
ഗീതാദര്‍ശനം - 361
Posted on: 11 Nov 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
തതഃ സ വിസ്മയാവിഷ്ടഃ
ഹൃഷ്ടരോമാ ധനഞ്ജയഃ
പ്രണമ്യ ശിരസാ ദേവം
കൃതാഞ്ജലിരഭാഷത
(ആ കാഴ്ച കണ്ടതില്‍) പിന്നെ ആശ്ചര്യഭരിതനും രോമാഞ്ചം പൂണ്ടവനുമായി അര്‍ജുനന്‍ ഭഗവാനെ താണു വണങ്ങി (ഇപ്രകാരം) പറഞ്ഞു.
കാണാത്തത് കാണുമ്പോള്‍ അത്ഭുതമുണ്ടാകുന്നത് സ്വാഭാവികം. പക്ഷേ, ആ കാണുന്നതില്‍ താത്പര്യമുണ്ടെങ്കിലേ അത്ഭുതമുണ്ടാകൂ. അല്ലെങ്കില്‍ എന്ത് കുതുകുന്തം സംഭവിച്ചാലും ഒന്നും തോന്നില്ല. കാണാന്‍ ആഗ്രഹിച്ചതാണ് അര്‍ജുനന്‍ കണ്ടതെന്നര്‍ഥം. ആ കണ്ടതോ, എല്ലാ പ്രതീക്ഷകള്‍ക്കും മുന്‍വിധികള്‍ക്കും അപ്പുറവും! എന്തായിരുന്നു പ്രതീക്ഷ? ഈശ്വരരൂപം കാണാന്‍ കഴിയുമെന്നുതന്നെ. എന്തായിരുന്നു മുന്‍വിധി? ആ കാണുന്നത് താന്‍ മനസ്സില്‍ കൊണ്ടുനടന്ന സങ്കല്പങ്ങള്‍ ആയിരിക്കുമെന്നുതന്നെ. പക്ഷേ, അല്ലായിരുന്നു. കണ്ടത് തീര്‍ത്തും അപ്രതീക്ഷിതവും മുന്‍ധാരണകളെ അതിശയിക്കുന്നതുമായിരുന്നു. എന്നാല്‍ ഈ കണ്ടതാകട്ടെ, അതി ഹൃദ്യമായി അനുഭവപ്പെട്ടു. അതിനാലാണ് രോമാഞ്ചമുണ്ടായത്. അതോടൊപ്പം, തന്റെ തേര്‍ത്തട്ടിലിരിക്കുന്ന സാരഥിയുടെ യഥാര്‍ഥരൂപം ഇതാണെന്ന് തെളിയുകയും ചെയ്തു. ശിരസ്സു കുനിച്ച് കൈ കൂപ്പി പ്രണമിക്കേണ്ട സ്വരൂപമാണതെന്ന് തീര്‍ച്ചയായി. നൈമിഷികമായി ലഭിച്ച അഭേദാവസ്ഥയില്‍നിന്ന് ഉണര്‍ന്ന് അര്‍ജുനന്‍ വീണ്ടും സാധകനും കൃഷ്ണന്‍ സാധ്യവും ആയി. ഈ ആശ്ചര്യത്തിന്റെയും ബഹുമാനത്തിന്റെയും ആവിഷ്‌കാരമായാണ് അര്‍ജുനന്‍ ഇനി താന്‍ കാണുന്ന തുടര്‍ക്കാഴ്ചകള്‍ തന്നോടുതന്നെയെന്നപോലെ നിമന്ത്രിക്കുന്നത്.
അര്‍ജുന ഉവാച-
പശ്യാമി ദേവാംസ്തവ ദേവ ദേഹേ
സര്‍വാംസ്തഥാ ഭൂതവിശേഷസംഘാന്‍
ബ്രഹ്മാണമീശം കമലാസനസ്ഥം
ഋഷീംശ്ച സര്‍വാനുരംഗാശ്ച ദിവ്യാന്‍
അര്‍ജുനന്‍ പറഞ്ഞു-
ഭഗവാനേ, അങ്ങയുടെ (വിശ്വരൂപ)ശരീരത്തില്‍ എല്ലാ ദേവന്മാരെയും അപ്രകാരംതന്നെ സകല ചരാചരങ്ങളെയും ദേവാദികള്‍ക്കെല്ലാം ഈശനും താമരപ്പൂവില്‍ ഇരിക്കുന്നവനുമായ ബ്രഹ്മാവിനെയും ദിവ്യന്‍മാരായ എല്ലാ ഋഷിമാരെയും ഉരഗങ്ങളെയും ഞാന്‍ കാണുന്നു.
'ദേവ!' (ഹേ പ്രകാശസ്വരൂപ!) എന്ന സംബോധനയും (സ്തുതി)ഗാനസാധ്യതയുള്ള വൃത്തത്തിലേക്ക് ആഖ്യാനം ചുവടു മാറുന്നതും ശ്രദ്ധേയമാണ്.
വിശ്വരൂപത്തിന്റെ ത്രിമാന-ആനിമേഷന്‍ പ്രസന്‍േറഷനില്‍ ഇപ്പോള്‍ കാണുന്നത് ആദികന്ദത്തില്‍ ആദ്യസ്പന്ദമുണ്ടായി അതിന്റെ അനുരണനങ്ങളുടെ സമ്മര്‍ദത്താല്‍ പ്രപഞ്ചം പിറന്ന് വികസിച്ചുതുടങ്ങിയിട്ട് അല്പനേരം കഴിഞ്ഞുള്ള ചിത്രമാണ്. ചതുര്‍മുഖമായ (നാലു മാനങ്ങള്‍ ഉള്ള) സ്‌പെയ്‌സ് (ബ്രഹ്മാവ്) ഉണ്ടായിരിക്കുന്നു. ആദിസ്പന്ദമെന്ന ബീജത്തിന്റെ നാഭിയില്‍നിന്ന് അനുരണനസ്പന്ദങ്ങളെന്ന ദലങ്ങളായി വിരിഞ്ഞു വരുന്ന (പ്രതീകാത്മകമായ) താമരയാണ് ബ്രഹ്മാവിന്റെ ആസ്ഥാനം. സ്‌പെയ്‌സ് എന്ന അക്ഷരമാധ്യമമാണ് സൃഷ്ടികളുടെ അമ്മ. പ്രകാശവും അടിസ്ഥാനപരമായി സ്പന്ദപുഞ്ജമായതിനാല് എല്ലാ പ്രകാശങ്ങളുടെയും ഉറവിടവും ആധാരവും അതുതന്നെ. ചരാചരങ്ങള്‍ ഉടലെടുത്തുകഴിഞ്ഞിരിക്കുന്നു. പ്രകാശസ്വരൂപികളായ ഉരഗങ്ങളും ഋഷിമാരും ഉണ്ടായിരിക്കുന്നു.
(തുടരും)





