
പുഷ്‌പിത സസ്യവൈവിധ്യത്തില്‍ വയനാട് ജില്ല ഒന്നാമത്
Posted on: 29 Oct 2009
-ടി. എം. ശ്രീജിത്ത്
കല്പറ്റ: കേരളത്തില്‍ പുഷ്പിത സസ്യങ്ങളുടെ എണ്ണത്തിലും വൈവിധ്യത്തിലും വയനാട് ജില്ലയ്ക്ക് ഒന്നാംസ്ഥാനം. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ 4679 പുഷ്പിത സസ്യവര്‍ഗങ്ങളില്‍ 2034 ഇനം വയനാട്ടിലുണ്ട്. ശാസ്ത്രലോകം തിരിച്ചറിഞ്ഞതായി ഇനിയും രേഖപ്പെടുത്തിയിട്ടില്ലാത്ത മൂന്നു സസ്യങ്ങള്‍, ലോകത്തു നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമായി എന്ന് കരുതിയിരുന്ന രണ്ടു ചെടികള്‍, വയനാട്ടില്‍ മാത്രം കാണുന്ന 18 ഇനം, 175 തരം ഓര്‍ക്കിഡുകള്‍ തുടങ്ങിയവയെല്ലാം ജില്ലയിലെ ജൈവവൈവിധ്യത്തെ സമ്പന്നമാക്കുന്നു. എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഫൗണ്ടേഷന്റെ വയനാട് കേന്ദ്രം ഡയറക്ടര്‍ ഡോ. എന്‍. അനില്‍കുമാര്‍, കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വിഭാഗം മുന്‍ പ്രൊഫസര്‍ ഡോ. എം. ശിവദാസ് എന്നിവരുടെ മാര്‍ഗനിര്‍ദേശത്തില്‍ ഡോ. എം. കെ. രതീഷ് നാരായണനാണ് പഠനം നടത്തിയത്.
വയനാട്ടിലെ 2031 ചതുരശ്ര കിലോമീറ്റര്‍ വനമേഖല അടിസ്ഥാനമാക്കിയായിരുന്നു സസ്യനിരീക്ഷണം. മിലിയൂസ വയനാടിക്ക, മിലിയൂസ ഗോഖലെ, ഒബറോണിയ സ്വാമിനാഥനി എന്നിവയാണ് പുതുതായി കണ്ടെത്തിയ ചെടികള്‍. ആദ്യ രണ്ടിനങ്ങള്‍ കുറ്റിച്ചെടികളും മൂന്നാമത്തേത് ഓര്‍ക്കിഡുമാണ്. ഇവ ലോകത്ത് മറ്റൊരിടത്തു നിന്നും കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ധര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 'ഒബറോണിയ സ്വാമിനാഥനി' കണ്ടെത്തുന്നതില്‍ ഗവേഷണവിദ്യാര്‍ഥി മനു ദേവും പങ്കുവഹിച്ചു.
യൂജിനിയ അര്‍ജന്‍ഷിയ, ഹിഡിയോട്ടിസ് വയനാടന്‍സിസ് എന്നിവയാണ് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായതായി ശാസ്ത്രലോകം കരുതിയിരുന്ന ചെടികള്‍. 130 വര്‍ഷത്തിനു ശേഷമാണ് വയനാടന്‍ വനാന്തരങ്ങളില്‍നിന്ന് ഇവ വീണ്ടും കണ്ടെത്തിയത്. വയനാട്ടില്‍ രേഖപ്പെടുത്തിയ 2034 സസ്യഇനങ്ങളില്‍ 596 ഇനങ്ങള്‍ പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്നവയാണ്. ഇതില്‍ കേരളത്തിന്റെ മാത്രം സ്വത്തായ അന്‍പത്തിയൊന്‍പതും വയനാടിന്റേതുമാത്രമായ പതിനെട്ടും ഇനങ്ങളുണ്ട്.
വയനാട്ടില്‍ കാണുന്ന 138 ചെടികള്‍ വംശനാശഭീഷണി നേരിടുന്നവയാണ്. ഇത്തരം ചെടികളെക്കുറിച്ചുള്ള ആധികാരികരേഖയായ ഇന്ത്യന്‍ റെഡ് ഡാറ്റാ ബുക്കില്‍ ഇവ ഇടം പിടിച്ചിട്ടുണ്ട്.
വയനാട്ടിലെ അപൂര്‍വ സസ്യങ്ങളില്‍ 80 ശതമാനവും കുറിച്യാര്‍മല, ചന്ദനത്തോട്, വൈത്തിരി, സുഗന്ധഗിരി, ചെമ്പ്ര, വെള്ളരിമല, ബാണാസുര മല തുടങ്ങിയ നിത്യഹരിത വനമേഖലയിലാണ് കാണപ്പെടുന്നത്.
പുല്‍മേടുകള്‍ നശിപ്പിക്കുന്നതും വനവിഭവങ്ങളുടെ അധിക ചൂഷണവും വനങ്ങള്‍ തോട്ടങ്ങളാക്കി മാറ്റുന്നതും വനത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുമൊക്കെ സസ്യസമ്പത്തിനു കടുത്ത ഭീഷണിയാകുന്നുണ്ട്.




