
ഗീതാദര്‍ശനം - 353
Posted on: 29 Oct 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
പരമാത്മാവിന്‍െര നൂറായിരക്കണക്കിലുള്ള വിവിധരൂപങ്ങളാണ് ആദ്യമേ കാണാവുന്നത്. അതായത് അനന്തവിസ്തൃതമായ ക്ഷരപ്രപഞ്ചത്തിലെ എണ്ണമറ്റ ഉരുവങ്ങള്‍. കണ്ണു തുറന്ന് ചുറ്റും നോക്കിയാല്‍ ആര്‍ക്കും കാണാവുന്നവതന്നെ. കാഴ്ചയുടെ ഭൗതികപരിമിതിയാല്‍ നന്നേ ചെറുതും ഏറെ ദൂരെ ഉള്ളതും കാണാനാവില്ലെന്നു മാത്രം. എല്ലാം ദിവ്യമാണ്, അഥവാ പരമാത്മപ്രകാശത്താല്‍ രൂപപ്പെട്ട് നിലനില്‍ക്കുന്നവയാണ്. എണ്ണമറ്റ നാമരൂപങ്ങള്‍ നിലവിലുണ്ട്. അവയ്ക്ക് നാനാനിറങ്ങളും ആകൃതികളും അവയവങ്ങളും ഉണ്ട്.
പ്രപഞ്ചപരിണാമത്തിന്റെ ത്രിമാന ആനിമേഷന്‍ പ്രൊജക്ഷന്‍ തുടങ്ങുന്നു. ഇപ്പോഴത് വാസ്തവികലോകത്തിന്റെ സര്‍വതലസ്പര്‍ശിയായ നിശ്ചലചിത്രമായി ഇരിക്കുന്നു. 'ഇത് ആര്‍ക്കും ചുറ്റും നോക്കിയാല്‍ കാണാവുന്നതല്ലേ, ഇതാണോ ഇത്ര വലിയ വിശ്വരൂപം!' എന്നു തോന്നുന്നെങ്കില്‍ ഒരു നിമിഷം ക്ഷമി
ക്കുക.
പശ്യാദിത്യാന്‍ വസൂന്‍ രുദ്രാന്‍
അശ്വിനൗ മരുതസ്തഥാ
ബഹൂന്യദൃഷ്ടപൂര്‍വാണി
പശ്യാശ്ചര്യാണി ഭാരത
ആദിത്യന്‍മാരെയും വസുക്കളെയും രുദ്രന്‍മാരെയും അശ്വിനീദേവന്മാരെയും മരുത്തുക്കളെയും കണ്ടാലും. അതുപോലെ, മുന്‍പു കണ്ടിട്ടില്ലാത്ത പല ആശ്ചര്യങ്ങളും, ഹേ ഭാരതാ, നീ കണ്ടുകൊള്‍ക.
അപൂര്‍വക്കാഴ്ചകളുടേതാണ് രണ്ടാമത്തെ നിശ്ചലചിത്രം. അതില്‍ അര്‍ജുനന് അന്നോളം ഉടലാര്‍ന്നു കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത പൗരാണികസങ്കല്പങ്ങള്‍ അണിനിരക്കുന്നു. ആദിത്യന്മാര്‍, അശ്വിനീദേവന്മാര്‍, വസുക്കള്‍, രുദ്രന്‍മാര്‍, മരുത്തുക്കള്‍ എന്നിങ്ങനെ ഭാരതത്തിലെ പുരാണപ്രസിദ്ധരായ ആദികഥാപാത്രങ്ങളെല്ലാം സന്നിഹിതരായിരിക്കുന്നു. അതിന്റെ കൂടെ അത്രതന്നെയോ അതിലേറെയോ ആശ്ചര്യകരങ്ങളായ അനേകം കാഴ്ചകള്‍ വേറെയും ഉണ്ട്.
(തുടരും)





