
ഗീതാദര്‍ശനം - 373
Posted on: 26 Nov 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
അര്‍ജുനന്‍ കിടുകിടെ വിറച്ച് തൊഴുതുകൊണ്ടാണ് സംസാരിക്കുന്നത്. സൃഷ്ട്യുന്മുഖമായ പ്രസാദാത്മകതയല്ല, ലോകങ്ങളെ അരച്ചു കലക്കി കുടിക്കാന്‍ ഉദ്യുക്തമായ സംഹാരവ്യഗ്രതയാണ് പരംപൊരുളിന്‍േറതായി ഇവിടെ കാണപ്പെടുന്ന ഭാവം. (പ്രസാദാത്മകഭാവം ദൃശ്യാവിഷ്‌കാരത്തിന്റെ ട്രാക്കില്‍ (track) ഇപ്പോള്‍ ഇല്ല. പ്രപഞ്ചനിര്‍മിതി കാണിച്ചപ്പോള്‍ അതുകൂടി കാണിക്കുകയുണ്ടായി. പതിനഞ്ചാമത്തെ ശ്ലോകം നോക്കുക. കുരുക്ഷേത്രയുദ്ധത്തിലെ കൃഷ്ണനെന്ന സാരഥിയില്‍ കാണാവുന്നതല്ല ആ ഭാവത്തിന്റെ ചിത്രം. ഇനി സംഹാരഭാവം മാത്രം. ഇതുമൊരു പുനഃസൃഷ്ടിയുടെ മുന്നോടിയാണെന്ന് മഹര്‍ഷിമാര്‍ക്കു മാത്രം അറിയാം. അതുകൊണ്ട് അവര്‍ മംഗളാശംസകളോടെ സ്തുതിക്കുന്നു.)
നഭഃസ്പൃശം ദീപ്തമനേകവര്‍ണം
വ്യാത്താനനം ദീപ്തവിശാലനേത്രം
ദൃഷ്ട്വാ ഹി ത്വാം പ്രവ്യഥിതാന്തരാത്മാ
ധൃതിം ന വിന്ദാമി ശമം ച വിഷ്‌ണോ
എല്ലാ ഇടവും നിറഞ്ഞു നില്‍ക്കുന്നവനേ, ആകാശം മുട്ടുന്നവനും പല വര്‍ണങ്ങളില്‍ വെട്ടിത്തിളങ്ങുന്നവനും തുറന്ന വായോടുകൂടിയവനും ജ്വലിക്കുന്ന വലിയ കണ്ണുകളോടുകൂടിയവനുമായ അങ്ങയെ കാണുമ്പോഴേ എന്റെ ഉള്ളം കിടിലംകൊള്ളുന്നു. മനസ്സിന് ഉറപ്പൊ സമാധാനമൊ ഒട്ടുമേ കിട്ടാതായിരിക്കുന്നു.
സംഹാരഭാവത്തിന് അടിക്കടി കടുപ്പം കൂടുന്നു. ആകാശം മുട്ടെ കാണുന്ന ലോങ്ങ് ഷോട്ടില്‍നിന്ന് (long shot) മുഖത്തിന്റെ ക്ലോസപ്പിലേക്ക് (close-up) ഒരു എടുത്തുചാട്ടം (jump-cut) . (വൈദ്യുതിയും ഉപഗ്രഹവും ട്രാന്‍സ്‌പോണ്ടറുമില്ലാതെ ദൃശ്യമാധ്യമാവിഷ്‌കാരം എങ്ങനെ ഫലപ്രദമാക്കാമെന്ന് വേദവ്യാസര്‍ കാണിച്ചുതരുന്നു.) ഗുരു നിത്യചൈതന്യയതി പറയുന്നു, ''പതിനഞ്ചാമത്തെ ശ്ലോകത്തില്‍ പ്രഭവത്തെ സൂചിപ്പിക്കുന്നതായ ബ്രഹ്മാവിനെക്കുറിച്ച് പറഞ്ഞു. പതിനേഴാമത്തെ ശ്ലോകത്തില്‍ സ്ഥിതിയെ സൂചിപ്പിക്കുന്ന വിഷ്ണുവിനെപ്പറ്റി പറഞ്ഞു.''
(തുടരും)





