githadharsanam

ഗീതാദര്‍ശനം - 374

Posted on: 27 Nov 2009

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം


പതിനെട്ടും പത്തൊന്‍പതും ഇരുപതും ശ്ലോകങ്ങളില്‍ പരമാത്മാവിന്റെ ആദ്യന്തവിഹീനതയും അനന്തവ്യാപ്തിയും തൊട്ടുകാണിച്ചു. ഇപ്പോള്‍ എല്ലാറ്റിനെയും പ്രലയനം ചെയ്യിക്കുന്ന രുദ്രഭാവം എടുത്തുകാണിക്കുന്നു. പ്രാതിഭാസികമായിട്ടുള്ള നാമരൂപങ്ങളുടെയെല്ലാം അധിഷ്ഠാനമായിരിക്കുന്നത് നിത്യസദ്‌വസ്തുവായ ബ്രഹ്മമാണ്. അതുകൊണ്ട്, സൃഷ്ടമായതിനെയെല്ലാം സംഹാരപ്രക്രിയകൊണ്ട് ഹനിച്ചാലും ബ്രഹ്മത്തിന്റെ അസ്തിത അവശേഷിക്കും.''
ദംഷ്ട്രാകരാളാനി ച തേ മുഖാനി
ദൃഷ്‌ടൈ്വവ കാലാനലസന്നിഭാനി
ദിശോ ന ജാനേ ന ലഭേ ച ശര്‍മ
പ്രസീദ ദേവേശ ജഗന്നിവാസ
തേറ്റപ്പല്ലുകള്‍കൊണ്ട് ഭയങ്കരങ്ങളും കാലാഗ്‌നിതുല്യങ്ങളുമായ അങ്ങയുടെ മുഖങ്ങള്‍ കണ്ടിട്ടുതന്നെ (എനിക്ക്) ദിക്കുകള്‍ അറിയാതായിരിക്കുന്നു, മനശ്ശാന്തി കിട്ടുന്നുമില്ല. ജഗത്താകമാനം അധിവസിക്കുന്ന പ്രകാശേശ്വരാ, പ്രസാദിച്ചാലും.
ബാഹുബലം എത്രയുണ്ടായാലും, മെഗാമെഗാട്ടണ്‍ ബോംബുകള്‍ എത്രയെല്ലാം കൈവശമുണ്ടായാലും ലോകത്രയം കീഴടക്കിയവനായാലും മനുഷ്യന്‍ ഈ പ്രലയനശക്തിക്കു മുന്നില്‍ തീര്‍ത്തും നിസ്സഹായനും നിരാലംബനുമാണ് എന്നാണ് പാഠതാത്പര്യം. പരിസരബോധം നഷ്ടപ്പെട്ട് മനശ്ശാന്തി കൈമോശം വന്ന് ഭയചകിതനായി ആ ശക്തിയോട് 'കാരുണ്യം കാട്ടിയാലും!' എന്ന് ഇരക്കുകയല്ലാതെ ഗത്യന്തരമില്ല. മായ്ക്കപ്പെടുന്ന സ്‌ളേറ്റില്‍ എഴുതിയ അക്ഷരമായിപ്പോകുന്നു ഏത് കൊലകൊമ്പനും. ഈ അവസ്ഥയില്‍ മാനസികാഘാതം കാരണം വീണുപോകാം, ബോധം തിരിച്ചുകിട്ടുമ്പോള്‍ ഈശ്വരഭക്തിയുണ്ടാകാം, ആ ഭക്തിയുടെ പാരമ്യത്തില്‍ പരംപൊരുളില്‍ ലയിക്കാം. ബോധം തിരികെ കിട്ടിയാലും ഓടി രക്ഷപ്പെടാന്‍ വെറുതെ ശ്രമിച്ച് എങ്ങുമെത്താതെ വീഴാം. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടവും സംസ്‌കാരവും അനുസരിച്ചിരിക്കും. ഏതായാലും, ഈ കാഴ്ച ഒരിക്കല്‍ കണ്ട ആരും താന്‍പോരിമ എന്നതിന് തന്‍വലിപ്പം എന്ന അര്‍ഥം കല്പിക്കാനിടയില്ല. തന്റെ ചെറുപ്പവും ക്ഷണികതയും മനസ്സിലാക്കാതിരിക്കയുമില്ല.

(തുടരും)



MathrubhumiMatrimonial