githadharsanam

ഗീതാദര്‍ശനം - 366

Posted on: 17 Nov 2009

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം



ഇന്നതെന്ന് പറയാനാവാത്തതാണ് പരംപൊരുള്‍. എന്തുകൊണ്ടെന്നാല്‍, ഒരു വിഷയത്തെ നിര്‍വചിക്കുന്നത്, നേരത്തേ അറിഞ്ഞ മറ്റൊന്നുമായി അതിനെ ബന്ധപ്പെടുത്തിയാണ്. നിര്‍വചനത്തിന് നിരുപാധികത സാധ്യമല്ല. മാത്രമല്ല, നിര്‍വചനനിര്‍മിതിക്ക് കാര്യകാരണനൈരന്തര്യം അനിവാര്യവുമാണ്. കാര്യവും കാരണവും ഒന്നായിത്തീരുന്ന അസാധാരണമായ സാഹചര്യത്തില്‍ ഈ നൈരന്തര്യം ലഭ്യമല്ല.


ഒരു വിഷയത്തിലെ അറിവിന്റെ പരിമിതികളെ മറികടക്കാന്‍ പ്രാഥമികമായി വേണ്ടത് ആ വിഷയത്തിലുള്ള മുന്‍വിധികളെ കൈയൊഴിയുകയാണ്. അന്വേഷണം തുടങ്ങുമ്പോള്‍ ആദ്യം കണ്ടുകിട്ടുന്നത് ഈ മുന്‍വിധികളായിരിക്കും. അവയുടെയും അപ്പുറത്തേക്കു നോക്കിയാലേ സത്യത്തിന്റെ ആഴവും പരപ്പും സ്വരൂപവും അറിയൂ.



ത്വമക്ഷരം പരമം വേദിതവ്യം

ത്വമസ്യ വിശ്വസ്യ പരം നിധാനം

ത്വമവ്യയഃ ശാശ്വതധര്‍മഗോപ്താ

സനാതനസ്ത്വം പുരുഷോ മതോ മേ



പരമവും നാശരഹിതവുമായി അറിയപ്പെടേണ്ടുന്നത് അങ്ങാണെന്നും അങ്ങാണ് ഈ വിശ്വത്തിന്റെ പരമാശ്രയമെന്നും അങ്ങ് അക്ഷയനാണെന്നും അങ്ങാണ് സനാതനമായ ധര്‍മത്തിന്റെ സ്ഥിരരക്ഷകനെന്നും അങ്ങുതന്നെയാണ് പുരുഷോത്തമനെന്നും എനിക്കു തോന്നുന്നു.


ക്ഷരപ്രപഞ്ചത്തിന്റെയും അക്ഷരമാധ്യമത്തിന്റെയും തലങ്ങളില്‍നിന്ന് വിശ്വരൂപദര്‍ശനം പരമമായ ഉണ്മയുടെ തലത്തിലേക്ക് നീങ്ങുന്നു. അത്യുത്തമവും ഒരു കാലത്തും ഇല്ലാതാകാത്തതുമായി അറിയപ്പെടേണ്ടത് പരംപൊരുള്‍ മാത്രമാണ്. വിശ്വത്തിന്റെ സര്‍വോന്നതമായ ആശ്രയം അതുതന്നെയാണ്. (വേദാന്തത്തില്‍ 'വിശ്വം' എന്നു പറയുന്നത് സ്ഥൂലപ്രപഞ്ചം മാത്രമല്ല, ഇന്ദ്രിയമനോബുദ്ധികള്‍കൊണ്ട് കാണാനും അറിയാനും കഴിയുന്ന മുഴുവന്‍ അനുഭവമണ്ഡലവുമാണ്.)


സ്ഥലകാലപരിമിതികളോടുകൂടിയ പ്രപഞ്ചവസ്തുക്കളെല്ലാം നിരന്തരം പരിണമിച്ചുകൊണ്ടേ ഇരിക്കുന്നു. സ്ഥിരമായ ഒരു അധിഷ്ഠാനം ഇല്ലാതെ ഇത് സാധ്യമല്ല. നാം ജീവിതാനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നപോലെ പ്രപഞ്ചപരിണാമങ്ങള്‍ക്ക് മൊത്തമായി നിത്യസാക്ഷ്യം വഹിക്കുന്നു, ആ നിധാനം. അതിന് ഒരു മാറ്റവും സംഭവിക്കുന്നില്ല. അതിനാല്‍ അതിന് ഒരിക്കലും നാശമില്ല.


ധര്‍മമെന്ന വാക്കിന് നിയമം എന്ന നിശ്ചിതാര്‍ഥം പണ്ടേക്കുപണ്ടേ ഉള്ളതാണെന്നു നിശ്ചയം. ഗോത്രത്തലവന്‍മാരോ മതനേതാക്കളോ രാജാക്കന്‍മാരോ പുരോഹിതരോ ഒക്കെ പല തരം നിയമാവലികള്‍ മെനയുകയും നടപ്പാക്കുകയും ഉണ്ടായിട്ടുണ്ട്. ഇതാണ് ധര്‍മം എന്നും ധര്‍മത്തെ രക്ഷിക്കേണ്ടത് ഇവരൊക്കെയാണ് എന്നും ഇവര്‍ നിശ്ചയിക്കുന്നതെല്ലാം സനാതനധര്‍മമാണെന്നുപോലും തെറ്റായ ധാരണകള്‍ പണ്ടേ ഉണ്ടായിരുന്നു, ഇന്നും ഉണ്ട്, നാളെയും ഉണ്ടാവുകയും ചെയ്യാം. ധര്‍മം എന്നാല്‍ ആത്യന്തികമായ ദര്‍ശനമാണെന്നും അതില്‍നിന്നുരുത്തിരിയുന്ന ജീവിതരീതി ഒന്നേ ഉള്ളൂ എന്നും അത് രാജാധിരാജന്‍മാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ബാധകമാണെന്നും അതിന്റെ കാതലും കൈകാര്യവും പരംപൊരുളാണെന്നും ഗീത തിരുത്തുന്നു. നിത്യവും സത്യവുമായ ആ ധര്‍മത്തെ ആരും സംരക്ഷിക്കേണ്ടതില്ല. ആ ധര്‍മത്തിന്റെ സ്വഭാവം മുന്‍പേ വിസ്തരിച്ചിട്ടുണ്ട്. (ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ യജ്ഞഭാവനയോടെ ജീവിക്കുക എന്നതാണ് അത്.) ഒരു ദേശത്തിനോ നാടിനോ സാനമ്രാജ്യത്തിനോ വന്‍കരയേ്ക്കാ ഭൂലോകത്തിനോ മാത്രമായി അല്ല പ്രപഞ്ചത്തിനാകെ ബാധകമായ ധര്‍മമാണത്. അതിന് വഴങ്ങാത്തവര്‍ പ്രപഞ്ചസ്വഭാവത്തിന് നിരക്കാത്തവരായതിനാല്‍ അവരും സന്തതിപരമ്പരകളും കാലംകൊണ്ട് നശിച്ചുപോകുന്നു.
(തുടരും)



MathrubhumiMatrimonial