
ഗീതാദര്‍ശനം - 360
Posted on: 08 Nov 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
വേദം ദേവതാപൂജകളും അഗ്‌നിഹോത്രാദികളും മുറയാക്കുന്നു. വേദാന്തമോ, തീര്‍ത്തും വ്യത്യസ്തമായി, ധ്യാനാത്മകമായ സംസ്‌കാരം നല്‍കാനാണ് ശ്രമിക്കുന്നത്. ഈ ചിത്രം ഉണര്‍ത്തുന്ന രസം അത്ഭുതം മാത്രമാണെന്ന കാര്യം ശ്രദ്ധിക്കുക. അനുഗ്രഹഭാവമോ നിഗ്രഹഭാവമോ സൂചിതമല്ല. അത്യാകര്‍ഷകമെങ്കിലും അത് പ്രപഞ്ചമെങ്ങും മുഖങ്ങളുള്ളതും അനന്തവുമാണ്. ഈ രണ്ട് വിശേഷണങ്ങളും പരബ്രഹ്മത്തിന് നിരക്കുന്നവയാണ്; വേദങ്ങളിലെ ഒരു ദേവനും ചേരുന്നതല്ലതാനും. ഏതാനും മുഖങ്ങളും ഏതാനും കൈകളും ഉള്ളവരായേ അവര്‍ സങ്കല്പിക്കപ്പെടുന്നുള്ളൂ. അന്നേവരെ അറിയപ്പെട്ട എല്ലാ ദേവന്‍മാരെയും ഒരു കൊളാഷില്‍ (ര്ാാമഷവ) എന്നപോലെ ഈ ചിത്രത്തില്‍ ഒരുമിച്ച് സന്നിവേശിപ്പിച്ചിരിക്കയാണ്. അതേസമയം, പരംപൊരുളിന്റെ മാനങ്ങളും നല്‍കിയിരിക്കുന്നു. എല്ലാ മനുഷ്യസങ്കല്പങ്ങളും പരംപൊരുളിന്റെ പ്രഭാവങ്ങളാണെന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുകയാണ്.
ദിവി സൂര്യസഹസ്രസ്യ
ഭവേദ് യുഗപദുത്ഥിതാ
യതി ഭാഃ സദൃശീ സാ സ്യാത്
ഭാസസ്തസ്യ മഹാത്മനഃ
ആകാശത്തില്‍ ആയിരം (നിരവധി) സൂര്യന്‍മാര്‍ ഒന്നിച്ചുദിച്ചാലത്തെ പ്രഭ ആ മഹാത്മാവിന്റെ പ്രഭയ്ക്ക് (ഏതാണ്ട്) തുല്യമായിരിക്കും.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ അണുബോംബുണ്ടാക്കാന്‍ നിയുക്തമായ ശാസ്ത്രജ്ഞസംഘത്തിന്റെ തലവനായിരുന്ന റോബര്‍ട്ട് ഓപ്പെന്‍ഹൈമര്‍ അമേരിക്കയിലെ ലോസ് ആലമോസില്‍ മാനവചരിത്രത്തിലാദ്യമായി നടന്ന (ഇക്കാലത്തേതിനെ അപേക്ഷിച്ച് വളരെ ചെറിയ) അണുവിസ്‌ഫോടനപരീക്ഷണം ദൂരെ ഇരുന്ന് കണ്ടപ്പോള്‍ ഈ ശ്‌ളോകം സ്വയമറിയാതെ ഉരുവിട്ടുപോലും.
ദിവ്യദൃഷ്ടിയുള്ളവര്‍ക്കുപോലും നേര്‍ക്കുനേര്‍ നോക്കിക്കാണാനാവാത്ത ദുര്‍നിരീക്ഷ്യപ്രകാശത്തിന്റെ ഉറവിടമായി മുന്‍പറഞ്ഞ ചിത്രത്തെ മാറ്റുമ്പോള്‍ അത് വേദാന്തത്തിലെ ബ്രഹ്മസങ്കല്പവുമായി കൂടുതല്‍ അടുക്കുന്നു. അക്ഷരത്തിലും ക്ഷരത്തിലും നിറഞ്ഞിരിക്കുന്ന പുരുഷോത്തമനെ ആ പ്രകാശമായി അവതരിപ്പിക്കുന്നു. മനുഷ്യദൃഷ്ടിക്കെന്നല്ല ഒരു ഉപകരണത്തിനും നിരീക്ഷിക്കാനാവാത്ത അതിനെ കാണാന്‍ അവസരമുണ്ടായാല്‍ എങ്ങനെ ഇരിക്കുമോ അതായിത്തീരുന്നു ആ ചിത്രം. മാല്യങ്ങളും ആഭരണങ്ങളും ആയുധങ്ങളും സുഗന്ധലേപവുമൊക്കെ അപ്രസക്തമാവുന്നു. ഈ പ്രഭയല്ലാതെ പ്രപഞ്ചത്തില്‍ ഒന്നും കാണാനുമില്ല.





