githadharsanam

ഗീതാദര്‍ശനം - 355

Posted on: 01 Nov 2009

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം



ഗുഡാകേശന്‍ എന്നാല്‍ നിദ്രയെ ജയിച്ചവന്‍. നിദ്രയും ആലസ്യവും തമോഗുണലക്ഷണങ്ങളാണ്. അറിവു നേടണമെങ്കില്‍ രണ്ടിനെയും ജയിച്ചിരിക്കണം. (ഉറങ്ങരുതെന്നല്ല, ഉറക്കത്തിന്റെ അടിമയാകരുതെന്നേ അര്‍ഥമുള്ളൂ. ഉറക്കത്തില്‍ അകപ്പെട്ടാല്‍ ഏതു മുയലും ഓട്ടപ്പന്തയത്തില്‍ ആമയോടുപോലും തോറ്റുപോകുമല്ലോ.)

എല്ലാം കാണുക, പക്ഷേ, എല്ലാം കൂടി ഒന്നായി കാണുക. എന്റെ ദേഹത്തില്‍ ജഗത്തു മുഴുവനും ഇരിക്കുന്നു. കണ്ടോളുക, വേണ്ടുവോളം. യഥാര്‍ഥ കാഴ്ചയിലേക്കുള്ള ആദ്യപടി നാനാത്വത്തെ ഏകത്വത്തില്‍ ഒന്നിച്ചു കാണുകതന്നെ.തന്റെ സഖാവായ കൃഷ്ണനാണ് അര്‍ജുനന്റെ ധ്യാനവിഷയം. ആ വിഷയം ഇപ്പോള്‍ പ്രപഞ്ചവ്യാപിയായി വികസിക്കുന്നു. ഇതേവരെ പരസ്​പരം വേറിട്ടു കണ്ടു ശീലിച്ച കാഴ്ചകളൊക്കെ ഈ ഏകകത്തില്‍ ഒരുമിച്ചു കാണപ്പെടുന്നു. കാണണമെന്ന് ആഗ്രഹമുള്ളതെല്ലാം കാണാവുന്നു. പക്ഷേ, എല്ലാം ഒന്നായി ഇരിക്കുന്നതായാണ് കാണുന്നത്.

ധ്യാനത്തിന്റെ മറ്റൊരു പടി കൂടി കയറിയിട്ടും അര്‍ജുനന്‍ ഇപ്പോഴും പ്രാപഞ്ചികമായ ബോധതലത്തിലാണ്. കണ്ണുകൊണ്ടു കണ്ടു ശീലിച്ച തരത്തില്‍ ഉള്ളതേ ശരിയായ കാഴ്ചയാവൂ എന്നുതന്നെ കരുതുന്നു. അതായത്, സ്ഥലകാലപരിമിതികളെ മറികടക്കുന്നതിനുതകുന്ന കാഴ്ചപ്പാടിലെത്തിയില്ല. ആ വഴിക്കു മുന്നേറിയാലേ ഇനിയുള്ള ചിത്രം കാണാനാവൂ.

ന തു മാം ശക്യസേ ദ്രഷ്ടും
അനേനൈവ സ്വചക്ഷുഷാ
ദിവ്യം ദദാമി തേ ചക്ഷുഃ
പശ്യ മേ യോഗമൈശ്വരം

എന്നാല്‍, നിന്റെ സ്വന്തമായ ഈ കണ്ണുകള്‍ (നേത്രമെന്ന ഇന്ദ്രിയം)കൊണ്ട് എന്നെ കാണാനാകുന്നില്ലതന്നെ. (അതിനാല്‍) നിനക്ക് ഞാന്‍ ദിവ്യദൃഷ്ടി നല്‍കാം. എന്റെ ഐശ്വരമായ യോഗത്തെ കണ്ടാലും.

ഇന്ദ്രിയങ്ങളെക്കൊണ്ട് അറിയാവുന്നതല്ല പരമാത്മസ്വരൂപം. അത് അതീന്ദ്രിയമാണ്. അതേസമയം അത് ബുദ്ധിഗ്രാഹ്യവുമാണ്. ('ബുദ്ധിഗ്രാഹ്യമതീന്ദ്രിയം' - 6, 21) സ്ഥൂലോപകരണങ്ങള്‍കൊണ്ട് സൂക്ഷ്മത്തെ ഗ്രഹിക്കാനാവില്ലെന്ന് ഉപനിഷത്തുകള്‍ പലവുരു പറയുന്നു. സൂക്ഷ്മതരങ്ങളായ ആശയങ്ങളെ ഗ്രഹിക്കാന്‍ അവയ്ക്ക് കഴിവില്ല. സൂക്ഷ്മതമമായതിനെ ഗ്രഹിക്കാന്‍ അവ തീരെ പോരാ. അതിനെ ഗ്രഹിക്കാന്‍ കഴിയുക ബുദ്ധിക്കു മാത്രമാണ്. അതിനാല്‍, ദിവ്യദൃഷ്ടി എന്നാല്‍ സൂക്ഷ്മത്തെ ഗ്രഹിക്കാന്‍ കഴിവുള്ള ജ്ഞാനക്കണ്ണ് എന്നേ അര്‍ഥമുള്ളൂ.

(തുടരും)



MathrubhumiMatrimonial