ശാസ്തമംഗലത്തെ ആല്‍മരങ്ങള്‍ മുറിക്കുന്നു

Posted on: 07 Nov 2009

-സ്വന്തം ലേഖകന്‍



തിരുവനന്തപുരം: ശാസ്തമംഗലം ജംഗ്ഷനിലെ ആല്‍മരങ്ങളിലും വികസനത്തിന്റെ മഴു വീഴുന്നു. ഉഗ്രഭാവം പൂണ്ട വേനലിനെ പോലും 'ഭയപ്പെടുത്തിയ' ഈ വൃക്ഷങ്ങളുടെ കടയ്ക്കല്‍ കത്തി വീഴുന്നത് ആശങ്കയോടെയാണ് പ്രദേശവാസികളും പരിസ്ഥിതി സ്‌നേഹികളും കാണുന്നത്. എന്തായാലും ഈ വൃക്ഷങ്ങളുടെ ദിനങ്ങളെണ്ണപ്പെട്ടുകഴിഞ്ഞു. ഡിസംബറില്‍ പണി പൂര്‍ത്തീകരിക്കേണ്ടതുള്ളതുകൊണ്ട് നവംബറില്‍ തന്നെ ഇവ മുറിച്ചുമാറ്റുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. മൂന്ന് വന്‍ ആല്‍മരങ്ങളാണ് ഇത്തരത്തില്‍ മുറിച്ചു നീക്കുന്നത്. ഇതില്‍ ശാസ്തമംഗലത്തിന്റെ മുഖമുദ്രയായി നിലകൊണ്ട വന്‍ആല്‍മരത്തിന്റെ 'ആസന്നമൃത്യുവാണ്' പ്രദേശവാസികള്‍ക്കും വ്യാപാരികള്‍ക്കും ഇതുവഴി കടന്നുപോകുന്ന ഓരോരുത്തരിലും വേദനപടര്‍ത്തുന്നത്.

ശാസ്തമംഗലം ജംഗ്ഷനില്‍ വര്‍ഷങ്ങളായി നിലകൊള്ളുന്ന ട്രാഫിക് ഐലന്റുകളും ഉടന്‍ ഇടിച്ചുമാറ്റും. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് ചത്വരങ്ങള്‍ ഇടിച്ചു മാറ്റുന്നത്. ഇവിടെ ട്രാഫിക് വിളക്കുകള്‍ സ്ഥാനം പിടിക്കും. സിഗ്‌നലിംഗ് സംവിധാനമുള്ളിടത്ത് ട്രാഫിക് ഐലന്റുകള്‍ ആവശ്യമില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൂടാതെ ട്രാഫിക് ഐലന്റുകള്‍ ഇടിച്ചുകളയുന്നതോടെ അധികം സ്ഥലം ലഭിക്കുമെന്നും തിരക്കേറിയ ഈ ജംഗ്ഷന് ഇത് ഗുണം ചെയ്യുമെന്നുമാണ് റോഡ്ഫണ്ട് ഉദ്യോഗസ്ഥരുടെ വാദം.

വെള്ളയമ്പലം മുതല്‍ ശാസ്തമംഗലം ശ്രീരാമകൃഷ്ണമിഷന്‍ ആസ്​പത്രിക്ക് മുന്‍വശം വരെയാണ് നഗരവികസനത്തിന്റെ ഭാഗമായി റോഡ് വികസിപ്പിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഓടകളുടെ പണിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നഗരവികസനത്തിന്റെ ഭാഗമായി വൃക്ഷങ്ങള്‍ മുറിച്ചുമാറ്റിയത് നേരത്തേ പരിസ്ഥിതി വൃക്ഷസ്‌നേഹികളുടെ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കവയിത്രി സുഗതകുമാരി ഉള്‍പ്പെടെയുള്ള പ്രമുഖരാണ് ഇക്കാര്യത്തില്‍ അന്ന് ഇടപെട്ടത്.



MathrubhumiMatrimonial