
ഗീതാദര്‍ശനം - 379
Posted on: 01 Dec 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
എല്ലാ ഈയാംപാറ്റകളും തീയില്‍ വീണല്ല അവസാനിക്കുന്നത്. മഹാഭൂരിഭാഗവും സ്വാഭാവികമൃത്യുവിലെത്തുന്നു. തീ കാണാനിടയാവുകയും അതിലേക്ക് നീങ്ങാന്‍ തോന്നുകയും ചെയ്യുന്നവയ്‌ക്കേ ജീവനോടെ ദഹനം സംഭവിക്കൂ.
കാമക്രോധാദി വികാരങ്ങളോടുള്ള പോരിലും ഇതു ശരിയാണ്. ജീവച്ഛക്തിതന്നെയാണ് ഈ വികാരങ്ങളാകുന്നത്. അന്യഥാ നേര്‍വഴിയില്‍ ഗതിവേഗം നല്‍കാനുള്ള ഊര്‍ജം പാഴിലാകുന്നു എന്നു മാത്രമല്ല അവയെ ചെറുക്കാനും ഏറെ ജീവച്ഛക്തി ചെലവഴിക്കേണ്ടിവരുന്നു.
മനുഷ്യജീവിതത്തില്‍ ശരിയായ ലക്ഷ്യബോധത്തിനുള്ള പ്രാധാന്യത്തിനാണ് ഇവിടെ അടിവര. പരമാത്മസാരൂപ്യമാണ് ലക്ഷ്യമാകേണ്ടത്. ആ ലക്ഷ്യം അവിനാശിയാണ്. അതില്‍ ഉറച്ചുനിന്നാല്‍ ജന്മനഷ്ടം സംഭവിക്കില്ല. കാലഹരണം പക്ഷേ, ഏത് ജന്മത്തിനുമുണ്ട്. വ്യത്യാസമെന്തെന്നാല്‍, ദിശാബോധം ശരിയായവരുടെ അന്തിമപ്രലയം നാശമല്ല, മൂത്തു പഴുത്ത കായുടെ ഞെട്ടിറയലാണ്. തെറ്റായ ദിശാബോധമോ, ജന്മനാശം വരുത്തുന്നു.
ലേലിഹ്യസേ ഗ്രസമാനഃ സമന്താത്
ലോകാന്‍ സമഗ്രാന്‍ വദനൈര്‍ജ്വലദ്ഭിഃ
തേജോഭിരാപൂര്യ ജഗത് സമഗ്രം
ഭാസസ്തവോഗ്രാഃ പ്രതപന്തി വിഷ്‌ണോ
സര്‍വത്ര ജ്വലിച്ചുകൊണ്ടിരിക്കുന്ന മുഖങ്ങളാല്‍ അങ്ങ് എല്ലായിടത്തുനിന്നും സകല ലോകങ്ങളെയും വിഴുങ്ങി നൊട്ടിനുണയുന്നു. ഹേ, സര്‍വവ്യാപിയായവനേ, അങ്ങയുടെ ഉഗ്രകിരണങ്ങള്‍ പ്രപഞ്ചത്തെയൊട്ടാകെ തേജസ്സുകളാല്‍ പൂരിപ്പിച്ച് ദഹിപ്പിക്കുന്നു.
'വിഷ്‌ണോ' എന്നാണ് സംബോധന. ഇവിടെ വിഷ്ണുപദത്തിന് വ്യാപനശീലന്‍ എന്ന് അര്‍ഥം ധരിക്കണമെന്ന് ആചാര്യസ്വാമികള്‍ നിഷ്‌കര്‍ഷിക്കുന്നു. അതിര്‍ത്തിയില്ലാത്ത ബ്രഹ്മത്തെത്തന്നെയാണ് ഉദ്ദേശിക്കുന്നത്.
ആ ബ്രഹ്മം ഈ ദൃശ്യത്തില്‍ സര്‍വവിനാശകാരിയായാണ് കാണപ്പെടുന്നത്. മൊത്തം പ്രപഞ്ചത്തെ എരിയിക്കുന്ന ചിതപോലെ ഭയാനകമാണ് ആ കാഴ്ച. നക്ഷത്രപ്പൂക്കള്‍ വിരിയിച്ചും താരാകദംബപ്പമ്പരങ്ങള്‍ കറക്കിയും പൂക്കാലങ്ങള്‍ ഒരുക്കിയുമൊക്കെയുള്ള സൃഷ്ടി കേളിയുടെ നേര്‍ വിപരീതം.
(തുടരും)





