കാഴ്ചയൊരുക്കി നിശാശലഭ ഭീമന്‍

Posted on: 07 Nov 2009

-സ്വന്തം ലേഖകന്‍




സുല്‍ത്താന്‍ബത്തേരി: നിശാശലഭ ഭീമന്മാരിലെ അപൂര്‍വയിനമായ അറ്റ്‌ലസ് മോത്ത് വിസ്മയക്കാഴ്ചയൊരുക്കി വയനാട്ടില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. നിശാശലഭങ്ങളിലെ ഏറ്റവും വലിപ്പമുള്ള ഈ ഇനത്തിന്റെ മുഖ്യസങ്കേതമാണ് വയനാട്. വലിപ്പത്തില്‍ മാത്രമല്ല, അഴകിലും മുന്നില്‍ തന്നെയാണിവര്‍. സാറ്റര്‍നിഡേയ് കുടുംബത്തില്‍പ്പെട്ട ഇതിന്റെ ശാസ്ത്രനാമം 'അറ്റാക്കസ് അറ്റ്‌ലസ്എല്‍' എന്നാണ്.

ചിറക് വിരിച്ച് നില്‍ക്കുന്ന അറ്റ്‌ലസ് മോത്തിന് 30 സെന്റീമീറ്റര്‍ വരെയാണ് വലിപ്പം. ആണിനെക്കാള്‍ വലിപ്പം പെണ്ണിനാണ്. ഇടതൂര്‍ന്ന പച്ചക്കാടുകള്‍ ഇഷ്ടപ്പെടുന്ന ഈ ഇനത്തെ ഇന്ത്യ, മലേഷ്യ, ഇന്‍ഡൊനീഷ്യ, ചൈന, തെക്കുകിഴക്കന്‍ ഏഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ഉഷ്ണമേഖലാവനങ്ങളിലാണ് കാണുന്നത്.

മുന്‍ ചിറകുകളുടെ അറ്റം വൃത്താകാരത്തോടെ വളഞ്ഞതും തവിട്ട്, മഞ്ഞ നിറങ്ങളുടെ പലതരത്തിലുള്ള ഷേഡുകള്‍ നിറഞ്ഞതുമാണ്. ചിറകിന്റെ അഗ്രഭാഗം കണ്ടാല്‍ സര്‍പ്പം പത്തിവിടര്‍ത്തിനില്‍ക്കുന്നതുപോലെയും തോന്നും. ചിറകിന്റെ അറ്റം മഞ്ഞനിറത്തിലുള്ളതാണ്. ചിറകുകളിലെ പുറം അതിന് ഇടവിട്ട കറുത്ത വരകളാലും അകവശം നേരിയ പിങ്ക് നിറത്തിലുള്ള വരകളാലും അലങ്കരിച്ചിരിക്കുന്നു.

ചിറകിന്റെ മധ്യഭാഗം ചുവപ്പുകലര്‍ന്ന നിറത്തില്‍ നേരിയ വെള്ളവരകളാല്‍ വേര്‍തിരിച്ചിരിക്കുന്നു. അതിനടുത്തായി തന്നെ ത്രികോണാകൃതിയിലുള്ള വെളുത്ത പുള്ളികള്‍, ചുറ്റും കറുത്ത വരകളോടെ കാണാം. മുന്‍ചിറകുകളുടെ തുടര്‍ച്ചയെന്നോണം പിന്‍ചിറകുകളിലും വര്‍ണങ്ങളുടെയും വരകളുടെയും സങ്കലനം കാണപ്പെടുന്നു. ജയന്‍ കുപ്പാടിയാണ് കൃഷിയിടത്തില്‍ കണ്ട ഇതിനെ ക്യാമറയില്‍ പകര്‍ത്തിയത്.



MathrubhumiMatrimonial