
ഗീതാദര്‍ശനം - 371
Posted on: 23 Nov 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
പ്രപഞ്ചമെന്ന മഹാക്ഷേത്രത്തിന്റെ ഒരു മിനിയേച്ചര്‍ (miniature) പതിപ്പായി കുരുക്ഷേത്രത്തെ കാണുമ്പോള്‍ വൈരുധ്യങ്ങളുടെ ഉല്‍ഗ്രഥനംതന്നെയാണ് 'ഇവിടെ' നടക്കുന്നതെന്ന് മനസ്സിലാവും. കാമക്രോധാദികളും പരംപൊരുളിന്റെ തന്നെ പ്രകാശങ്ങളാണ്, അഥവാ, ദേവന്മാരാണ്. ഈ രഹസ്യം ഉള്‍പ്പെടെ പരംപൊരുളിന്റെ നിജസ്ഥിതി അറിയാവുന്നവരാണ് സ്തുതിക്കുന്നത്.
മനുഷ്യരെല്ലാം ദേവന്മാരാണ്. പക്ഷേ, ചിലര്‍ അക്കാര്യം അറിയുന്നില്ല. അവര്‍ മരണത്തെ ഭയപ്പെടുന്നു, അതില്‍നിന്ന് രക്ഷിക്കണേ എന്ന് കേഴുന്നു. മറ്റു ചിലര്‍ ഈ മരണം ജന്മനാ കൂടെയുള്ളതാണെന്ന് അറിവുള്ളതിനാല്‍ ഭയപ്പെടുന്നില്ല. അവര്‍ കൃത്യനിര്‍വഹണം ജന്മലക്ഷ്യമായി കരുതുന്നു. അതിന്റെ ഭാഗമായി പരംപൊരുളിനെ അന്തിമശരണം പ്രാപിക്കുന്നു. തത്ത്വമറിയാവുന്നവര്‍ വൈരുധ്യങ്ങളുടെ ഉദ്ഗ്രഥനമെന്ന ഈ നാടകം മംഗളകരമായി ഭവിക്കട്ടെ എന്ന ആശംസയോടെ ഇതിന്റെ സൂത്രധാരനെ പുകഴ്ത്തുന്നു. ധര്‍മാധര്‍മങ്ങളുടെ സംഘര്‍ഷത്തില്‍ അവര്‍ ധര്‍മത്തിന്റെ ഭാഗത്താണെന്നു സാരം. തത്കാലം എങ്ങനെ ഇരുന്നാലും സുഖപര്യവസായിയാണ് ഈ നാടകം എന്ന് അവര്‍ക്കറിയാം.
രുദ്രാദിത്യാ വസവോ യേ ച സാധ്യാഃ
വിശ്വേശശ്വിനൗ മരുതശ്ചോഷ്മപാശ്ച
ഗന്ധര്‍വയക്ഷാസുരസിദ്ധസംഘാഃ
വീക്ഷന്തേ ത്വാം വിസ്മിതാശ്ചൈവ സര്‍വേ
രുദ്രന്മാര്‍, ആദിത്യന്മാര്‍, വസുക്കള്‍, സാധ്യന്മാര്‍, വിശ്വദേവന്മാര്‍, അശ്വിനീദേവന്മാര്‍, മരുത്തുക്കള്‍, പിതൃക്കള്‍, ഗന്ധര്‍വന്മാര്‍, യക്ഷന്മാര്‍, അസുരന്മാര്‍, സിദ്ധന്മാര്‍ എന്നിങ്ങനെ ആരെല്ലാമുണ്ടോ അവരെല്ലാം അത്ഭുതപരവശരായി അങ്ങയെ നോക്കി നില്‍ക്കുന്നു.
(തുടരും)





