githadharsanam

ഗീതാദര്‍ശനം - 368

Posted on: 20 Nov 2009

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം



മഹാവിസ്‌ഫോടനത്തിന്റെ നീക്കിബാക്കിയാണ് എന്നാണ് ഇപ്പോഴത്തെ അഭ്യൂഹം. ഏതായാലും, സൂര്യനിരപേക്ഷവും വിശ്വവ്യാപിയുമായ 'തപിപ്പിക്കല്‍' ഉണ്ട് എന്ന് തെളിഞ്ഞിരിക്കുന്നു. അതിന്റെ മറ്റു 'മുഖ'ങ്ങള്‍ അചിരേണ അനാവൃതമായേക്കാം.
പ്രപഞ്ചത്തില്‍ എവിടെയെവിടെയാണോ സൃഷ്ടി-സ്ഥിതി-സംഹാരങ്ങള്‍ കാണപ്പെടുന്നത്, അവിടങ്ങളെയെല്ലാം പരംപൊരുളിന്റെ മുഖങ്ങളെന്നു പ്രതീകാത്മകമായി വിളിക്കാം. ഒരു പുതിയ ഗാലക്‌സിയുടെയോ സൂര്യന്റെയോ മാത്രമല്ല ഒരു അണുഹൃദയത്തിന്റെപോലും പിറവിയോ നിലനിലേ്പാ നാശമോ സംഭവിക്കുന്നിടത്ത് കാണപ്പെടുന്നത് മഹാഗ്‌നിയുടെ സാന്നിധ്യമാണ്. വൈശ്വാനരന്‍ എന്ന ജഠരാഗ്‌നി മുതല്‍ വാക്കിലെ പാരുഷ്യംവരെ അഗ്‌നിതന്നെ. കണ്ണുകളായി സൂര്യചന്ദ്രന്‍മാര്‍ പരിലസിക്കുന്ന മുഖത്തും അഗ്‌നിതന്നെ ജ്വലിക്കുന്നു.
പരംപൊരുളിനെപ്പറ്റി ആദിമധ്യാന്തങ്ങളില്ലാത്തത് എന്ന് വീണ്ടും പറയുന്നു. ഈ ത്രിമാന-ആനിമേഷനിലെ ഓരോ ഫ്രെയിമിനും ഈ ഒരു അടിക്കുറിപ്പ് ആവര്‍ത്തിക്കുന്നതെന്തിന്? വേണം, കൂടിയേ തീരൂ. കാരണം, ഈ ദര്‍ശനം ഒരു ധ്യാനാനുഭൂതിയാണെന്നാലും അത് പൂര്‍ണതയിലെത്തിയിട്ടില്ല. എത്തണം എന്ന ആശയുടെ പ്രകടനമാണ് അപൂര്‍ണതയെക്കുറിച്ചുള്ള ഈ ആശങ്ക. പരംപൊരുളിന്റെ പ്രഭാവത്തിനും ആദ്യവസാനങ്ങളില്ല. ചിരപരിണാമിയായ പ്രപഞ്ചത്തിലെ അണുകണം മുതല്‍ താരാകദംബംവരെ എല്ലാറ്റിന്റെയും ചലന-പരിണാമങ്ങള്‍ക്കു പിന്നില്‍ പരംപൊരുളിന്റെ 'കൈകള്‍' പ്രവര്‍ത്തിക്കുന്നതിനാല്‍ ബാഹുസംഖ്യ അതീവ വിപുലമായിരിക്കുന്നു. എണ്ണിയാലൊടുങ്ങാത്തത്ര കൈകള്‍കൊണ്ട് അവിരാമം കര്‍മനിരതമായി ഇരിക്കുന്നപോലെയാണ് അത് കാണപ്പെടുന്നത്.
ദ്യാവാപൃഥിവ്യോരിദമന്തരം ഹി
വ്യാപ്തം ത്വയൈകേന ദിശശ്ച സര്‍വാഃ
ദൃഷ്ട്വാത്ഭുതം രൂപമുഗ്രം തദേവം
ലോകത്രയം പ്രവ്യഥിതം മഹാത്മന്‍
ആകാശത്തിന്റെയും ഭൂമിയുടെയും ഇടയ്ക്കുള്ള ഇക്കാണായ ഇടം മുഴുവന്‍ എന്നു മാത്രമല്ല എല്ലാ ദിക്കിലും അങ്ങുതന്നെ നിറഞ്ഞിരിക്കുന്നു. അങ്ങയുടെ അത്ഭുതകരവും ഭയാവഹവുമായ ഈ രൂപം കണ്ടിട്ട്, മഹാത്മാവേ, മൂന്നു ലോകങ്ങളും പേടിച്ചരണ്ടിരിക്കുന്നു.

(തുടരും)



MathrubhumiMatrimonial