
പാഴ്‌വസ്തുക്കളില്‍ പൂക്കുന്നത് ലക്ഷങ്ങളുടെ ബിസിനസ്; ആയിരങ്ങള്‍ക്ക് തൊഴില്‍
Posted on: 31 Oct 2009
-പി. ലിജീഷ്
വടകര: ''പഴയ പ്ലാസ്റ്റിക്, ഇരുമ്പ്, പാത്രങ്ങള്‍ എടുക്കാനുണ്ടോ...'' നാട്ടുവഴികളില്‍ പരിചിതമായ ഈ ശബ്ദങ്ങളെ വെറും ആക്രിക്കച്ചവടമെന്ന് കരുതി തള്ളാന്‍ വരട്ടെ. ലക്ഷങ്ങള്‍ പൂത്തുലയുന്ന വന്‍ 'ബിസിനസ്സാ'യി വളര്‍ന്നിരിക്കുന്നു പാഴ്‌വസ്തുമേഖല. ഇതുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നതാകട്ടെ ആയിരങ്ങള്‍. കോഴിക്കോട് ജില്ലയില്‍ മാത്രം 250ഓളം ആക്രിക്കച്ചവടസ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഓള്‍കേരള സ്‌ക്രാപ്പ് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ കണക്കുപ്രകാരം ജില്ലയില്‍ ഈ രംഗത്ത് തൊഴിലെടുക്കുന്നത് 4000ത്തോളം പേരാണ്. ജില്ലയില്‍ നിന്ന് ഒരു ദിവസം കയറ്റിപ്പോകുന്നത് 2025 ലോഡ് പാഴ്‌വസ്തുക്കള്‍. ദിവസം ഏതാണ്ട് 10 ലക്ഷത്തോളം രൂപയുടെ കച്ചവടം.
10 വര്‍ഷം മുമ്പ് ആക്രിക്കച്ചടവക്കാര്‍ക്ക് കോഴിക്കോട്ആസ്ഥാനമായി സംഘടന വരുമ്പോള്‍ 5060 കച്ചവടക്കാരേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അസോസിയേഷനില്‍ മാത്രം 220 സ്ഥാപനങ്ങളുണ്ട്. ഇതില്‍ 50 എണ്ണം വന്‍കിട കച്ചവടക്കാരാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ചെറുകിട ആക്രിക്കച്ചവടക്കാരില്‍നിന്നു സാധനങ്ങള്‍ വാങ്ങി കയറ്റി അയയ്ക്കുന്നവരാണ് ഇവര്‍. ഓരോ സ്ഥാപനത്തിലും ശരാശരി 50 പേര്‍ വരെ സാധനങ്ങള്‍ വേര്‍തിരിക്കാനായി ജോലിചെയ്യുന്നു. ഇതിലൂടെ മാത്രം 600 ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ട്. ചെറുകിട കച്ചവട കേന്ദ്രങ്ങളിലും രണ്ടു മുതല്‍ അഞ്ചുവരെ ജീവനക്കാരുണ്ട്. ഇതിനു പുറമേയാണ് ഈ കച്ചവടസ്ഥാപനങ്ങളിലെല്ലാം പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് എത്തിക്കുന്നവര്‍. 2500 പേരെങ്കിലും ഇങ്ങനെ അന്നം തേടുന്നു. ഇതില്‍ 90 ശതമാനവും തമിഴ്‌നാട് സ്വദേശികളാണ്.
ഒട്ടേറെ കച്ചവടസ്ഥാപനങ്ങളും ഇവര്‍ നടത്തുന്നുണ്ട്. വടകര താലൂക്കില്‍ മാത്രം 50 ഓളം ആക്രിക്കച്ചവട സ്ഥാപനങ്ങളുണ്ട്. ഇതില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടുകാരുടേതാണ്.
പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്നവര്‍ക്ക് രാവിലെ ആക്രി ക്കച്ചവടക്കാരാണ് പണം നല്‍കുക. ഇതുപയോഗിച്ച് ഇവര്‍ നാടുനീളെ നടന്ന് സാധനങ്ങള്‍ ശേഖരിച്ച് വൈകിട്ട് കടകളിലെത്തിക്കുന്നതാണ് രീതി. ഇരുമ്പ്, പ്ലാസ്റ്റിക്, പേപ്പര്‍, കുപ്പി, പഴയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയ്ക്കാണ് ഏറെ ഡിമാന്‍ഡ്.
