githadharsanam

ഗീതാദര്‍ശനം - 354

Posted on: 30 Oct 2009

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം


പൗരാണികസങ്കല്പങ്ങളുടെ ഈ ഉയിര്‍പ്പുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? മനുഷ്യരുടെ സങ്കല്പത്തില്‍ ഉള്ളത് പ്രപഞ്ചത്തിലെ ഉണ്മതന്നെയാണ്. ഈ പ്രപഞ്ചംതന്നെ പരംപൊരുളിന്റെ സങ്കല്പനഫലമാണെന്നു പറയാറുണ്ട്. സങ്കല്പമില്ലാതെ യാഥാര്‍ഥ്യം ജനിക്കില്ല. സങ്കല്പം ബീജവും യാഥാര്‍ഥ്യം വൃക്ഷവുമാണ്. എല്ലാ വിത്തുകളും വൃക്ഷങ്ങളാകാറില്ല. എന്നുവെച്ച് അവ വിത്തുകളല്ലാതാകുന്നില്ല. സത്യത്തില്‍, മനുഷ്യരായ നമ്മുടെ ജീവിതത്തെ നയിക്കുന്നത് നമുക്കു ചുറ്റുമുള്ള യാഥാര്‍ഥ്യങ്ങള്‍ എന്നതിലേറെ നമ്മുടെ മനസ്സില്‍ ആഴത്തിലിരിക്കുന്ന സങ്കല്പങ്ങളാണ്.

ധ്യാനത്തിന്റെ പാതയിലെ ഘട്ടങ്ങളെ വിശദീകരിക്കാനും ഈ ചിത്രപ്രദര്‍ശനം പ്രയോജനപ്പെടുന്നു. വികാരങ്ങളെ നിയന്ത്രിച്ച്, ചിന്തകളെയും അതിജീവിച്ചാല്‍ പിന്നെ മനസ്സില്‍ ശേഷിക്കുന്നത് ആദിമവിശ്വാസങ്ങളുമായി ബന്ധപ്പെട്ട സങ്കല്പചിത്രങ്ങളാണ്. അവ യാഥാര്‍ഥ്യങ്ങളായി ഉയിര്‍ക്കുന്നു. ഇവിടത്തെ പുരാണങ്ങളുമായി ബന്ധമുള്ളതിനാല്‍ അര്‍ജുനന്‍ ഇപ്പറഞ്ഞ കഥാപാത്രങ്ങള്‍ മനസ്സില്‍ ഉയിര്‍ക്കുന്നതായി കാണുന്നു. വേറൊരു നാട്ടിലും പരിതഃസ്ഥിതിയിലുമുള്ള മധൊരു പ്രാഗ്‌രൂപസംഹിതയുമായി പരിചിതനായ ആളാണ് ധ്യാനിക്കുന്നതെങ്കില്‍ വേറെ തരം ചിത്രങ്ങളാവും മൂര്‍ത്തരൂപം കൈക്കൊള്ളുക.

ആത്മസ്വരൂപസ്​പര്‍ശം സാധിക്കാന്‍ ഈ പ്രാരംഭഘട്ടത്തെ തരണം ചെയ്യണം. പോയിപ്പോയി ശുദ്ധബോധത്തില്‍ എത്തിയേ തീരൂ. അങ്ങോട്ടു വഴി തിരിക്കാനുള്ള ദൃശ്യങ്ങളാണ് ഇനി വരുന്നത്. അവയും വഴിയോരക്കാഴ്ചകളാണെന്ന് നേരത്തേക്കൂട്ടി ധരിച്ചുവെക്കുന്നത് നന്ന്. എന്തെന്നാല്‍, വിശ്വരൂപദര്‍ശനത്തിന്റെ പരമമായ സാഫല്യം രൂപരഹിതവും സമവസ്ഥിതവുമായ പരംപൊരുളിനെ കണ്ടെത്തലാണ്.

ഇഹൈകസ്ഥം ജഗത് കൃത്സ്‌നം
പശാദ്യ സചരാചരം
മമ ദേഹേ ഗുഡാകേശ
യച്ചാന്യദ്ദ്രഷ്ടുമിച്ഛസി

ഹേ ഗുഡാകേശാ, സകല ചരാചരങ്ങളും ഉള്‍പ്പെടെ ഈ ജഗത്ത് മുഴുവനും ഇനി മറ്റുവല്ലതും നീ കാണാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതെല്ലാതും എന്റെ ദേഹമാകുന്ന ഏകകത്തില്‍ ഇവിടെ ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത് കണ്ടുകൊള്ളുക.

(തുടരും)



MathrubhumiMatrimonial