
ഗീതാദര്‍ശനം - 370
Posted on: 22 Nov 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
അമീഹി ത്വാം സുരസംഘാ വിശന്തി
കേചിദ്ഭീതാഃ പ്രാഞ്ജലയോ ഗൃണന്തി
സ്വസ്തീത്യുക്ത്വാ മഹര്‍ഷിസിധസംഘാഃ
സ്തുവന്തി ത്വാം സ്തുതിഭിഃ പുഷ്‌കലാഭിഃ
അങ്ങാണ് നിത്യമായ ധര്‍മത്തിന്റെ പാലകന്‍ എന്നതിനാല്‍ ഈ ദേവസമൂഹങ്ങള്‍ അങ്ങയെ ശരണം പ്രാപിക്കുന്നു. ചിലര്‍ പേടിച്ച് കൈ കൂപ്പി പ്രാര്‍ഥിക്കുന്നു. മഹര്‍ഷിമാരും സിദ്ധന്മാരും 'മംഗളം ഭവിക്കട്ടെ' എന്നാശംസിച്ച് ശബ്ദാര്‍ഥപുഷ്ടിയുള്ള സ്‌തോത്രങ്ങള്‍കൊണ്ട് പ്രകീര്‍ത്തിക്കുന്നു.
പരമാത്മാവ് കാലാതീതമായ ധര്‍മത്തിന്റെ പാലകനാണ്. 'ഈ' ദേവസമൂഹമാണ് ആ പരംപൊരുളിനെ ശരണം പ്രാപിച്ചുകൊണ്ടിരിക്കുന്നത്. കുരുക്ഷേത്രത്തില്‍ യുദ്ധത്തിനായി എത്തിയവരെയാണ് ഇപ്പറയുന്നത്. അവരെല്ലാം പ്രകാശാത്മാക്കളായ ജീവന്‍മാരാണ്. സനാതനമായ ധര്‍മത്തിന്റെ നിര്‍വഹണത്തിനായി അവര്‍ അവതരിച്ചതാണ്. തിരികെയുള്ള പ്രവേശം അവര്‍ക്ക് മോക്ഷമാണ്. ഇവരില്‍ത്തന്നെ സ്വധര്‍മത്തെക്കുറിച്ച് ശരിയായ അറിവില്ലാത്ത ചിലരുണ്ട്. അവര്‍ ഭയന്നു വിറച്ച് കൈ കൂപ്പി 'രക്ഷിക്കണേ!' എന്ന് പ്രാര്‍ഥിക്കുന്നു. മുന്നില്‍ കാണുന്നത് അത്യാഹിതമെന്നു തോന്നുകയും രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്നു ഭയക്കുകയും ചെയ്യുമ്പോള്‍ താണുകേഴുകയല്ലാതെ അവര്‍ക്ക് എന്തു ചെയ്യാനാവും?
മഹര്‍ഷിമാരും സിദ്ധന്മാരും കാര്യത്തിന്റെ നിജസ്ഥിതി അറിയാവുന്നവരാണ്. അവര്‍ മംഗളം ഭവിക്കട്ടെ എന്ന് ആശംസിച്ച് പരംപൊരുളിനെ അര്‍ഥപുഷ്ടിയുള്ള സ്തുതികളാല്‍ പുകഴ്ത്തുന്നു. (യമനെ സേവിച്ച് യമന്റെ സഭയില്‍ കഴിഞ്ഞുകൂടുന്ന ഒരു ദേവഗണമാണ് സിദ്ധന്മാര്‍ എന്ന് മഹാഭാരതം സഭാപര്‍വം എട്ടാമധ്യായത്തില്‍ പറയുന്നു.)
(തുടരും)





