
ഗീതാദര്‍ശനം - 358
Posted on: 06 Nov 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
പോരാ. കാരണം, അപ്പോള്‍, കണ്ട ആളുടെ പ്രതികരണം രേഖപ്പെടുത്താനാവില്ല. ആ പ്രതികരണത്തിന്റെ സ്വഭാവം ഇനിയുള്ള ദര്‍ശനത്തിന്റെ കാര്യത്തില്‍ നിര്‍ണായകഘടകമാണ്. അര്‍ജുനന്റെ അവസ്ഥയെ അത് കാട്ടിത്തരുന്നു. ആ അവസ്ഥയില്‍ ശേഷം കാഴ്ചയെ മനസ്സിലാക്കാനുള്ള സൂചകങ്ങള്‍ ഉണ്ട്. അവയെന്തെന്ന് അപ്പപ്പോള്‍ നോക്കാം.
താത്ത്വികമായ അര്‍ഥതലത്തിന്റെ സമാന്തരപുരോഗതിക്കും സഞ്ജയന്റെ ഈ സാന്നിധ്യം ആവശ്യമാണ്. ഏത് ക്ഷേത്രത്തിലും അതിന്റെ ദിശാമുഖവും പരിണതിയും കണ്ടറിഞ്ഞുകൊണ്ട് ഇരിക്കുന്ന ഒരു സാക്ഷിയുണ്ട്. നമ്മളതിനെ മനസ്സാക്ഷി എന്നൊക്കെ പറയാറുണ്ട്. ഭാരതമഹാക്ഷേത്രത്തില്‍ കുരുവംശത്തിന്റെ മഹാപ്രസ്ഥാനത്തിന് സാക്ഷിയാണ് സഞ്ജയന്‍. അര്‍ഥപുരുഷാര്‍ഥം അധാര്‍മികങ്ങളായ വികാരശതങ്ങളുമായുള്ള ആത്യന്തികസമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അന്ധകാമനകളുടെ സന്തതികളോടാണ് പോര്. ഭീകരമായ അഹന്തയുടെ അവതാരവും മറ്റും അതിന് തുണയായുണ്ട്. മറുപുറത്ത് മോക്ഷപുരുഷാര്‍ഥം മാര്‍ഗദര്‍ശിയായി വര്‍ത്തിക്കുന്നു. ദുര്‍വാസനകളുടെ ജനയിതാവിനോട് ഈ സന്ദര്‍ഭത്തില്‍ മഹാക്ഷേത്രത്തിന്റെ മനസ്സാക്ഷി മിണ്ടാതിരിക്കുന്നതെങ്ങനെ? മഹത്തായ ദര്‍ശനത്തിലൂടെ മറുവശം വിജയത്തിലേക്ക് നീങ്ങുകയാണ് എന്നാണ് സൂചന.
ദുഷ്ടകാമനകളെ അടിയറവു പറയിക്കുംവരെ അര്‍ജുനന്‍ സ്വരൂപസാക്ഷാത്കാരത്തിന് യോഗ്യനല്ല. അതിനാല്‍, വിശ്വരൂപം തന്നില്‍ത്തന്നെ കാണുന്നതിനു പകരം സഖാവും വഴികാട്ടിയുമായ കൃഷ്ണനില്‍ കാണുന്നു. ഭേദബുദ്ധി ശേഷിക്കുന്നതിനാല്‍ വിശ്വദര്‍ശനത്തിലെ കാഴ്ചകള്‍ ഭൗതികസാഹചര്യങ്ങളുടെ തുടര്‍ച്ചകൂടി ആയിപ്പോകുന്നു.
അനേകവക്ത്രനയനം
അനേകാത്ഭുതദര്‍ശനം
അനേകദിവ്യാഭരണം
ദിവ്യാനേകോദ്യതായുധം
(തുടരും)





