
ഗീതാദര്‍ശനം - 363
Posted on: 16 Nov 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
സൗരമണ്ഡലവും താരാപഥമെന്ന പ്രാദേശിക താരസമൂഹവും (local galaxy) കഴിഞ്ഞ്, അന്‍ഡ്രൊമീഡയും (Andromeda) വേറെ മുപ്പതോളം ഗാലക്‌സികളും ചേര്‍ന്ന് ഒരു പ്രാദേശിക കൂട്ടായ്മയായി (local cluster) നില്‍ക്കുന്നു. ഇത്തരം കുറെ ക്ലസ്റ്ററുകള്‍ ചേര്‍ന്ന് സൂപ്പര്‍ ക്ലസ്റ്ററുകളാവുന്നു. ഏതുദിശയില്‍ നോക്കിയാലും ഗാലക്‌സികളുടെ നിറവേ കാണുന്നുള്ളൂ. അറ്റം കാണുന്നില്ല. കോടിക്കണക്കിന് പ്രകാശവര്‍ഷങ്ങള്‍ക്കകലെയുള്ള ഗാലക്‌സികളില്‍നിന്നു വരുന്ന പ്രകാശത്തെ പഠിച്ച് അത്രയും പഴയ കാലത്തെ സ്ഥിതിഗതികള്‍ അറിയാമെങ്കിലും തുടക്കത്തെക്കുറിച്ച് അറിവുകളില്ല, നിലവിലുള്ള ഭൗതികശാസ്ത്രംകൊണ്ട് അത് നേടാനാവില്ലെന്ന് തീരുമാനമായിട്ടുമുണ്ട്. കാരണം, കാലവും സമയവും പിറക്കുമ്മുമ്പുള്ള സ്ഥിതിയെ നിലവിലുള്ള ഭൗതികനിയമങ്ങള്‍കൊണ്ട് വിശദീകരിക്കാനാവില്ല.
പ്രപഞ്ചത്തിന്റെ ആദി ഒരു അനനുസ്യൂതിയില്‍ (discontinuity) അജ്ഞേയമായി കിടക്കുന്നെന്നാണ് ആധുനികപ്രപഞ്ചവിജ്ഞാനീയം (modern cosmology) പറയുന്നത്. പ്രപഞ്ചത്തിന്റെ അതിര്‍ത്തി (boundary) ഒരു ഉണ്മയാണെന്നാലും അത് നിര്‍ണയിക്കാനാവില്ലെന്നും പറയുന്നു. അതിര്‍ത്തിയുള്ളതെങ്കിലും അതിരിടപ്പെടാത്തത് (finite but unbound) എന്നാണ് പ്രപഞ്ചത്തെ വിശേഷിപ്പിക്കുന്നത്. 'നടു' എവിടെയാണെന്നും നിര്‍ണയിക്കാനാവില്ല. അതിരുകള്‍ കണ്ടാലല്ലേ അകത്ത് നമ്മുടെ സ്ഥാനം തീരുമാനിക്കാനാവൂ?
പല ചിത്രകാരന്മാരും ഈ ശ്ലോകത്തിന്റെ താത്പര്യം നിശ്ചലചിത്രമായി വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആരും വിജയിച്ചിട്ടില്ല. 'കാഴ്ച' ഇന്ദ്രിയഗോചരമല്ലാത്തതാണ് പരാജയകാരണം. എത്ര കൈകളും വയറുകളും കണ്ണുകളും മുഖങ്ങളും എവിടെയൊക്കെ വരയ്ക്കും? ആദിമധ്യാന്തരാഹിത്യത്തെ എങ്ങനെ ചിത്രീകരിക്കും? ചരാചരങ്ങളെ എവിടെ ഉള്‍ക്കൊള്ളിക്കും? എങ്ങനെയൊക്കെ വരച്ചാലും ചിത്രം അപൂര്‍ണമേ ആകൂ. ഇന്ദ്രിയഗോചരമല്ല, ബുദ്ധിഗ്രാഹ്യം മാത്രമാണ് അതെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ.
(തുടരും)