ഇരുമ്പിന് ഇപ്പോള്‍ കിലോയ്ക്ക് 1213 രൂപയാണ് നല്‍കുന്നത്. ഇതിന്റെ ഇരട്ടി വിലവരെ ഒരു വര്‍ഷം മുമ്പ് ലഭിച്ചിരുന്നു. വില കുറഞ്ഞത് പാഴ്‌വസ്തു മേഖലയ്ക്കും തിരിച്ചടിയായി. ഇതുമൂലം ലക്ഷങ്ങള്‍ നഷ്ടമായ കച്ചവടക്കാരുണ്ട് പ്ലാസ്റ്റിക്കിന് 13 മുതല്‍ 15 രൂപവരെയാണ് വില. പേപ്പറിന് അഞ്ച് രൂപ, ടിന്നിന് 68, ബിയര്‍ കുപ്പിക്ക് രണ്ടു രൂപ, അല്ലാത്തവയ്ക്ക് ഒന്ന്, ഒന്നര എന്നിങ്ങനെ നീളുന്ന വിലപ്പട്ടിക.
ജില്ലയില്‍നിന്ന് ഒരു ദിവസം 50 ടണ്‍ ഇരുമ്പുവരെ കയറ്റിപ്പോകുന്നതായാണ് കണക്ക്. കാഞ്ചിക്കോട്ടേക്കാണ് ഇത് കൊണ്ടുപോകുന്നത്. കുപ്പികള്‍ ദിവസം രണ്ടു ലോഡും പ്ലാസ്റ്റിക് നാലു ടണ്ണും പേപ്പര്‍ 50 ടണ്ണും കയറ്റിപ്പോകുന്നു. കേവലം കച്ചവടമെന്നതിലുപരി ആക്രിക്കച്ചവടക്കാര്‍ ചെയ്യുന്നത് സാമൂഹികസേവനമാണെന്നാണ് ഓള്‍ കേരള സ്‌ക്രാപ്പ് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അര്‍ഷാദ് പറയുന്നത്. വീടുകളിലും മറ്റും ഉപയോഗശൂന്യമായി കിടക്കുന്ന വസ്തുക്കള്‍ കയറ്റിപ്പോകുന്നതിലൂടെ വന്‍ മാലിന്യപ്രശ്‌നമാണ് ഒഴിവാകുന്നത്. പുനരുപയോഗത്തിനായി കൊണ്ടുപോവുകവഴി പ്ലാസ്റ്റിക് മാലിന്യപ്രശ്‌നവും കുറയുന്നു. എന്നാല്‍ ഈ സേവനമാരും കാണുന്നില്ലെന്ന് അര്‍ഷാദ് ചൂണ്ടിക്കാട്ടി.
മുമ്പത്തെ അപേക്ഷിച്ച് ആക്രിക്കച്ചവടം ഇപ്പോള്‍ വളരെ കുറാവണെന്നാണ് വടകര ഐസ്‌റോഡില്‍ 20 വര്‍ഷമായി കച്ചവടം ചെയ്യുന്ന എന്‍.പി.ഇബ്രാഹിമിന്റെയും രജേന്ദ്രന്റെയും അഭിപ്രായം. സര്‍വ മേഖലയെയും പ്രതിസന്ധിയിലാക്കിയ 'സാമ്പത്തിക മാന്ദ്യ'മാണ് ഈ മേഖലയിലും വില്ലനായത്. ഇരുമ്പുവില പകുതി കുറഞ്ഞതോടെ തന്നെ നടുവൊടിഞ്ഞു. കച്ചവട സ്ഥാപനങ്ങള്‍ വര്‍ധിച്ചതും തിരിച്ചടിയായി.
കച്ചവടത്തിന്റെ വിഷമതകളും ഏറി. പഴയ ഇരുമ്പും മറ്റും കടകളില്‍ വില്‍ക്കാന്‍ കൊണ്ടുവരുന്നവരെ മനസ്സിലാക്കലാണ് പ്രധാന പ്രശ്‌നം. മോഷണ മുതലാണെങ്കില്‍ ഇത് വാങ്ങിയതിനു പിന്നീട് കച്ചവടക്കാരും കുടുങ്ങും.




