ആനപോലീസിന്റെ നിരീക്ഷണ യാത്ര

Posted on: 06 Nov 2009



സുല്‍ത്താന്‍ബത്തേരി: വനത്തിലെ നിരീക്ഷണം ശക്തമാക്കുന്നതിനായി മുത്തങ്ങ ആനക്യാമ്പിലെ താപ്പാനയെ ഉപയോഗപ്പെടുത്തിയുള്ള യാത്രയ്ക്ക് മുത്തങ്ങയില്‍ തുടക്കമായി.

മുത്തങ്ങ ആനക്യാമ്പിലെ ദിനേശന്‍, കുഞ്ചു, സൂര്യ എന്നീ താപ്പാനകളെ ഉപയോഗിക്കാനായിരുന്നു തീരുമാനം. എന്നാല്‍ സൂര്യ, കുഞ്ചു എന്നീ താപ്പാനകള്‍ മദപ്പാടിലായതുകൊണ്ട് ദിനേശനെയുമായാണ് വനപാലകര്‍ യാത്രതിരിച്ചത്. വ്യാഴാഴ്ച രാവിലെ മുത്തങ്ങ ആനത്താവളത്തില്‍ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ. രാധാകൃഷ്ണ ലാല്‍ പച്ചക്കൊടികാണിച്ചു. സംഘത്തില്‍ വനപാലകരും ആനപ്പാപ്പാന്‍മാരുമുണ്ട്. കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തിവനങ്ങള്‍വരെ പോയി മൂന്നാംദിവസം മടങ്ങിയെത്തും.

നാട്ടിലിറങ്ങുന്ന കാട്ടാനകളെ ഓടിച്ച് കാട്ടില്‍ കയറ്റുന്നതിന് വിദഗ്ധ പരിശീലനം നേടിയവരാണ് ദിനേശനും മറ്റ് രണ്ട് ആനകളും. വനപാലകര്‍ സാധാരണ സഞ്ചരിക്കാത്ത നിബിഡവനത്തിലൂടെയാണ് ദിനേശന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിക്കുന്നത്. രാത്രി വനത്തില്‍ താവളമടിക്കുന്ന സംഘം ഭക്ഷണം പാകംചെയ്ത് കഴിച്ച് അവിടെ ക്യാമ്പ് ചെയ്യും.

വന്യജീവികള്‍ക്കുള്ള തീറ്റയുടെ ലഭ്യത, വെള്ള സൗകര്യം, മറ്റ് വിവരങ്ങള്‍ എന്നിവ നിരീക്ഷണസംഘം രേഖപ്പെടുത്തും.



MathrubhumiMatrimonial