githadharsanam

ഗീതാദര്‍ശനം - 369

Posted on: 21 Nov 2009

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം


ത്രിമാന-ആനിമേഷന്‍ പ്രസന്‍േറഷനില്‍ ഇപ്പോള്‍ പരമാത്മചൈതന്യം മാത്രം. അത് ആകാശഭൂമികള്‍ക്കിടയിലെ ഇടം മുഴുവനെന്നല്ല സകല ദിക്കുകളിലും നിറഞ്ഞിരിക്കുന്നു. അത്യത്ഭുതകരമാണ് ഈ ദൃശ്യം. അതേസമയം അത് അതിഭയാനകവുമാണ്.
അപ്രതീക്ഷിതമായത് കാണുമ്പോഴാണല്ലോ അത്ഭുതം ഉണ്ടാകുന്നത്. അങ്ങയുടെ രൂപം കാണിച്ചുതരണം എന്നപേക്ഷിച്ചപ്പോള്‍ എന്തായിരിക്കാം അര്‍ജുനന്‍ പ്രതീക്ഷിച്ചത്? തന്റെ അന്നേവരെയുള്ള സങ്കല്പത്തിലെ ഈശ്വരരൂപം മുന്നില്‍ കാണാം എന്നേ ആവൂ. പല തരം ഈശ്വരന്‍മാരുടെ ഒരുപാട് ചിത്രങ്ങള്‍ പുരാണങ്ങളിലുണ്ട്. പക്ഷേ, അതൊന്നുമല്ല ഈ കാണുന്നത്. അതുതന്നെ അത്ഭുതകാരണം. ഈ അത്ഭുതം വിശ്വരൂപദര്‍ശനം എന്ന ഈ ഗീതാപാഠം പഠിക്കുന്ന എല്ലാവര്‍ക്കും അക്കാലത്തുണ്ടായിട്ടുണ്ടാവാം, ഇക്കാലത്തുമുണ്ടാവാം. അതല്ല ഇതാണ് യാഥാര്‍ഥ്യം എന്ന തിരിച്ചറിവിലേക്കാണ് ഈ അത്ഭുതം നയിക്കുന്നത്.
മുന്‍വിശ്വാസത്തിന്റെ നിരാസത്താലുളവാകുന്ന നീരസത്തിന് ഭക്തിസാന്ദ്രമായ അര്‍ജുനമനസ്സില്‍ പ്രസക്തിയില്ല. പരംപൊരുളിനെ ശരിയായി അറിയണമെന്ന ആഗ്രഹവും അതിന്റെ പൂരണത്തിനായുള്ള അര്‍പ്പണബോധവുമുണ്ടെങ്കില്‍ നമ്മുടെ മനസ്സിലും അതുണ്ടാവില്ല.
ഈ ദൃശ്യം എന്തുകൊണ്ട് ഭയാനകമാവുന്നു? ഭൗതികപ്രപഞ്ചം ഒന്നാകെ അപ്രത്യക്ഷമാകുമ്പോള്‍ തീവ്രഭയമല്ലാതെ എന്തുണ്ടാകാന്‍? പരിചയമുള്ള ഭൗതികലോകത്തിന്റെ ഒരു തരിപോലും കാണാനില്ല! മൂവുലകങ്ങള്‍ എന്നാണല്ലോ പറയാറ്, അതില്‍ ഒരു ഉലകവും ശേഷിച്ചിട്ടില്ല. ഇങ്ങനെയൊരു പരിണതിയെക്കുറിച്ചാലോചിക്കേണ്ടി വരുമ്പോള്‍ മൂവുലകവും നടുങ്ങാതിരിക്കുന്നതെങ്ങനെ? താന്‍ കാണുന്നപോലെ മൂവുലകവും ഈ കാഴ്ച കാണുന്നു എന്നും താന്‍ നടുങ്ങുന്നപോലെ മൂവുലകവും നടുങ്ങുന്നു എന്നുമാണ് അര്‍ജുനന്‍ വിചാരിക്കുന്നത്.
ധ്യാനാവസ്ഥയിലേക്കു പ്രവേശിക്കെ ഏത് സമീപനമാണോ സ്വീകരിക്കുന്നത് അതിന് അനുസരിച്ചുള്ള ദര്‍ശനം സാക്ഷാല്‍കൃതമാകുന്നു. നിത്യവും സത്യവുമായത് അക്ഷരാതീതം മാത്രമെന്നു മനസ്സിലാക്കി അതൊഴികെ മറ്റൊന്നും കാണാതിരിക്കാം. അങ്ങനെ ധ്യാനിക്കുമ്പോള്‍ ഭയവും ആശ്ചര്യവും കലര്‍ന്ന അപൂര്‍വാവസ്ഥയില്‍ എത്തിച്ചേരുന്ന സന്ദര്‍ഭമാണ് സ്വന്തം ഭൗതികാസ്തിത്വത്തിന്റെ തിരോധാനവേള.
(തുടരും)



MathrubhumiMatrimonial