githadharsanam

ഗീതാദര്‍ശനം - 378

Posted on: 01 Dec 2009

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം


അതുപോലെ, എല്ലാ നദികളും കടലില്‍നിന്നുയരുന്ന നീരാവി മേഘമായി പറന്നുപോയി മഴയായി പെയ്ത് ഉണ്ടാകുന്നു. ജീവന്‍ എന്ന മോര്‍ഫൊജനറ്റിക് ഫീല്‍ഡും പരമാത്മാവില്‍നിന്ന് ഉരുവപ്പെട്ട് ശരീരം നിര്‍മിച്ച് ക്ഷരപ്രപഞ്ചത്തിലെ നിമ്‌നോന്നതികളിലൂടെ പോന്ന്, ആത്യന്തികമായി, തിരികെ പരമാത്മാവില്‍ ലയിക്കുന്നു. എത്ര നദീജന്മങ്ങളുടെ തനിയാവര്‍ത്തനം കഴിഞ്ഞാലാണ് വീണ്ടും പരമലയം എന്നു നിശ്ചയിക്കുന്നതില്‍ പക്ഷേ, നദികള്‍ക്കില്ലാത്ത ഇച്ഛാസ്വാതന്ത്ര്യം മനുഷ്യര്‍ക്കുണ്ട്. ഈ സ്വാതന്ത്ര്യം ഉപയോഗിക്കുക എന്ന ഒരേ ഒരു കാര്യത്തിലേ 'എന്റെ ഭാഗധേയം നിശ്ചയിക്കുന്നത് ഞാന്‍ മാത്രമാണ്' എന്ന് നമുക്കു പറയാനാവൂ. ഞാനാണ് പരമാധികാരി എന്നും ഞാനാണ് ലോകം ഭരിക്കുന്നതെന്നുമൊക്കെ ധരിച്ചുവശായ പരമവിഡ്ഢികളുടെ ദാരുണകഥകള്‍ മനുഷ്യചരിത്രത്തിലെ വലിയ നേരമ്പോക്കുകളാണല്ലോ.
എന്റെ കൂടപ്പിറപ്പുകളായ വേണ്ടാവികാരങ്ങളെ, അവ എന്റെ ആത്മസ്വരൂപപ്രാപ്തിക്ക് തടസ്സമായി നില്‍ക്കുന്നതിനാല്‍, ഇല്ലായ്മ ചെയ്യേണ്ടത് എന്റെ കര്‍ത്തവ്യമാണ്. ഞാനെന്ന സൃഷ്ടിയുടെ ഉദ്ദേശ്യമാണ് ആ ക്രിയ. അതു ഞാന്‍ ചെയ്യുമ്പോള്‍ ഞാനൊരു ഉപകരണം മാത്രമാണ്. പ്രകൃതിയാണ് പ്രവര്‍ത്തിക്കുന്നത്. അതിനു പിന്നിലെ ചോദന പരംപൊരുളുമാണ്.
അര്‍ജുനനെ (നമ്മെയും) വിഷാദയോഗങ്ങളിലൂടെ ഈ വിഷമാവസ്ഥയിലെത്തിക്കുകയും നമുക്കതില്‍നിന്നു മാത്രമല്ല എല്ലാ പാരതന്ത്ര്യങ്ങളില്‍നിന്നും ഗീതയെന്ന ഈ അറിവിലൂടെ മോചനം നല്‍കുകയും ചെയ്യുന്നതും പരംപൊരുള്‍തന്നെ. വഴിയും എത്തേണ്ടിടവും വഴിനടക്കാരനും എല്ലാം ഒന്നുതന്നെ.

യഥാ പ്രദീപ്തം ജ്വലനം പതംഗാഃ
വിശന്തി നാശായ സമൃദ്ധവേഗാഃ
തഥൈവ നാശായ വിശന്തി ലോകാഃ
തവാപി വക്ത്രാണി സമൃദ്ധവേഗാഃ

ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്‌നിയിലേക്ക് പാറ്റകള്‍ എപ്രകാരം (സ്വന്തം) നാശത്തിനായി അതിവേഗം പ്രവേശിക്കുന്നുവോ അപ്രകാരംതന്നെ ഈ ജനങ്ങളും (തങ്ങളുടെ) നാശത്തിനായി അതിവേഗം അങ്ങയുടെ വായ്കളില്‍ പ്രവേശിക്കുന്നു.
അനേകം ജന്മങ്ങള്‍ക്കു ശേഷം ജീവന് ലഭിച്ച മനുഷ്യരൂപം അറിവിന് നിറയാനുള്ള പാത്രമാണ്. ആത്മനാശത്തിന്റെ അഗ്‌നിയിലേക്ക് പറന്നെത്താനുള്ള വാഹനമല്ല. തെറ്റായ ധാരണ വെച്ചാണ് പാറ്റകള്‍ തീയില്‍ ചെന്നു വീഴുന്നത്. ഏത് യുദ്ധഭൂമിയിലും പടയാളികള്‍ പരസ്​പരം കൊല്ലാന്‍ നില്‍ക്കുന്നത് തെറ്റായ ധാരണയാലാണ്. അധികാരത്തര്‍ക്കത്തില്‍നിന്ന് ഉത്ഭവിക്കുന്നതും വിനാശകരവുമാണ് യുദ്ധം. ഒന്നിനുമത് പരിഹാരമല്ല. ആണെന്നു വിചാരിക്കുന്നവര്‍ അകാലത്ത് അപമൃത്യുവില്‍ പെടുന്നു.

(തുടരും)



MathrubhumiMatrimonial