
ഗീതാദര്‍ശനം - 356
Posted on: 02 Nov 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
നമ്മുടെ കണ്ണുകള്‍ക്ക്, അവ എത്ര തികഞ്ഞ കാഴ്ചശേഷി ഉള്ളതായാലും ക്ഷരപ്രപഞ്ചത്തിലെ കാഴ്ചകള്‍ കാണാനേ സാധിക്കൂ. ആ കഴിവുപോലും പരിമിതമാണ്. ഒരളവില്‍ ചെറിയതോ ഒരു ദൂരപരിധിക്കപ്പുറത്തുള്ളതോ കാണാന്‍ പറ്റില്ല. പരമാണുവോ അനന്തതയിലെ താരകളോ ദൃശ്യമല്ല. ഈ പരിമിതികള്‍ സൂക്ഷ്മദര്‍ശിനികളോ ദൂരദര്‍ശിനികളോ ഉപയോഗിച്ച് ഒരളവുവരെ പരിഹരിക്കാം. അപ്പോഴും പക്ഷേ, അക്ഷരപ്രപഞ്ചമെന്ന അവ്യക്തമാധ്യമത്തെ നാം കാണുന്നില്ല. നമുക്കു നിര്‍മിക്കാവുന്ന എല്ലാ ഉപകരണങ്ങളും അതിന്റെ ഉത്പന്നങ്ങളായതിനാല്‍ ഈ ഉപകരണങ്ങള്‍കൊണ്ട് അതിനെ കാണാനാവില്ല. പിന്നെയല്ലേ, അക്ഷരാതീതമെന്ന പുരുഷോത്തമനെ ഇത്തരം ഉപാധികള്‍കൊണ്ട് കാണാന്‍ പറ്റുക!
അറിവിന്റെ കണ്ണേ ഉള്ളൂ ഒരേ ഒരു പോംവഴി. ബുദ്ധിയുടെ കാഴ്ചയാണ് അറിവിന്റെ നിദാനം. അറിവെന്നത് പരമാത്മചൈതന്യത്തിന്റെ പ്രസാദമാണ്. അതുകൊണ്ടേ അതില്‍ എത്താനാവൂ. പക്ഷേ, ആ അറിവ് ഇന്ദ്രിയവൃത്തികള്ക്കാസ്പദമായ ദ്വന്ദ്വങ്ങളില്‍നിന്നും അവയില്‍നിന്നുണ്ടാകുന്ന വികാരങ്ങളില്‍നിന്നും മനസ്സിന്റെ സൃഷ്ടികളായ വാസനാസങ്കല്പങ്ങളില്‍നിന്നും മുക്തമായ ബുദ്ധിയിലെ അറിവായിരിക്കണം. ധ്യാനാവസ്ഥയില്‍ മാത്രമേ ബുദ്ധിക്ക് ആ സമനില കൈവരൂ. ആ നിലയിലേക്ക് നീ ഉയരും എന്നാണ് പറയുന്നത്. അല്ലാതെ നിനക്ക് ഞാന്‍ (നാം ചില സിനിമകളും മറ്റും കാണാന്‍ ഉപയോഗിക്കുന്ന ജാതി) ഒരു സ്‌പെഷല്‍ കണ്ണട തരാം എന്നല്ല. ആ നിലയിലേക്ക് നമ്മെ ഉയര്‍ത്തുന്നതും വാസ്തവത്തില്‍ നാംതന്നെയാണ്. അതായത്, നമ്മിലെ പരമാത്മസ്വരൂപപ്രസാദത്താലാണ്. ആത്മാവിനെ ആത്മാവുകൊണ്ട് വേണ്ടുവോളം ഉധരിച്ചാല്‍ കൈവരുന്ന ദൃഷ്ടിയാണ് ദിവ്യദൃഷ്ടി.
ഈ പദ്യം ഗുരു നിത്യചൈതന്യയതി ഇങ്ങനെ വ്യാഖ്യാനിക്കുന്നു: ''ശ്രീകൃഷ്ണനും അര്‍ജുനനും യുദ്ധഭൂമിയില്‍ രണ്ടു സേനകളുടെയും മധ്യത്തില്‍ നില്‍ക്കുകയാണ്. അവിടെ മറ്റുള്ളവരുടെ കണ്ണില്‍ ഒരു വ്യക്തി മാത്രമായിരിക്കുന്ന ശ്രീകൃഷ്ണനില്‍ അസാധാരണമായി എന്തെങ്കിലും ഒന്നിനെ അര്‍ജുനന്‍ പ്രത്യക്ഷമായി കാണുന്നുവെങ്കില്‍ അത് മറ്റുള്ളവര്‍ക്കും കാണാന്‍ കഴിയുമെന്ന് നിശ്ചയമായും പറയാം. പ്രത്യക്ഷത്തില്‍ കാണുന്നത് സ്ഥൂലചക്ഷുസ്സ് ഉപയോഗിച്ച് സ്ഥൂലവസ്തുവിനെ നോക്കുമ്പോഴാണ്. എന്നാല്‍ ഇവിടെ അര്‍ജുനന് ശ്രീകൃഷ്ണന്‍ വെളിപ്പെടുത്തിക്കൊടുക്കുന്നത് അത്യന്തം ഗുഹ്യവും അത്ഭുതകരവുമായ ലോകങ്ങളാണ്. അത് ബാഹ്യചക്ഷുസ്സുകൊണ്ട് കാണാവുന്നതല്ലെന്ന് ഭഗവാന്‍ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. അതില്‍നിന്ന് അര്‍ജുനന്‍ കാണുന്നത് മറ്റുള്ളവര്‍ക്ക് അപ്രത്യക്ഷമാണെന്ന് തീരുമാനിക്കാം. എന്നാല്‍ അര്‍ജുനന്‍ വേറൊരാളുടെ കണ്ണുകൊണ്ട് കാണുകയല്ല. അതിനാല്‍ അര്‍ജുനന് ഉണ്ടാകുന്ന ദര്‍ശനം പരോക്ഷമായിരിക്കുകയില്ല .... അര്‍ജുനന്‍ ഒന്നും അറിയാന്‍ പാടില്ലാത്ത സുഷുപ്ത്യവസ്ഥയിലുമല്ല. പിന്നീടുള്ള ഒരേയൊരു സാധ്യത അതിര്‍ത്തിയൊന്നുമില്ലാത്ത തുരീയമെന്ന നാലാമവസ്ഥയുടേതാണ്.''
(തുടരും)





