githadharsanam

ഗീതാദര്‍ശനം - 362

Posted on: 12 Nov 2009

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം


ഉരഗങ്ങള്‍ എന്നു പറയുമ്പോള്‍, ആ ഇനത്തില്‍പ്പെട്ട മറ്റെല്ലാ ജീവികളുടെയും കൂടെ, വാസുകിയെയും തക്ഷകനെയും ഒരുമിച്ച് പരിഗണിക്കണം എന്നാണ് രാമാനുജാചാര്യന്റെ പക്ഷം. വാസുകി, നിത്യജീവിതത്തിലെ സാമാന്യസംസ്‌കാരത്തെ സംബന്ധിക്കുന്ന ധാരണകള്‍ മുതല്‍ സ്വസ്വരൂപം സച്ചിദാനന്ദമാണെന്ന ഓര്‍മ വരെ എല്ലാതും നിലനിര്‍ത്തുന്ന പ്രതീകമാണ്. തക്ഷകനാകട്ടെ പ്രതികാരത്തിന്റെ ഓര്‍മയിലൂടെ മഹാനാശത്തിലേക്ക് ജീവജാലങ്ങളെ നയിക്കുന്നു. (ഫ്രൂയിറ്റ് തത്സമാനരൂപങ്ങളെ ഈറോസ് (eros) എന്നും താനറ്റോസ് (thanatos) എന്നും വിളിക്കുന്നു.) പുണ്യപാപങ്ങളുടെ ഈ വൈരുധ്യങ്ങളെ വിശ്വരൂപദര്‍ശനത്തിന്റെ ഒന്നാമത്തെ പടിയില്‍ത്തന്നെ ഒരുമിച്ച് കാണാന്‍ കഴിയുന്നു.
അനേകബാഹൂദരവക്ത്രനേത്രം
പശ്യാമി ത്വാം സര്‍വതോ fനന്തരൂപം
നാന്തം ന മധ്യം ന പുനസ്താവാദിം
പശ്യാമി വിശ്വേശ്വര വിശ്വരൂപ
അല്ലയോ സകലജഗത്തിനും ഈശ്വരനായി ഇരിക്കുന്നവനേ, അല്ലയോ വിശ്വരൂപത്തെ ധരിച്ചിരിക്കുന്നവനേ, അസംഖ്യം കൈകളോടും വയറുകളോടും വായകളോടും കണ്ണുകളോടും കൂടിയവനും അനന്തരൂപങ്ങളോടുകൂടിയവനുമായി ഇരിക്കുന്ന അങ്ങയെ എല്ലാ ദിക്കിലും ഞാന്‍ കാണുന്നു. (പക്ഷേ) അങ്ങയുടെ ആദിയെ ഞാന്‍ കാണുന്നില്ല; മധ്യത്തെയാകട്ടെ ഞാന്‍ കാണുന്നില്ല; അവസാനത്തെയും ഞാന്‍ കാണുന്നില്ല.
സകല ചരാചരങ്ങളെയും കാണുന്നതായി മുന്‍പദ്യത്തില്‍ പറഞ്ഞു. അതില്‍ ഓരോന്നും കര്‍മങ്ങളിലോ പരിണാമത്തിലോ ഇരിക്കുന്ന ഉരുവമാണ്. ഇവയിലെ കര്‍ത്തൃത്വത്തെയെല്ലാം പരംപൊരുളിന്റെ നിരവധി കൈകളായി കാണുന്നു. എല്ലാതും എന്തെങ്കിലുമൊന്ന് ഏറ്റുവാങ്ങുന്നുണ്ട്. ആ ഭോക്തൃത്വത്തെ ഉദരമായി ദര്‍ശിക്കുന്നു. എല്ലാം ഭാവിയെ അഭിമുഖീകരിക്കുന്നവയാകയാല്‍ പരംപൊരുളിന്റെ നിരവധി മുഖങ്ങള്‍ അവയില്‍ കാണുന്നു. ഓരോന്നും ഏതെങ്കിലും തരത്തില്‍ അതിന് ചുറ്റുമുള്ളവയുമായുള്ള പാരസ്​പര്യത്തെ 'കാണുന്നു'ണ്ട്. അതിനാല്‍ എണ്ണമറ്റ കണ്ണുകളുള്ളതായി പറയുന്നു. ഇങ്ങനെയുള്ള എല്ലാ കണ്ണുകളും കൂടി കാണുന്ന എല്ലാതും ചേര്‍ന്നതാണ് പരംപൊരുളിനുള്ള മൊത്തമായ കാഴ്ച. അതിനാല്‍ അത് പൂര്‍ണമാണ്.
ഈ 'കാഴ്ച' എവ്വിധമെന്നു ഗ്രഹിക്കാന്‍ നമുക്കു കഴിയണമെങ്കില്‍, അക്ഷരമെന്ന അവ്യക്തമാധ്യമത്തിലെ പരംപൊരുള്‍-സാന്നിധ്യത്തിന്റെ സങ്കീര്‍ണവും വിചിത്രവുമായ രേഖാചിത്രം ഗോചരമാകണം. ഒരു കമ്പ്യൂട്ടറിന്റെ മദര്‍ ബോര്‍ഡിലെ സര്‍ക്യൂട്ടുകളിലൂടെ പ്രവഹിക്കുന്ന വൈദ്യുതിയുടെ ചലച്ചിത്രം സങ്കല്പിക്കുക. ആ സങ്കല്പനംതന്നെ അതിദുഷ്‌കരം. സാധാരണജീവിതത്തില്‍ ഒരിക്കലുമത് കാണാന്‍ നമുക്ക് ഒരു വഴിയുമില്ലതാനും. എന്നാലോ, മൊത്തം പ്രപഞ്ചത്തിന്റെ മദര്‍ ബോര്‍ഡുമായി താരതമ്യം ചെയ്യുമ്പോള്‍ അതെത്ര ചെറുതും സരളവും!
വിശ്വരൂപത്തിന്റെ ത്രിമാന-ആനിമേഷന്‍ പ്രസന്‍േറഷനില്‍ ഇപ്പോള്‍ ഈ മഹാ മദര്‍ബോര്‍ഡിന്റെ ചലച്ചിത്രമാണുള്ളത്. അതിനകത്തൊരിടത്തു നിന്നേ നിരീക്ഷിക്കാനാവൂ എന്നതിനാല്‍ അതിന്റെ ആദിമധ്യാന്തങ്ങള്‍ ഒരു നിരീക്ഷകനും കാണാനൊക്കുകയുമില്ല. അകത്തിരുന്നു നോക്കുന്നതിനാലാണല്ലോ നമ്മുടെ ഭൗതികപ്രപഞ്ചത്തിന്റെതന്നെ ആദിയോ അവസാനമോ നടുവോ എവിടെയെന്ന് നമുക്ക് കാണാനാവാത്തത്.
(തുടരും)



MathrubhumiMatrimonial