എങ്ങാണ്ടൊക്കെ മാത്രമായോ പ്രപഞ്ചത്തിന് മൊത്തമായിത്തന്നെയോ സംഭവിക്കാം.
ആധുനിക പ്രപഞ്ചവിജ്ഞാനീയം തമോഗര്‍ത്തങ്ങളെക്കുറിച്ച് പറയുന്നു. അവയിലേക്ക് എല്ലാം ഓടിയുമൊഴുകിയും വീഴുന്നു. ഏതു ഭാഗത്തുനിന്ന് എന്തുതന്നെ അതിലേക്കു ചെന്നാലും അതെല്ലാം 'നൊട്ടിനുണയ'പ്പെടും. തരിമ്പും ശേഷിക്കില്ല. പ്രകാശംപോലും അതിനരികിലൂടെ പോയാല്‍ അതിലേക്ക് പതിക്കും. അതില്‍നിന്ന് ഒരു പ്രസരവും പുറത്തു വരാത്തതിനാല്‍ അതിനെ നിരീക്ഷിക്കാന്‍പോലും പറ്റില്ല.
ഒരു അണുകേന്ദ്രത്തിന്റെ പരിമിതിക്കകത്ത് ഒതുങ്ങുന്ന മിനിയേച്ചര്‍ തമോഗര്‍ത്തങ്ങളെപ്പറ്റിയും നമുക്കിപ്പോള്‍ സൈദ്ധാന്തികധാരണകളുണ്ട്.
പരമാത്മസ്വരൂപത്തിന്റെ ചിത്രം തെളിയുന്തോറും അത് (അന്നേ) നാട്ടുനടപ്പുള്ള ദൈവസങ്കല്പത്തില്‍നിന്ന് അകലുന്നു. പരമകാരുണികനായ ഈശ്വരന് ആ കാരുണ്യത്തിന് തുല്യമായ അളവില്‍ സംഹാരസ്വഭാവംകൂടി കൈവരികയാണല്ലോ!

(തുടരും)





MathrubhumiMatrimonial