githadharsanam

ഗീതാദര്‍ശനം - 359

Posted on: 08 Nov 2009

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം



ദിവ്യമാല്യാംബരധരം
ദിവ്യഗന്ധാനുലേപനം
സര്‍വാശ്ചര്യമയം ദേവം
അനന്തം വിശ്വതോമുഖം

എണ്ണമറ്റ മുഖങ്ങളോടും കണ്ണുകളോടും കൂടിയും കണക്കില്ലാത്ത അത്ഭുതക്കാഴ്ചകളോടു കൂടിയും അനേകം ദിവ്യാഭരണങ്ങള്‍ അണിഞ്ഞും അസംഖ്യം ദിവ്യായുധങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ദിവ്യമാല്യങ്ങളും ദിവ്യവസ്ത്രങ്ങളും ധരിച്ചും ദിവ്യങ്ങളായ സുഗന്ധദ്രവ്യങ്ങള്‍ പുരട്ടിയും പ്രകാശസ്വരൂപവും അറ്റം കാണാനാവാത്തതും വിശ്വമെങ്ങും മുഖങ്ങളുള്ളതുമായ ആ രൂപം (അര്‍ജുനന് കാട്ടിക്കൊടുത്തു - അല്ലെങ്കില്‍, അര്‍ജുനന്‍ കണ്ടു.) പ്രാപഞ്ചികങ്ങളായ ചായങ്ങള്‍കൊണ്ടാണ് ഈ ത്രിമാനചിത്രം വരച്ചിരിക്കുന്നത്. അത്ഭുതക്കാഴ്ചകള്‍, അമൂല്യാഭരണങ്ങള്‍, ഉയര്‍ത്തിപ്പിടിച്ച വിശിഷ്ടായുധങ്ങള്‍, തിളങ്ങുന്ന മാലകള്‍ എന്നു വേണ്ട വിശിഷ്ടങ്ങളായ സുഗന്ധദ്രവ്യങ്ങള്‍ വരെ എല്ലാം ഇതിലുണ്ട്. ഋഗ്വേദത്തിലെ പുരുഷസൂക്തത്തോട് (9, 4:90) ചില സമാനതകളുണ്ടെങ്കിലും ഇത്തരമൊരു ചിത്രം തീര്‍ത്തും അപൂര്‍വമാണ്. ഈശ്വരസങ്കല്പത്തെ വേദങ്ങളില്‍നിന്ന് വേദാന്തത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോകുന്നത് വിശ്വരൂപദര്‍ശനത്തിന്റെ വിന്യസനത്തില്‍ തെളിഞ്ഞു കാണാം. ആശയപരമായ ആ മഹാപരിണാമം ആവിഷ്‌കരിക്കുന്നതിന്റെ തുടക്കമായേ ഈ ചിത്രത്തെ കാണാനാവൂ.

'ദിവ്യം' എന്ന പദമാണ് ഈ വര്‍ണനയിലെ സൂത്രവാക്യം. ദേവശബ്ദം പ്രകാശത്തെയാണ് സൂചിപ്പിക്കുന്നത്. പ്രകാശത്തിന്റെ പ്രതിനിധികളായി ദേവന്‍മാരെയും ഇരുളിന്റെ പ്രതിനിധികളായി അസുരന്‍മാരെയും അവതരിപ്പിച്ചത് വേദങ്ങളാണ്. അര്‍ജുനന് വേദപരിചയം സ്വാഭാവികമായും ഉണ്ട്. ലഭിക്കുന്ന ദര്‍ശനത്തിന്റെ ഊര്‍ജം പരംപൊരുളിന്റെയാണെന്നാലും അതിലെ ചായക്കൂട്ടുകള്‍ ദര്‍ശകന്റെ അവബോധത്തില്‍നിന്നല്ലേ എടുക്കാനൊക്കൂ?


(തുടരും)



MathrubhumiMatrimonial