
ഗീതാദര്‍ശനം - 365
Posted on: 17 Nov 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
കിരീടിനം ഗദിനം ചക്രിണം ച
തേജോരാശിം സര്‍വതോ ദീപ്തിമന്തം
പശ്യാമി ത്വാം ദുര്‍നിരീക്ഷ്യം സമന്താത്
ദീപ്താനലാര്‍ക്കദ്യുതിമപ്രമേയം
കിരീടം, ഗദ, ചക്രം എന്നിവയോടുകൂടിയവനായും തേജഃപുഞ്ജരൂപനായും സര്‍വത്ര പ്രകാശിച്ചുകൊണ്ടിരിക്കുന്നവനായും നേരിട്ട് കാണാന്‍ വയ്യാത്തവനായും തീക്ഷ്ണമായി ജ്വലിക്കുന്ന അഗ്‌നിയുടെയും സൂര്യന്റെയും പ്രഭയുള്ളവനായും ഇന്നതെന്നു നിര്‍ണയിച്ചുകൂടാത്തവനുമായ അങ്ങയെ എല്ലാ ദിക്കിലും ഞാന്‍ കാണുന്നു.
കിരീടം, താമര, ഗദ, ശംഖം, ചക്രം എന്നിവ അണിഞ്ഞുകൊണ്ടുള്ള മഹാവിഷ്ണുചിത്രം പുരാണപ്രസിദ്ധമാണല്ലോ. തനിക്കു സുപരിചിതമായ ഈ ചിത്രം അര്‍ജുനന്റെ മനക്കണ്ണാടിയില്‍ തെളിയുന്നു. വാസ്തവത്തില്‍ പ്രതിരൂപാത്മകമായ ഒരു പൗരാണിക പരികല്പനയാണ് ഇത്. കിരീടം അധികാരത്തിന്റെ ചിഹ്നമാണല്ലോ. സര്‍വാധികാരിയാണ് പരംപൊരുള്‍. ബഹുസ്വരങ്ങളായ ഇതളുകളായി അനുക്ഷണം വിടരുന്ന പ്രപഞ്ചത്തെ താമര പ്രതിനിധീകരിക്കുന്നു. കൂടാതെ, നിസ്സംഗതയും പ്രകാശാര്‍ഥനയും ജീവിതവ്രതമാക്കിയ ഒരു സുന്ദരവസ്തുവാണത്. ഗദ ദണ്ഡനീതിയുടെ പ്രതീകം. ചക്രം പ്രപഞ്ചപരിണാമത്തിലെ ചാക്രികതയുടെ, അഥവാ കാലത്തിന്റെ, ബിംബം. ഹരണംകൂടി കാലധര്‍മമായതിനാല്‍ ചക്രത്തെ വിനാശകാരിയായ മഹായുധമായും പറയാറുണ്ട്.
പ്രകാശസ്വരൂപമായും പരംപൊരുളിനെ കാണുന്നു. ഈ പ്രകാശം പക്ഷേ, നമുക്കു സുപരിചിതമായ വെളിച്ചമല്ല. നമുക്കുള്ളിലെ വികാരവിചാരങ്ങളെ നാം കാണുന്നത് ഏതൊന്നിന്റെ വെളിച്ചത്തിലാണോ അതിനെയാണ് ഉദ്ദേശിക്കുന്നത്. അതേ ചൈതന്യംതന്നെയാണ് കണ്ണിന് കാഴ്ചയും കാതിന് കേള്‍വിയും മൂക്കിന് മണവും നാക്കിന് രുചിയും തൊലിക്ക് സ്പര്‍ശവും നല്‍കുന്നത്. ഈ ഇന്ദ്രിയങ്ങളെക്കൊണ്ട് അതിനെ കാണാന്‍ ഒക്കില്ല, ബള്‍ബിന് അതിന്റെ വെളിച്ചത്തിലും കറന്റിനെ കാണാന്‍ പറ്റാത്തപോലെ.
ഈ പ്രകാശം പ്രപഞ്ചത്തില്‍ സര്‍വത്ര വ്യാപിച്ചിരിക്കുന്നു. അതിന്റെ പ്രഭവസ്ഥാനം ജ്വലിക്കുന്ന അഗ്‌നിയുടെയും സൂര്യന്റെയും പ്രഭയുള്ളതായി കാണപ്പെടുന്നത് സ്വാഭാവികം. സമസ്തപ്രസരങ്ങളുടെയും ഉറവിടം മഹാപ്രഭയുള്ളതേ ആകൂ. സാധാരണജീവിതത്തില്‍ നാം തീയിന്റെയോ സൂര്യന്റെയോ ഒക്കെ പ്രഭയെപ്പറ്റിയേ അറിഞ്ഞിട്ടുള്ളൂ. എല്ലാ അഗ്‌നികളുടെയും ഉറവിടം പരംപൊരുളെന്ന ഏകീകൃതബലമാണ് (unified force)
(തുടരും)





