
ഗീതാദര്‍ശനം - 376
Posted on: 29 Nov 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
അമീ ച ത്വാം ധൃതരാഷ്ട്രസ്യ പുത്രാഃ
സര്‍വൈ സഹൈവാവനിപാലസംഘൈഃ
ഭീഷ്‌മോ ദ്രോണഃ സൂതപുത്രസ്തഥാസൗ
സഹാസ്മദീയൈരപി യോധമുഖൈ്യഃ
വക്ത്രാണി തേ ത്വരമാണാ വിശന്തി
ദംഷ്ട്രാകരാളാനി ഭയാനകാനി
കേചിദ്വിലഗ്‌നാ ദശനാന്തരേഷു
സംദൃശ്യതേ ചൂര്‍ണിതൈരുത്തമാംഗൈഃ
ഈ ധൃതരാഷ്ട്രപുത്രന്മാരും ഭീഷ്മരും ദ്രോണരും അതുപോലെ ഈ കര്‍ണനും നമ്മുടെ (പക്ഷത്തെ) യുദ്ധവീരന്മാര്‍ ഉള്‍പ്പെടെ എല്ലാവരും അങ്ങയെ പ്രാപിക്കുന്നു - കരാളദംഷ്ട്രങ്ങളുള്ളവയും ഭയങ്കരങ്ങളുമായ അങ്ങയുടെ വായകളിലേക്ക് ദ്രുതഗതിയില്‍ വീഴുന്നു. (ഇവരില്‍) ചിലര്‍ തവിടുപൊടിയായ തലകളോടെ പല്ലിടകളില്‍ കുടുങ്ങിക്കിടക്കുന്നതായും കാണപ്പെടുന്നു.
വിശ്വരൂപദര്‍ശനമെന്ന ത്രിമാന-ആനിമേഷന്‍ പ്രസന്‍േറഷന്‍ ഇപ്പോള്‍ ഫാസ്റ്റ് ഫോര്‍വേഡില്‍ (ശമീറ ശ്ിനമ്രില) ഭാവിയിലേക്കോടുകയാണ്. എന്നിട്ട് ഒരു ദൃശ്യത്തില്‍ ഫ്രീസ് (ശിവവസ്ഥവ) ചെയ്ത് നില്‍ക്കുന്നു. എന്താണ് ആ ദൃശ്യത്തിന്റെ സവിശേഷതകള്‍? സ്വച്ഛന്ദമൃത്യുവായ ഭീഷ്മരും ആയുധവിദ്യയുടെ മഹാഗുരുവായ ദ്രോണരും സൂര്യപുത്രനായ കര്‍ണനുമുള്‍പ്പെടെ ഇരുപക്ഷങ്ങളിലുമുള്ള യോദ്ധാക്കള്‍ ഭയാനകമായ കാലവക്ത്രത്തിലേക്ക് പ്രവേശിക്കുകയാണ്. അവരില്‍ ചിലര്‍ ആ വലിയ വായിലെ കൂറ്റന്‍ പല്ലുകള്‍ക്കിടയില്‍ ചതഞ്ഞരഞ്ഞ ശിരസ്സുകളോടെ കുടുങ്ങിക്കിടക്കുന്നുമുണ്ട്.
ഇപ്പറഞ്ഞ എല്ലാരും ആത്മനാശത്തിലേക്ക് സ്വമേധയാ പ്രവേശിക്കുകയാണ്. സ്വന്തമിഷ്ടപ്രകാരമാണല്ലൊ ഭീഷ്മര്‍ വില്ലു വെച്ച് മരണത്തെ ഏറ്റുവാങ്ങുന്നത്. ദ്രോണരും ഒരു അസത്യപ്രസ്താവം കേട്ടാണെങ്കിലും മരണത്തെ സ്വനിശ്ചയപ്രകാരം ഏറ്റുവാങ്ങുകയാണ്. അര്‍ജുനനെയല്ലാതെ ആരെയും കൊല്ലില്ല, അമ്മയ്ക്ക് എന്നും അഞ്ചു മക്കള്‍ ശേഷിക്കും എന്ന് കുന്തിക്ക് വാക്കു കൊടുത്ത നിമിഷത്തില്‍ കര്‍ണന്‍ തന്റെ മരണം സ്വയം വരിച്ചു എന്നു പറയാം. തന്നെ തിരസ്‌കരിച്ച സമൂഹത്തോട് ധീരമായും വിട്ടുവീഴ്ചയില്ലാതെയും പ്രതിഷേധിച്ചതില്‍പ്പിന്നെ തന്റെ മാനം കാക്കാന്‍ സഹായിച്ച ദുര്യോധനനുവേണ്ടി മരിക്കുകയേ കര്‍ണന് കരണീയമായുണ്ടായിരുന്നുള്ളൂ.
(തുടരും)





