githadharsanam

ഗീതാദര്‍ശനം - 377

Posted on: 30 Nov 2009

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം


കുരുക്ഷേത്രയുദ്ധത്തിന്റെ ഫലപ്രവചനം ഈ ദൃശ്യത്തിലുണ്ട്. യോഗേശ്വരനായ കൃഷ്ണന്‍ എല്ലാം നേരത്തേ അറിഞ്ഞു എന്ന് കരുതണം. ആ സര്‍വജ്ഞതയിലേക്ക് അര്‍ജുനന് ഒരു താക്കോല്‍പ്പഴുതുനോട്ടം (key-hole view) കിട്ടുന്നു. ആ ഉള്‍ക്കാഴ്ച ധ്യാനയോഗത്തിലൂടെ അര്‍ജുനന്‍ പകര്‍ന്നു നേടി എന്നും പറയാം. നേടിയത് അര്‍ജുനന്‍തന്നെ എങ്കിലും ആ നേട്ടത്തിലേക്കുള്ള വാതിലായത് ദിവ്യദൃഷ്ടിയാണല്ലോ. അതായത്, പ്രപഞ്ചമനസ്സിന്റെ കരുണാമയമായ അനുഗ്രഹം ഉണ്ടായി എന്നുതന്നെ.

(ധ്യാനയോഗത്തിലൂടെ കാലാന്തരജ്ഞാനം സാധ്യമാണ് എന്ന് പറയപ്പെട്ടിട്ടുണ്ട്. യോഗം ശീലിക്കാത്തവര്‍പോലും ചില സന്ദര്‍ഭങ്ങളില്‍ വരുംവരായ്കകള്‍ മുന്‍കൂട്ടി കണ്ട ചരിത്രം ധാരാളമുണ്ട്. മനസ്സിന്റെ അറിയപ്പെടാത്ത കഴിവുകളെക്കുറിച്ച് കാര്യപ്പെട്ട ഗവേഷണങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. അനുഭവസാക്ഷ്യം നല്‍കാനില്ലാത്തവര്‍ക്ക് ചെയ്യാവുന്നത് ഒന്നുകില്‍ ആധുനികശാസ്ത്രം തെളിവുസഹിതം അവസാനവാക്കു പറയുവോളം കാത്തിരിക്കുകയോ അല്ലെങ്കില്‍ ധ്യാനയോഗം പരിശീലിച്ച് സ്വയം പരീക്ഷിച്ചറിയുകയോ ആണ്.)
യഥാ നദീനാം ബഹവോശംബുവേഗാഃ

സമുദ്രമേവാഭിമുഖാ ദ്രവന്തി
തഥാ തവാമീ നരലോകവീരാഃ
വിശന്തി വക്ത്രാണ്യഭിവിജ്വലന്തി
എപ്രകാരമാണോ പുഴകളുടെ പലവഴിക്കും വരുന്ന നീരൊഴുക്കുകള്‍ കടലിനെ ലക്ഷ്യമാക്കിത്തന്നെ പ്രവഹിക്കുന്നത്, അപ്രകാരം ഈ മഹാവീരന്മാര്‍ അങ്ങയുടെ കത്തിജ്ജ്വലിക്കുന്ന വായകളിലേക്ക് പ്രവേശിക്കുന്നു. ('അഭിധോ ജ്വലന്തി' എന്ന് പാഠഭേദം.)
ഭൂമിയുടെ പുറമെ ഒഴുകിയോ മണ്ണിലേക്ക് ഉള്‍വലിഞ്ഞ് ഭൂഗര്‍ഭനീര്‍വാര്‍ച്ചയായോ എല്ലാ പുഴകളും സമുദ്രത്തില്‍ എത്തുന്നു. ജനനമരണങ്ങള്‍ക്കിടയിലെ മനുഷ്യജീവിതത്തെ, ഉത്ഭവം മുതല്‍ സമുദ്രപ്രവേശം വരെയുള്ള പ്രവാഹമായ നദിയോട് ഉപമിക്കാറുണ്ട്. ജീവിതത്തിന്റെ ലക്ഷ്യം മരണമല്ലാത്തതുപോലെ നദിയുടെ ലക്ഷ്യം സമുദ്രലയവുമല്ല. പക്ഷേ, മനുഷ്യന് മരണവും നദിക്ക് സമുദ്രലയവും സ്വാഭാവികപരിണതികളാണ്. ഒരു നദിയെയും കടലിലെത്തിച്ചത് താനാണ് എന്ന് ഒരു ഭൂവിഭാഗവും കരയും പറയാറില്ല. വഴിയിലെ ഓരോ ഉയരത്താഴ്ചയും നദിയുടെ ഗതി നിശ്ചയിക്കുന്നത് അതതിന്റെ സ്വഭാവമനുസരിച്ചാണ്. ആ സ്വഭാവത്തിന് കാരണം പ്രകൃതിയാണ്. അതുപോലെ, അവസാനവിശകലനത്തില്‍ ആരുടെയെങ്കിലും മരണത്തിന് മറ്റാരും ഉത്തരവാദിയല്ല. പ്രത്യക്ഷകാരണം എന്തുമാകട്ടെ, ആത്യന്തികകാരണം പ്രകൃതിയാണ്. പ്രകൃതിയുടെ അധിഷ്ഠാനം പരംപൊരുളുമാണ്.

(തുടരും)



MathrubhumiMatrimonial