
ഗീതാദര്‍ശനം - 372
Posted on: 24 Nov 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
ഈ പറയുന്നവരെല്ലാം പുരാണങ്ങളിലെ കഥാപാത്രങ്ങളാണ്. ബ്രഹ്മാവിന്റെ പുരികക്കൊടിയില്‍നിന്ന് ഉണ്ടായവരാണ് രുദ്രന്മാര്‍ (ദുഷ്ടരെ രോദിപ്പിക്കുന്നവര്‍). അവര്‍ പതിനൊന്നു പേര്‍ ഉണ്ട്. പുരികം വളയുന്നത് അപ്രിയത്തിലാണല്ലോ. ഇവര്‍ ശക്തരും ശിക്ഷകരുമാണ്. അദിതി (മുറിവില്ലാത്തത്) പെറ്റ പന്ത്രണ്ട് മക്കളാണ് ആദിത്യന്മാര്‍ എന്നും ഇവരെ, മറ്റൊരു കാഴ്ചപ്പാടില്‍, പന്ത്രണ്ട് മാസങ്ങളുടെ അധിപതികളായിക്കൂടി കണക്കാക്കുന്നു എന്നും നേരത്തേ പറഞ്ഞു. ധര്‍മദേവന് ദക്ഷപുത്രിയായ വസുവില്‍ ഉണ്ടായ എട്ടു പുത്രരാണ് അഷ്ടവസുക്കള്‍. വസു എന്ന് രത്‌നത്തിന് പര്യായമുണ്ട് (ഗുണങ്ങള്‍ അതില്‍ വസിക്കുന്നതിനാല്‍). നിര്‍ഭയാദി പന്ത്രണ്ട് ഗണദേവതകളെയാണ് സാധ്യര്‍ എന്നു വിളിക്കുന്നത്. (ഗണദേവന്‍മാര്‍ = ഒന്നിച്ചു സഞ്ചരിക്കുന്ന ദേവന്‍മാര്‍). ധര്‍മദേവന് ദക്ഷപുത്രിയായ വിശ്വയിലുണ്ടായ മക്കളാണ് വിശ്വദേവന്മാര്‍. ശ്രാദ്ധവുമായി ബന്ധപ്പെട്ടാണ് ഇവരെ സ്മരിക്കുന്നത്. സൂര്യപുത്രരാണ് അശ്വിനീദേവകള്‍. അവര്‍ ഇരുവരും ദേവവൈദ്യന്‍മാരെന്ന് പ്രസിദ്ധരാണ്. ദിതിപുത്രരായ നാല്പത്തിയൊന്‍പത് ദേവന്‍മാരാണ് മരുത്തുക്കള്‍. ഇടിയും മിന്നലും ഇവരുടെ ആയുധങ്ങളാണ്. അസുരകുലത്തിലാണ് ജനിച്ചതെന്നാലും ഇന്ദ്രന്‍ ഇവര്‍ക്ക് ദേവപദവി നല്‍കി തന്റെ ഇഷ്ടക്കാരാക്കി. പിതൃക്കളില്‍ ഒരു വിഭാഗമാണ് ഊഷ്മപാക്കള്‍. (അവര്‍ ചൂടിനെ പാനം ചെയ്യുന്നു.) സ്വര്‍ഗത്തിലെ സകലകലാവല്ലഭരാണ് ഗന്ധര്‍വന്‍മാര്‍. അവര്‍ കശ്യപപ്രജാപതിക്ക് അരിഷ്ടയില്‍ ജനിച്ച പുത്രന്‍മാരാണ്. മായകൊണ്ട് ആത്മരക്ഷ സാധിക്കുന്നവരാണ് രാക്ഷസര്‍. യക്ഷന്മാരും യക്ഷികളും കുബേരന്റെ നിധി കാക്കുന്നവരാണ്. (സീരിയലുകളില്‍ വരുന്ന തേറ്റപ്പല്ലുകാരല്ല.) അന്യഥാ ഉപദ്രവികളല്ലാത്തതിനാല്‍ പുണ്യജനം എന്നും ഇവര്‍ക്ക് പേരുണ്ട്.
(തുടരും)





