കാലാവസ്ഥാമാറ്റം പുതിയ കീടങ്ങള്‍ക്ക് കാരണമാകാമെന്ന് വിദഗ്ധര്‍

Posted on: 31 Oct 2009

-കെ.എസ്.സുമേഷ്‌



കോട്ടയം: റബ്ബറിന് പുതിയ കീടങ്ങള്‍ ഉണ്ടാകാനുള്ള പ്രധാനകാരണം കാലാവസ്ഥമാറ്റവും അതുമൂലം അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വ്യതിയാനവുമാകാമെന്ന് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

കാലാവസ്ഥാ വ്യതിയാനംമൂലം കനത്ത മഴയും കടുത്ത ചൂടും ഉണ്ടാകുന്നു. മഴദിനങ്ങള്‍ കാര്യമായി കുറയുന്നു. ഇത്തരം മാറ്റങ്ങള്‍ പുതിയ കീടങ്ങള്‍ക്കും ഫംഗല്‍ ബാധയ്ക്കും കാരണമാകാം. കോട്ടയം അരീപ്പറമ്പില്‍ റബ്ബര്‍തോട്ടത്തില്‍ പുതിയ ഇനം കീടത്തെ കണ്ടെത്തിയ സാഹചര്യത്തിലാണ് വിദഗ്ധരുടെ ഈ നിഗമനം.

അരീപ്പറമ്പിലെ തോട്ടത്തില്‍ കണ്ടെത്തിയ ഇനം കീടത്തെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ റബ്ബര്‍ ബോര്‍ഡ് തുടരുകയാണ്. ഇപ്പോള്‍ ഓറഞ്ച് നിറത്തിലുള്ള കവചത്തില്‍ ലാര്‍വ രൂപത്തിലാണ് കീടത്തെ കണ്ടെത്തിയത്. ഇതിന്റെ ഈച്ചയെ കണ്ടെത്താന്‍ റബ്ബര്‍ബോര്‍ഡ് അധികൃതര്‍ ശ്രമം തുടരുകയാണ്.

ഗാളീച്ചയുടെ വംശത്തില്‍പ്പെട്ടതാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. 'സിസിഡോമൈഡേ' എന്ന കുടുംബത്തില്‍പ്പെടുന്ന കീടമാണിത്. ഇതിനെ തിരിച്ചറിയാന്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (കെ.എഫ്.ആര്‍.ഐ), കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണി കാമ്പസ് എന്നിവിടങ്ങളിലെ വിദഗ്ദ്ധരുടെ സഹായം തേടാന്‍ റബ്ബര്‍ബോര്‍ഡ് ശ്രമിച്ചുവരികയാണ്.

നീര് ഊറ്റിക്കുടിക്കുന്ന കീടങ്ങളെ തുരത്താനായി ഉപയോഗിക്കുന്ന റോഗര്‍, മോണോക്രോട്ടോഫോസ് തുടങ്ങിയ വിഷങ്ങള്‍ ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും ഇതിന്റെ രൂക്ഷഗന്ധവും കാഠിന്യവും മൂലം പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് റബ്ബര്‍ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍ പറഞ്ഞു. ആശങ്കപ്പെടേണ്ട കാര്യം ഇപ്പോഴില്ലെന്നും അപകടകാരിയല്ല പുതിയ കീടമെന്നുമാണ് പ്രാഥമിക നിഗമനം-അദ്ദേഹം പറഞ്ഞു.

അരീപ്പറമ്പില്‍ ആദ്യത്തേത് കൂടാതെ സമീപത്തെ രണ്ടു തോട്ടത്തിലും പുതിയ കീടബാധ കണ്ടെത്തിയിട്ടുണ്ട്.



MathrubhumiMatrimonial