githadharsanam

ഗീതാദര്‍ശനം - 367

Posted on: 19 Nov 2009

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം


ഇതുവരെ കണ്ടതിന്റെയൊക്കെ വെളിച്ചത്തില്‍ അര്‍ജുനന്‍ എത്തിച്ചേരുന്ന സാമാന്യവത്കരണത്തോടെയാണ് പദ്യം അവസാനിക്കുന്നത്: അങ്ങ് സനാതനപുരുഷനാണ്, അഥവാ പുരുഷോത്തമനാണ്. (ക്ഷരം, അക്ഷരം, അക്ഷരാതീതം എന്ന മൂന്നു തലങ്ങളുള്ളതില്‍ അക്ഷരാതീതമാണ്).

അനാദിമധ്യാന്തമനന്തവീര്യം
അനന്തബാഹും ശശിസൂര്യനേത്രം
പശ്യാമി ത്വാം ദീപ്തഹുതാശവക്ത്രം
സ്വതേജസാ വിശ്വമിദം തപന്തം

ആദിമധ്യാന്തങ്ങളില്ലാത്തവനും നിസ്സീമമായ പ്രഭാവത്തോടും എണ്ണമറ്റ കൈകളോടും സൂര്യചന്ദ്രന്മാരായ കണ്ണുകളോടും മുഖത്ത് ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്‌നിയോടും കൂടിയവനും സ്വതേജസ്സുകൊണ്ട് ഈ വിശ്വത്തെയാസകലം തപിപ്പിച്ചുകൊണ്ടിരിക്കുന്നവനുമായി അങ്ങയെ ഞാന്‍ കാണുന്നു.
എന്തെങ്കിലുമൊന്ന് കാണണമെങ്കില്‍ എവിടെയെങ്കിലും നിലയുറപ്പിച്ചേ പറ്റൂ. ഇന്ദ്രിയമനോബുദ്ധികളുടെ അനുഭവമണ്ഡലമായ വിശ്വമാണ് അര്‍ജുനന്റെ നിലപാടു തറ. ഈ വിശ്വത്തില്‍ പരംപൊരുളിന്റെ രണ്ട് മഹാപ്രഭാവങ്ങള്‍ അനുഭവവേദ്യമാണ്. ഒന്ന്, സൂര്യനായും ചന്ദ്രനായുമുള്ള പ്രകാശിക്കല്‍. ഇവയെ കണ്ണുകള്‍കൊണ്ട് നോക്കിക്കാണുന്നു എന്ന് ആലങ്കാരികമായി പറയാം. രണ്ട്, വിശ്വത്തെയാകെ പരംപൊരുള്‍ തപിപ്പിക്കുന്നു. അത് കടം വാങ്ങിയ തേജസ്സുകൊണ്ടല്ല, സ്വന്തമായ സംഭാവനയെന്ന നിലയ്ക്കാണ്. ജീവജാലങ്ങളെല്ലാം വാഴുന്നത് ഈ ഊഷ്മാവിന്റെ കെല്പിലാണ്. ഈ താപം ഭൂമിയിലോ സൗരമണ്ഡലത്തിലോ ലോക്കല്‍ ഗാലക്‌സിയിലോ മാത്രമല്ല കിട്ടുന്നത്. പ്രപഞ്ചത്തിലെങ്ങും ലഭ്യമാണ്.
അനാദിയും അളവറ്റതുമായ ഈ താപത്തിന്റെ ഒരു ചെറിയ സാമ്പിള്‍ നമുക്കിപ്പോള്‍ പരിചിതമാണ്. ഒരു മൈക്രൊ വേവ് ആന്‍റിന ആകാശത്തിന്റെ ഏതു ഭാഗത്തേക്ക് തിരിച്ചുവെച്ചാലും പ്രത്യേക അലനീളമുള്ള മൈക്രൊ വേവ് വികിരണം ലഭിക്കുന്നു. ഇത് പശ്ചാത്തല വികിരണം എന്നാണ് അറിയപ്പെടുന്നത്. ഈ വികിരണം പ്രപഞ്ചത്തിന്റെ മൊത്തം പശ്ചാത്തലതാപനില 2.725 കെല്‍വിന്‍ ആയി നിലനിര്‍ത്തുന്നു. കോബ് എന്ന ഉപഗ്രഹം ഈ വികിരണത്തെപ്പറ്റി മാത്രം പഠിക്കാനായാണ് വിക്ഷേപിക്കപ്പെട്ടത്. അതില്‍നിന്നുള്ള ഡാറ്റയുടെ വിശകലനത്തിന് 2006-ലെ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം ജോണ്‍ സി മാത്തര്‍, ജോര്‍ജ് എഫ്. സ്മൂട്ട് എന്നിവര്‍ പങ്കിട്ടു. ഈ വികിരണം എവിടന്ന് വരുന്നെന്ന് പിടികിട്ടിയിട്ടില്ല.
(തുടരും)



MathrubhumiMatrimonial